വീടുപണി എന്ന ടെൻഷൻ: മനസ്സ് പതറിപ്പോകുന്ന സംഭവങ്ങളുണ്ടാകാം; തളരരുത്

Mail This Article
ഒരു കുഞ്ഞു ജനിക്കുന്നതുപോലെതന്നെ, നമ്മുടെ പ്രധാനപ്പെട്ട സന്തോഷങ്ങളിൽ ഒന്നാണ് സമാധാനമായി കഴിഞ്ഞുകൂടാൻ സ്വന്തമായൊരു വീടുണ്ടാകുക എന്നത്. ഈ രണ്ട് സന്തോഷത്തിന് പിന്നിലും മനുഷ്യർ സഹിക്കുന്ന ക്ലേശംതന്നെയാണ് രണ്ടും യഥാർഥ്യമായി കാണുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷത്തിന്റെ കാരണം.
ആഴത്തിൽ നിരീക്ഷിച്ചാൽ മുകളിൽ പറഞ്ഞ രണ്ട് സന്തോഷങ്ങൾക്കും ചില സമാനതകൾ കാണാം. വീടു വയ്ക്കാൻ വസ്തു വാങ്ങിയാൽ നമുക്ക് വലിയ സന്തോഷമാണ്. ആ വസ്തുവിലൊരു വീടുവയ്ക്കാൻ പ്ലാൻ ചെയ്യുമ്പോഴും കുറ്റിയടിക്കുമ്പോഴും തറപ്പണി തുടങ്ങുമ്പോഴുമെല്ലാം നമുക്കുള്ളിലെ സന്തോഷം വർധിക്കും.
പക്ഷേ, തറപ്പണി തുടങ്ങിയതു മുതൽ സാധാരണക്കാർക്ക് പിന്നെ ക്ലേശത്തിന്റെയും ആശങ്കയുടേയും നാളുകളാണ്. സാധന സാമഗ്രികൾ ഓരോന്നും അടുപ്പിക്കുന്നതിനെ കുറിച്ചുള്ള നെട്ടോട്ടവും, തുടങ്ങിവച്ച പണി എങ്ങനെ പൂർത്തീകരിക്കും എന്നതിനെ ഓർത്തുള്ള ആധിയും ആശങ്കയും, അതിനുവേണ്ടിയുള്ള നെട്ടോട്ടവുമായിരിക്കും പിന്നെ.
വീടിന്റെ ചട്ടക്കൂട് (structure) പൂർത്തീകരിച്ചു കഴിഞ്ഞാൽ പിന്നെ സന്തോഷത്തിൻ്റേയും ആശങ്കയുടേയും നടുവിലാകും നമ്മൾ. തീർത്ത പണികൾ കാണുമ്പോഴുള്ള സന്തോഷവും, തീർക്കാനുള്ള പണികൾ എങ്ങനെ തീർക്കും എന്ന ആശങ്കയും. ചെയ്താൽ തീരാത്തതും നോക്കിയാൽ കാണാത്തതുമായ പണികളുടെ നാളുകളാണ് പിന്നീട്..

പണികളെല്ലാം കഴിഞ്ഞു ഫിനിഷിങ് ടച്ചിലേക്ക് കടക്കുമ്പോൾ, പിന്നെ ആശങ്കയിൽ നിന്ന് പതിയെ നമ്മൾ പൂർണ്ണമായ സന്തോഷത്തിലേക്കു തിരിച്ചു വരുന്ന നാളുകളാണ്. അവസാന മിനുക്ക് പണികളും കഴിഞ്ഞു ഗൃഹപ്രവേശത്തിന്റെ ദിവസവും നിശ്ചയിച്ച് അതിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും നമ്മുക്കൊരു കുഞ്ഞു ജനിച്ചു അതിൻ്റെ മുഖം ആദ്യമായി കാണുന്നതിന് തുല്യമാണ്.!
വീടുപണിയിൽ ഏർപെട്ടിരിക്കുന്നവരുടെ ഓർമയിലേക്ക് വേണ്ടിയാണ് ഈ കുഞ്ഞു വിവരണം. വീടുപണി എന്ന വലിയ ദൗത്യത്തിന്റെ നാൾവഴിയിൽ പലവിധ കാരണങ്ങൾകൊണ്ടും മനസ്സ് പതറിപ്പോകുന്ന പല സാഹചര്യവും നേരിടേണ്ടി വന്നേക്കാം. പക്ഷേ, അതിൽ പതറുകയൊ, ആത്മവിശ്വാസവും ശുഭപ്രതീക്ഷയും കൈവിടുകയൊ അരുത്.
തുടങ്ങിവച്ച ദൗത്യം ഭംഗിയായി തന്നെ പൂർത്തീകരിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ധൈര്യമായി മുന്നോട്ട് പോകുക. വീടുപണിയുടെ വഴിത്താരയിൽ അനുഭവിക്കുന്ന ഓരോ ക്ലേശവും നാളെയുടെ വലിയ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും വഴിയിലേക്കുള്ള ചെറിയ ചെറിയ പരീക്ഷണങ്ങൾ മാത്രമാണ് എന്ന് ഉറച്ച് വിശ്വസിക്കുക! വീടുപണിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പ്രിയ സുഹൃത്തുക്കൾക്കും എല്ലാവിധ നൻമകളും ഭാവുകങ്ങളും ആശംസിക്കുന്നു!