ADVERTISEMENT

പയ്യാമ്പലം ബീച്ചിൽനിന്നും ഏറെ അടുത്താണ് മാത്യു അങ്കിളിന്റെ വീട്, നേവിയിൽ നിന്നും പെൻഷൻ പറ്റിയ അങ്കിളിന്റെ രണ്ടു മക്കളും വിദേശത്താണ്, നിലവിൽ അങ്കിളും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്.

സൈറ്റ് സന്ദർശനവുമായി കണ്ണൂർ ഭാഗങ്ങളിൽ ചുറ്റിത്തിരിയുമ്പോൾ ഞാൻ മിക്കവാറും താമസിക്കാറുള്ളത് അങ്കിളിന്റെ വീട്ടിലാണ്. ഇനി അഥവാ അങ്കിളിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ബീച്ചിനടുത്തുതന്നെയുള്ള, ബാങ്കിൽ നിന്ന് വിആർഎസ് എടുത്ത് വിശ്രമജീവിതം നയിക്കുന്ന സതീശേട്ടന്റെ  വീട്ടിൽ താമസിക്കും. എന്നാൽ ഈ പറയുന്ന മാത്യു അങ്കിളോ സതീഷേട്ടനോ  എന്റെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഒന്നുമല്ല. ഹോം സ്റ്റേ നടത്തുന്നവരാണ്.

മക്കളും, പേരമക്കളും ഒക്കെയായി ഒരുമിച്ചു താമസിക്കാം എന്ന പദ്ധതിയിൽ ഇവരെല്ലാം വലിയ വീട് വച്ചു. അത് അപ്രായോഗികമാണ് എന്ന് കാലം തെളിയിച്ചപ്പോൾ അവരെല്ലാം അതിന്റെ പുതുസാധ്യതകൾ തേടി, വീടിന്റെ ഒരുഭാഗം ഹോംസ്റ്റേ ആയി പരിവർത്തനപ്പെടുത്തി, അതുവഴി വരുമാനം നേടുന്നു, റിട്ടയർമെന്റ് നാളുകളിലെ വിരസത ഒഴിവാക്കുന്നു. ഒരു വെടിക്ക് രണ്ടു പക്ഷി.

homestay-kerala
Image Generated through AI Assist

കേരളത്തിൽ വീട് പണിയുന്ന ഒരു ശരാശരി മലയാളി നേരിടുന്ന വലിയൊരു ചോദ്യമാണ് എത്ര കിടപ്പുമുറികൾ വേണം എന്നുള്ളത്.

രണ്ട് ..? മൂന്ന്..? നാല് ..?

രണ്ട് കിടപ്പുമുറികൾ ഉള്ള വീടുകൾ വേണ്ടുന്നവർ പൊതുവെ കുറവാണ്, മൂന്നിനും നാലിനുമാണ് കൂടുതൽ ആവശ്യക്കാർ.അപ്പോൾ മൂന്നെണ്ണം വേണമോ, അതോ നാലെണ്ണം വേണമോ എന്നതിലാണ് ആശയക്കുഴപ്പം.

ഇനിയങ്ങോട്ട് ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നകുലൻ ശ്രദ്ധിച്ചു കേൾക്കണം. നമ്മുടെ വീടുകളിലെ എല്ലാ കിടപ്പുമുറികളും എല്ലാ കാലത്തും എല്ലാവരും ഉപയോഗിക്കുന്നില്ല. മിനിമം ഏതാണ്ടൊരു നാലഞ്ച് വയസ്സുവരെ കുട്ടികൾ ഉറങ്ങുന്നത് മാതാപിതാക്കൾക്കൊപ്പം ആയിരിക്കും.

ഏതാണ്ടൊരു പ്ലസ്ടു കാലഘട്ടത്തോടെയോ, ബിരുദപഠനത്തിന്റെ കാലഘട്ടത്തോടെയോ കുട്ടികൾ കോളജ് ഹോസ്റ്റലുകളിലേക്കോ, ഇപ്പോൾ വിദേശത്തേക്കോ ചേക്കേറുന്നു. തദ്ദേശീയമായി പഠനം പൂർത്തീകരിക്കുന്ന കുട്ടികൾ ജോലിസംബന്ധമായി താമസം മാറുമ്പോൾ വിദേശത്തു പഠിക്കുന്ന കുട്ടികൾ അവിടെത്തന്നെ ജോലി നേടുന്നു.

പിന്നെ ഇവരെല്ലാം നാട്ടിലേക്ക് വരുന്നത് ആണ്ടിൽ ശരാശരി ഒരുമാസത്തിൽ താഴെയാണ്. അതിൽത്തന്നെ  മക്കൾ എല്ലാവരും കൂടി ഒരുമിച്ചു വരുന്നതും വിരളമാണ്. വല്ല വിവാഹം, മരണം പോലെയുള്ള അവസരങ്ങളിലാണ് ഇവരെല്ലാം പിന്നീട് ഏറിയാൽ ഒന്നോ രണ്ടോ ആഴ്ച  ഒത്തുകൂടുന്നത്. അതുപോലെയാണ് പ്രായമായ മാതാപിതാക്കൾ. കാലത്തിന്റെ വിളിക്ക് അവരും ഉത്തരം നൽകിയേ പറ്റൂ. ഈ സത്യം നമ്മൾ ഉൾക്കൊണ്ടേ പറ്റൂ. അതിനനുസരിച്ചാവണം നമ്മുടെ വീടുകളുടെ ഘടന, പ്ലാനിങ്. ഈ പ്രശ്നത്തെയാണ് വളരെ ബുദ്ധിപൂർവം മാത്യു അങ്കിളും, സതീശേട്ടനും ഒക്കെ തരണം ചെയ്തത്, ഉപയോഗപ്പെടുത്തിയത്.

വീടിന്റെ ഒന്നാം നിലയിലെ രണ്ട് റൂമുകളെയാണ് ഈ രണ്ടുപേരും ഹോം സ്റ്റേകൾ ആയി മാറ്റിയെടുത്തത്, അതുവഴി ക്രിയാത്മകമാവുന്നത്, വരുമാനം നേടുന്നത്. മക്കളോ, ബന്ധുക്കളോ വരുന്ന ദിവസങ്ങളിൽ അവർ അതിഥികളെ സ്വീകരിക്കില്ല, പ്രശ്നം സോൾവ്ഡ്.

നാല് ബെഡ് റൂമുകൾ നിർമിക്കുന്ന മിക്ക ആളുകളോടും ഞാൻ ചർച്ച ചെയ്യാറുള്ള ഒരു സാധ്യതയാണിത്, ഒട്ടേറെ പേര് ഈ രീതിയിൽ ഡിസൈൻ പുനഃക്രമീകരിച്ചിട്ടുമുണ്ട്. തീർഥാടന കേന്ദ്രങ്ങൾ, ടൂറിസ്റ്റ് സ്പോട്ടുകൾ എന്നിവിടങ്ങളോടനുബന്ധിച്ച സ്ഥലങ്ങളിൽ ഇതിനുള്ള സാധ്യത ഏറെയാണ്. ദിവസാടിസ്ഥാനത്തിൽ ഉള്ള അതിഥികൾ ആണ് ഇത്തരം ഇടങ്ങളിൽ കൂടുതലായി എത്തുന്നത്. എന്നാൽ ഗ്രാമങ്ങളിൽ മാസവാടകക്കാർക്കാണ് സാധ്യത. തൊട്ടടുത്ത പട്ടണങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ ഒറ്റക്കോ, കുടുംബമായോ ഇത്തരം താമസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. 

എന്നാൽ നമ്മുടെ സ്വച്ഛമായ ഗ്രാമങ്ങളിൽ പോലും യൂറോപ്പിൽ നിന്നൊക്കെയുള്ള ഓൺലൈൻ ആയി ജോലി ചെയ്യുന്ന ആളുകൾ മാസങ്ങളോളം വന്നു താമസിക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കണം.

ആ സാധ്യതയെ ഉപയോഗപ്പെടുത്തണം. ഇനി, ഇത്തരം അതിഥികൾക്കുള്ള ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യും എന്നായിരിക്കും അടുത്ത ടെൻഷൻ. കുറച്ചുകാലം മുൻപുവരെ ഇതൊരു തലവേദന ആയിരുന്നു. എന്നാൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമുകൾ വ്യാപകമാവുകയും, ചെറുഹോട്ടലുകൾ പോലും വീടുകളിൽ ഭക്ഷണം എത്തിച്ചു തരുകയും ചെയ്യുന്ന രീതി വ്യാപകമായതോടെ കേരളത്തിൽ തെങ്ങിന്റെ മണ്ടയിൽ വരെ സുഭിക്ഷമായ ഭക്ഷണം കിട്ടുന്നുണ്ട്.

എന്നാൽ എന്താണ് ഇത്തരം ഒരു രീതി അവലംബിക്കാൻ നമ്മുടെ വീടുകളുടെ പ്ലാനിങ്ങിൽ നാം വരുത്തേണ്ട മാറ്റങ്ങൾ എന്ന് ചോദിച്ചാൽ ചെറിയ ചില കാര്യങ്ങൾ ഉണ്ട്. ഹോംസ്റ്റേകൾ നടത്തുമ്പോൾ മുറികൾക്കും ടോയ്‌ലെറ്റുകൾക്കും ഉണ്ടായിരിക്കേണ്ടുന്ന ചില നിബന്ധനകൾ സർക്കാർ അനുശാസിക്കുന്നുണ്ട്, അത് നടപ്പാക്കണം.

ആ റൂമിൽ വേണ്ടുന്ന വാർഡ്രോബുകളോ,  ടിവിയോ, ഒരു മേശയോ, കസേരയോ ഒക്കെ വേണം. മൊത്തത്തിൽ വൃത്തിയുള്ള ഒരു അന്തരീക്ഷവും മാന്യമായ കളർ തീമും വേണം. മാലിന്യം ശേഖരിക്കാനുള്ള വൃത്തിയുള്ള സംവിധാനം ഒരുക്കണം.

മുകളിലേക്കെത്താനുള്ള ഗോവണി അൽപം വിശാലത തോന്നിക്കുന്ന വിധത്തിൽ ഉള്ളതായിരിക്കണം, ഈ ഗോവണി തന്നെ അകത്തുള്ളവർക്കും, അതിഥികൾക്കും ഒരേപോലെ പ്രൈവസിയോടെയും, സുരക്ഷിതത്വത്തോടെയും ഉപയോഗിക്കും വിധം പ്ലാൻ ചെയ്യാം. ഒന്നോ രണ്ടോ കാറുകൾ കയറ്റിയിടാനുള്ള സ്ഥലം കണ്ടെത്തണം. അതിഥികൾക്ക് റൂമിൽനിന്നും പുറത്തിറങ്ങി പത്രം വായിക്കാനോ ചായ തിളപ്പിക്കാനോ ആയി ചെറിയൊരു ഹാൾ ഉണ്ടായാൽ നന്നായി. ഓപ്പൺ ടെറസിൽ രണ്ട് പ്ലാസ്റ്റിക്ക് കസേരയോ, അൽപം ചെടികളോ ഒക്കെ ഉണ്ടായാൽ ഭേഷായി. 

അതായത് ഒന്നാലോചിച്ചാൽ കാര്യമായി ഒരു ചെലവും ഇല്ലാതെ നമ്മുടെ ഒക്കെ വലിയൊരു ശതമാനം വീടുകളും ഈ വിധത്തിൽ മാറ്റിയടുക്കാം, അല്ലെങ്കിൽ ഇതൊക്കെ വലിയ തലവേദന ഒന്നും ഇല്ലാതെതന്നെ പണിയാൻ പോകുന്ന വീടിന്റെ പ്ലാനിൽ ഉൾപ്പെടുത്താം. അതിനനുസരിച്ചു ജീവിതം പ്ലാൻ ചെയ്യാം.

വീട് എന്നത് മനഃസമാധാനത്തോടെയുള്ള ജീവിതത്തിനു വേണ്ടിയാണ്, അത് സംബന്ധിച്ച ആവശ്യങ്ങൾക്കായിരിക്കണം അതിന്റെ രൂപകൽപനയിൽ മുൻ‌തൂക്കംനൽകപ്പെടേണ്ടത്. അതിൽ നിന്നും  മാറി, മറ്റുള്ള ആളുകളെ കാണിക്കാനോ, എന്നെങ്കിലും വന്നു കയറുന്ന ആരുടെയൊക്കെയോ അഭിപ്രായത്തിനു വേണ്ടിയോ ഒക്കെ അത് നിർമിക്കപ്പെടുമ്പോഴാണ് അത് പിൽക്കാലത്ത് ഒരു ബാധ്യതയായി മാറുന്നത്. അതുപോലെ വീട് എന്നത് വ്യക്തിത്വത്തിന്റെ കൈയൊപ്പാണ്, ബാങ്ക് ബാലന്സിന്റെ പ്രദർശനമല്ല. സ്വന്തം കീശയ്ക്കിണങ്ങുന്ന, ഉറപ്പും, സൗകര്യവും, ഭംഗിയും ഉള്ള ചെറുവീടുകൾ സ്വപ്നം കാണുന്ന എല്ലാ കിനാശേരിക്കാർക്കും എന്റെ പുതുവത്സരാശംസകൾ.

*** 

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌ email- naalukettu123@gmail.com

English Summary:

Big Vacant House Turned into Homestay for Revenue- Future Model

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com