മുഷിഞ്ഞ വീട്, മുന്തിയ ജീവിതം: ലൈഫ് ആസ്വദിക്കണം; അഭിരുചികൾ മാറുന്ന മലയാളി

Mail This Article
വീട് മുഷിഞ്ഞു. ഭിത്തിയിലൊക്കെ പായൽ നിറം. അകത്തും നിറം മങ്ങിയിട്ടുണ്ട്. വീട് പെയിന്റടിക്കാൻ സമയമായി. അഭ്യുദയകാംക്ഷികൾ പലരും പറഞ്ഞുതുടങ്ങി.
അതെ പെയിന്റടിക്കാൻ സമയമായി. പക്ഷേ പെയിന്റടിക്കാൻ തൽക്കാലം സാധിക്കില്ല. പണമില്ല അതുതന്നെ കാരണം.രണ്ടു ലക്ഷം രൂപയെങ്കിലും വേണം. തൽക്കാലം പെയിന്റടിയില്ല. വീടങ്ങനെ മുഷിഞ്ഞ് നിന്നോട്ടെ.
'മുഷിഞ്ഞ വീട്, മുന്തിയ ജീവിതം' അതാണ് മുദ്രാവാക്യം. എന്തിനും ഒരു മുദ്രാവാക്യം നല്ലതാണല്ലോ.
രണ്ട് ലക്ഷം ഇല്ലായ്കയല്ല. ഉണ്ട്. കാര്യം ശരിയാണ്, രണ്ട് ലക്ഷം മുടക്കിയാൽ നാട്ടിലെ കുറച്ചാളുകൾക്ക് പണിയായി. അവരുടെ വീട്ടിൽ സന്തോഷമായി. പെയിന്റ് കച്ചവടക്കാരന് ലാഭമായി. പെയിന്റ് കമ്പനിക്ക് ലാഭമായി. പക്ഷേ തൽക്കാലം പെയിന്റടി വേണ്ട എന്നാണ് തീരുമാനം.
എന്താ കാര്യം?...
ഇപ്രാവശ്യം ഒരു വിദേശയാത്ര നടത്തണം. പരമാവധി ഉല്ലാസം. അതാണ് ലക്ഷ്യം. താമസിക്കുന്ന വീട്ടിൽ പണം ചെലവഴിച്ച് സംതൃപ്തി കണ്ടത്തേണ്ടതില്ല. കുറഞ്ഞ മെയിന്റനൻസ്. കൂടിയ സന്തോഷം. സ്വദേശ, വിദേശയാത്രകൾ, ഷോപ്പിങ്, ഇടയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം...അങ്ങനെ ജീവിതത്തെ സന്തോഷിപ്പിക്കുന്നതിനു പകരം വീടിനെ നോക്കി, വീടിനെ മോടിപിടിപ്പിച്ച് പണവും സമയവും കളയുന്നത് മണ്ടത്തരമല്ലേ....
സുഹൃത്തിന്റെ യുക്തിഭദ്രമായ വാദത്തിനുമുന്നിൽ ഞാൻ നിശ്ശബ്ദനായി.

ശരിയാണ് വീടിന് നിറം തേച്ചുപിടിപ്പിച്ച് ജീവിതം നിറം കെട്ടുപോകുന്നതിനേക്കാൾ എത്രയോ മികച്ചതാണല്ലോ ഉള്ളപണം ഉല്ലാസത്തിന് ചെലവഴിച്ച് മനസ്സിനെ സന്തോഷിപ്പിച്ച് നിർത്തുക എന്നത്. ജീവിതം ഒന്നല്ലേയുള്ളൂ. നമ്മളെന്തിനാണ് നമ്മുടെ മുഷിഞ്ഞ വീടിനെപ്പറ്റി ആലോചിച്ച് ബേജാറാകുന്നത്.