കേരളത്തിലെ അടുക്കള മാറി; ഇനി സ്റ്റെയർകേസിലും വരണം ഈ മാറ്റങ്ങൾ

Mail This Article
കേരളത്തിൽ കാലങ്ങളായി വീടിന് പുറകിൽ ഒളിഞ്ഞിരുന്ന അടുക്കളകൾ ഭിത്തി പൊളിച്ച് പുറത്തേക്ക് വന്നു കഴിഞ്ഞു. ഓപൺ കിച്ചനാണ് ഇപ്പോൾ ട്രെൻഡ്. അതൊരു മാറ്റമാണ്. അടുക്കളയ്ക്ക് സ്വകാര്യത ആവശ്യമില്ലെന്ന ചിന്തയും അടുക്കളയിൽ ജോലി ചെയ്യുന്നത് ആരും കാണാതെ ചെയ്യേണ്ട ജോലിയല്ലെന്നുമുള്ള തിരിച്ചറിവ് എന്തുകൊണ്ടും നല്ലതുതന്നെ.

ധനലാഭം, മനുഷ്യ സൗഹൃദം, ശിശുപരിപാലനം, പാചക സമയത്ത് വീട്ടിലുള്ളവരോട് സംസാരിക്കാനുള്ള സാധ്യത, പിന്നെ പുതുമ അങ്ങനെ ഒട്ടേറെ കാരണങ്ങളുണ്ട് സ്വീകാര്യതയ്ക്ക് പുറകിൽ.
അടുക്കള പോലെ തന്നെ ഗോവണികളും കാലാനുസൃതമായി മാറ്റത്തിന് വിധേയമാകണം എന്നാണ് എന്റെ അഭിപ്രായം.
ഇപ്പോഴും പല പ്ലാനിലും കാണുന്നപോലെ ഗോവണിയെ ഒരു കൂട്ടിനകത്താക്കുന്ന ഡിസൈൻ അങ്ങേയറ്റം മുഷിഞ്ഞിരിക്കുന്നു എന്ന് പറയാതെ വയ്യ. ഗോവണി കേറുന്നതും ഇറങ്ങി വരുന്നതും സ്വകാര്യമാവണം എന്ന ചിന്തയും ഗോവണി ഭാഗം ഉയർത്തി മേൽക്കൂര പണിയേണ്ടി വരുന്നതിനാലും സംഭവിച്ച ആചാരമാണിത്.
അതിനൊക്കെ പ്രതിവിധികൾ വന്നു കഴിഞ്ഞു. ഗോവണിയെ ഒരു തുറസ്സിലേക്ക് കൊണ്ടുവരേണ്ടത് ഡിസൈനിങ്ങിൽ സംഭവിക്കണം. പല ഗുണങ്ങളുണ്ടതിന്.
ഗോവണി നല്ലൊരു ജ്യോമട്രിക്കൽ ഒബ്ജക്റ്റായി സൗന്ദര്യം സൃഷ്ടിക്കുന്നു എന്നതാണ് പ്രധാനം. നല്ലൊരു അലങ്കാരമാകുന്നു. വേണ്ടിവന്നാൽ പലനിലകളുള്ള ഇരിപ്പിടങ്ങളായും ഉപയോഗിക്കാം. മറ്റൊന്ന് രഹസ്യാത്മകത ഇല്ലാതാവുന്നു.
അടുക്കള, ഡൈനിങ്, ലിവിങ്, അങ്ങനെ എല്ലായിടത്തു നിന്നും കാണാവുന്ന തരത്തിലായാൽ കൂടുതൽ വിനിമയം ചെയ്യുന്ന ഇടമാക്കാൻ സാധിക്കും. അതിനായി കേറുന്ന / ഇറങ്ങുന്നവരുടെ വശക്കാഴ്ച കിട്ടുന്ന തരത്തിൽ ഗോവണി ഡിസൈൻ ചെയ്യുന്നതാണ് ഉചിതം.

ഗോവണി ഉപയോഗിക്കുന്നവരുടെ പിൻഭാഗം / മുൻഭാഗം കാണുന്ന തരത്തിൽ ഡിസൈൻ ചെയ്യുന്നത് അനുചിതമാണ്. മറ്റൊരു കാര്യമുള്ളത്, ഇന്നത്തെ കാലത്ത് പണ്ടത്തേതു പോലെ പടികൾക്ക് 17.5 സെന്റിമീറ്റർ ഉയരം കൊടുക്കാതിരിക്കുക. കൊടുമുടി കേറുന്ന പ്രതീതിയായിരിക്കും ഉണ്ടാവുക. നല്ല കടുപ്പമായിരിക്കും നടന്നുകയറാൻ.
ഈ വർഷം കേരളത്തിൽ പണിയാൻ പോകുന്ന വീടുകൾക്ക് നല്ല ഗോവണി ഡിസൈനുകളുണ്ടാവട്ടെ എന്നാശംസിക്കുന്നു. ഗോവണികൾ കേറാനും ഇറങ്ങാനും മാത്രമുള്ള ഒരു സഹായി മാത്രമാക്കാതിരിക്കുക. ഗോവണി അതൊരു സൗന്ദര്യ ഘടകം കൂടിയാണ് ഏത് വീടിനും. എന്നാൽ അതിൽ ഒരുപാട് പണം കളയേണ്ടതുമില്ല എന്നോർക്കുക.