ഭാവിയിൽ കേരളത്തിലെ വീടുകൾ ഇങ്ങനെയാകാം: 3 മാസത്തിൽ പണിയാം, അഴിച്ചെടുത്തുവിറ്റാൽ കാശ്! പ്രചാരമേറി ടെക്നോളജി
Mail This Article
ഭാവി കേരളത്തിന്റെ കെട്ടിടനിർമാണരീതി എന്നു വിശേഷിപ്പിക്കുന്ന LGSFS (Light Gauge Steel Frame Structure) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വീടുകൾക്ക് കേരളത്തിൽ പ്രചാരമേറുന്നു. കോൺക്രീറ്റ് ഒഴിവാക്കി സ്റ്റീൽ ഫ്രയിമും ഫൈബർ സിമന്റ് ബോർഡുകളും ഉപയോഗിക്കുന്ന രീതിയാണിത്. ഇതിനെക്കുറിച്ച് കൂടുതലറിയാം.
നിർമാണ രീതി
അടിത്തറ കെട്ടിയ ശേഷം Ligth Gauge Steel Frame കൊണ്ട് പ്ലാൻ പ്രകാരം ചട്ടക്കൂട് പണിയുന്നു.
ഇതിൽ ഫൈബർ സിമന്റ് പാനലുകൾ സ്ക്രൂ ചെയ്തു ഘടിപ്പിച്ച് ഭിത്തി നിർമിക്കുന്നു.
മേൽക്കൂരയും ഇതേപോലെ ട്രസ് ചെയ്ത് ഫൈബർ സിമന്റ് ബോർഡ് ഘടിപ്പിക്കുന്നു. മുകളിൽ ഭംഗിക്ക് ഓടോ ഷിംഗിൾസോ വിരിക്കുന്നു.
അകത്തളങ്ങൾ ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ട് വേർതിരിക്കുന്നു.
ഭിത്തി വെട്ടിപ്പൊളിക്കേണ്ടാത്തതിനാൽ വയറിങ്, പ്ലമിങ് കൺസീൽഡ് ശൈലിയിൽ എളുപ്പമായി ചെയ്യാം.
LGSFS- സവിശേഷതകൾ
ഭാരം കുറഞ്ഞ നിർമിതിയാണിത്. അതിനാൽ ബേസിക് ഫൗണ്ടേഷൻ മാത്രം മതിയാകും.
മൂന്നു മാസം കൊണ്ട് കുറച്ചു പണിക്കാരെ ഉപയോഗിച്ച് വീട് പൂർത്തിയാക്കാം. ഇതേ ചതുരശ്രയടിയിൽ കോൺക്രീറ്റ് വീട് പണിയുന്നതിന്റെ ഏകദേശം പകുതി ചെലവ് മാത്രമേ ആകുന്നുള്ളൂ.
കോൺക്രീറ്റ് വീടിനെപ്പോലെ ക്യുറിങ് ആവശ്യമില്ലാത്തതിനാൽ, വാർക്കലിന് ശേഷം വെള്ളമൊഴിക്കൽ തുടങ്ങിയ പരിപാടികൾ ഒഴിവാകുന്നു.
പരിസ്ഥിതി സൗഹൃദം, ആവശ്യമെങ്കിൽ അഴിച്ചെടുക്കാം, അകത്തളങ്ങൾ പരിഷ്‌കരിക്കാം , മറ്റൊരിടത്ത് പുനർപ്രതിഷ്ഠിക്കാം.
നിർമാണ സാമഗ്രികളുടെ വേസ്റ്റേജ് ഇല്ല, സ്റ്റീലിന്റെ വില ഉയരുന്നതിനാൽ റീസെയിൽ വാല്യൂ ഉറപ്പ്.
ഭൂകമ്പം, തീപിടിത്തം എന്നിവയെ പ്രതിരോധിക്കുന്നു.
ചുവരുകളുടെ കനം കുറയുന്നതുവഴി 1000 sqft എടുത്താൽ 100 sqft കാർപ്പറ്റ് ഏരിയ അധികമായി ലഭിക്കുന്നു.
മികച്ച ഊർജക്ഷമത; തെർമൽ ഇൻസുലേഷൻ ഉള്ളതിനാൽ അകത്ത് ചൂട് കുറവ്.