ADVERTISEMENT

ഇന്നത്തെക്കാലത്തു വീടു വച്ചാൽ റൂഫ്‌ടോപ് ഇടുക എന്നതു നിർബന്ധമാണ്. ചൂടു കുറയ്ക്കുക, ചോർച്ച തടയുക തുടങ്ങിയ കാര്യങ്ങൾക്കായാണ് പ്രധാനമായും റൂഫ് ടോപ് ഇടുന്നത്. എന്നാൽ അലുമിനിയം ഷീറ്റ് കൊണ്ടോ, ആസ്ബസ്റ്റോസ് കൊണ്ടോ മാത്രം ചെയ്തിരുന്ന റൂഫിങ് രംഗത്തേക്ക് ഇന്നു വ്യത്യസ്തങ്ങളായ മെറ്റീരിയലുകൾ കടന്നുവന്നതോടെ റൂഫിങ് പ്രൗഢിയുടെ പ്രതീകമായി മാറി. ലക്ഷങ്ങൾ ചെലവഴിച്ചാണ് ഇന്നു പല വീടുകൾക്കും റൂഫ് ടോപ് നിർമിക്കുന്നത്. 

ചോർച്ച തടയുന്നതിനായി റൂഫിങ് ചെയ്യുന്നവരും വീടിന് അഴക് വർധിപ്പിക്കുന്നതിനായി റൂഫിങ് ചെയ്യുന്നവരും വരുത്തുന്ന പ്രധാന വീഴ്ചകളിൽ ഒന്നാണ് റൂഫിങ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നില്ല എന്നത്. ചെരിച്ച് അല്ലെങ്കിൽ നിരപ്പായി മേൽക്കൂര വാർത്തിരുന്ന രീതിയാണ് ഈയിടെ വരെ കേരളത്തിൽ വ്യാപകമായി നിലനിന്നിരുന്നത്. എന്നാൽ അതിനു മാറ്റം വന്നിരിക്കുന്നു. ചെരിച്ചു വാർത്ത മേൽക്കൂരയ്ക്കു മുകളിലായി റൂഫിങ് ടൈലുകൾ പിടിപ്പിച്ച് പഴയ ഓടിട്ട വീടുകളുടെ രീതിയിലാണ് ഇപ്പോൾ മേൽക്കൂരകൾ നിർമിക്കുന്നത്. ഇതിനു ട്രസ് വർക്ക് എന്നു പറയുന്നു. 

roofing-trend

ഇത്തരത്തിൽ റൂഫിങ് ടൈലുകൾ പതിപ്പിക്കുന്ന രീതിയായാലും, റൂഫിങ് ഷീറ്റുകൾ ഇടുന്ന രീതിയായാലും ആദ്യം പ്രാധാന്യം കൊടുക്കേണ്ടതു ഗുണമേന്മയ്ക്കും ഈടിനുമാണ്. 

എന്തുകൊണ്ട് റൂഫിങ് ?

പണി പൂർത്തിയായ വീടിനു മുകളിലായി ഷീറ്റുകൾ കൊണ്ടും റൂഫിങ് ടൈലുകൾ കൊണ്ടും മേൽക്കൂര നിർമിക്കുന്നതിനു പല കാരണങ്ങളാണുള്ളത്. ഇവയിൽ പ്രധാനം വീടിനുള്ളിലെ ചൂടു കുറയ്ക്കുക, ചോർച്ച തടയുക എന്നതാണ് എങ്കിലും മുകളിലെ സ്ഥലം മറ്റു പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനു വേണ്ടിയും റൂഫിങ് ചെയ്യുന്നു. സ്ഥലസൗകര്യം കുറഞ്ഞ വീടുകളിൽ തുണി ഉണക്കുന്നതിനും തേക്കുന്നതിനും മറ്റുമുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. എന്നാൽ മറ്റു ചിലരാകട്ടെ വർക്ക് ഔട്ട് ഏരിയ, പ്ലേ ഏരിയ, ഗാർഡൻ ഏരിയ, പെറ്റ്സ് കോർണർ തുടങ്ങിയ രീതിയിൽ വീടിന്റെ മുകൾഭാഗം ഉപയോഗിക്കുന്നു. എന്തിനേറെ പറയുന്നു ജിപ്സം ബോർഡുകൾ കൊണ്ട് ഭിത്തി തിരിച്ച് ഈ ഏരിയ ഓഫിസ് സ്‌പേസ് ആക്കുന്നവർ പോലും ധാരാളമാണ്.

roofing-sheet-house

എന്തു മെറ്റീരിയൽ ഉപയോഗിക്കണം?

റൂഫിങ് ചെയ്യുമ്പോൾ എന്തു മെറ്റീരിയൽ ഉപയോഗിക്കണം എന്ന കാര്യത്തിലാണ് മറ്റൊരു പ്രധാന തർക്കം നേരിടുന്നത്. സിറാമിക് ഓടുകൾ, ഷിംഗിൾസ്, മെറ്റാലിക് ഷീറ്റുകൾ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. റൂഫിന്റെ ഭംഗിക്കു പ്രാധാന്യം നൽകുന്ന ആളുകൾ സിറാമിക് ഓടുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. എന്നാൽ ഇതിനു മറ്റു മെറ്റീരിയലുകളെ അപേക്ഷിച്ച് ചെലവു കൂടുതലാണ്. ഓടൊന്നിന് തൊണ്ണൂറു രൂപ ശരാശരി വില വരും. കളിമണ്ണ്, സ്ലറി, കോൺക്രീറ്റ് പിഗ്‌മെന്റ് എന്നിവ യോജിപ്പിച്ച കോൺക്രീറ്റ് ടൈലുകളും ഇന്നു വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇതിനു പുറമേയാണ് ഇംപോർട്ടഡ് ക്ലേ ടൈലിന്റെ ഉപയോഗം. എന്നാൽ ഇതിന് ടൈൽ ഒന്നിന് നൂറുരൂപയോളം വില വരും. ഏറെക്കാലം നിലനിൽക്കും എന്നതും നിറം മങ്ങില്ല എന്നതുമാണ് ഇതിന്റെ പ്രത്യേകത. 

സിറാമിക് ഓടുകൾ പൊട്ടും എന്ന ഭയത്തിലാണ് പലരും മെറ്റാലിക് ഷീറ്റുകൾ തിരഞ്ഞെടുക്കുന്നത്. എളുപ്പത്തിൽ പണി തീരും എന്നതിനാൽ പണച്ചെലവും കുറവാണ്. എന്നാൽ ശരാശരി കനത്തിലും ഗുണത്തിലും ഉള്ള ഷീറ്റുകൾ തിരഞ്ഞെടുത്തില്ലെങ്കിൽ ധനനഷ്ടമായിരിക്കും ഫലം. അലുമിനിയം ഷീറ്റുകൾ മൂലം മഴക്കാലത്ത് ശബ്ദം കൂടുതലായിരിക്കും എന്നത് ഒരു ന്യൂനതയാണ്. ഗാൽവനൈസ്ഡ് അയൺ (ജിഐ) ഷീറ്റുകളാണ് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതലായി വിറ്റുപോകുന്നത്.

ചെലവു ചുരുങ്ങിയ റൂഫിങ് രീതിയാണ് ഷിംഗിൾസ്. വിദേശരാജ്യങ്ങളിലാണ് ഇതു പ്രധാനമായും പ്രചാരത്തിലുളളത്. ചെരിച്ചു വാർത്ത വീടുകളുടെ മേൽക്കൂരയിലാണ് ഷിംഗിൾസ് ഒട്ടിക്കുന്നത്. കാഴ്ചയ്ക്ക് ഏറെ ആകർഷകമായ ഷിംഗിൾസ് വിവിധ ഡിസൈനുകളിൽ ലഭ്യമാണ്. കോംപാക്റ്റ് പോളികാർബണേറ്റ് ഷീറ്റുകളും റൂഫിങ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു. വീടിന്റെ ഡിസൈൻ, നിറം എന്നിവയ്ക്കു  ചേരുന്ന രീതിയിലുള്ള റൂഫിങ് മെറ്റീരിയലുകളാണ് തിരഞ്ഞെടുക്കേണ്ടത്. 

നിറത്തിലും കാര്യമുണ്ട്

മുൻപ് ഒന്നുകിൽ അലുമിനിയം നിറം, അല്ലെങ്കിൽ ഓടിന്റെ നിറം ഇതായിരുന്നു കേരളത്തിലെ റൂഫുകളുടെ അവസ്ഥ. എന്നാൽ ഇന്ന് ആ രീതി മാറിയിരിക്കുന്നു. ചുവപ്പ്, നീല, പച്ച തുടങ്ങിയ നിറങ്ങളാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഡിസൈനുകളുള്ള റൂഫുകൾ പോലും ഇപ്പോൾ കാണാനാകും. പരമ്പരാഗത രീതികളും നിറങ്ങളും വിട്ടു ചിന്തിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറ. അതുപോലെ തന്നെ യൂറോപ്യൻ മാതൃകയിലുള്ള മേൽക്കൂരകളോടു കൂടിയ വീടുകൾക്കും ആരാധകർ ഏറെയാണ്.

English Summary:

House Roofing Business in Kerala- Materials, Trends to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com