പഠിക്കുന്ന കാലത്ത് വട്ടംകറക്കിയ θ (തീറ്റ): ജീവിതത്തിൽ പിന്നീട് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ?

Mail This Article
എങ്കിലും എന്റെ തീറ്റേ....കുറച്ച് നാളായിട്ട് വിചാരിക്കുന്നതാ നമ്മുടെ തീറ്റയെ പറ്റി എന്തേലും ഒന്ന് കുറിക്കണമെന്ന്. അകത്തേക്ക് പോകുന്ന തീറ്റയെ പറ്റിയല്ല കേട്ടോ ,ഞാൻ പഠിച്ചതും ഇപ്പോൾ സ്ഥിരം ട്രോളിലും എയറിലും നിൽക്കുന്നതുമായ എൻജിനീയർമാരുടെ സ്വന്തം θ (തീറ്റ) എന്ന സംഗതിയെ പറ്റിയാണ്. പഠിക്കുന്ന കാലത്ത് ഈ 'തീറ്റ' പഠിച്ചത് കൊണ്ട് പിന്നീട് നമുക്ക് എന്തേലും പ്രയോജനം ഉണ്ടായിട്ടുണ്ടോ? എന്ന ചോദ്യം ഒരുപാട് കേട്ടിട്ടുണ്ടാകും. ആദ്യം ഞാനിത് കേട്ടത് ഒരു ഹാസ്യപരിപാടിയിലാണ്. അതൊരു തമാശ എന്ന രീതിയിൽ കേട്ട് വിട്ടെങ്കിലും പിന്നെ പല രീതിയിലും പല സ്ഥലത്തും ഈ സംഗതി കേട്ടു. എന്നാൽ θ അത്ര നിസ്സാരക്കാരനല്ല. സംഗതി ലേശം കാഠിന്യവും ഗൗരവും ഉള്ള വിഷയമായതിനാൽ ഈ തീറ്റ നമ്മുടെ ദൈനംദിന ജീവിതത്തിലെവിടെ എങ്ങനെയൊക്കെ ഇടപെടുന്നു എന്ന് മാത്രം പറയാം.
രാവിലെ കണ്ണ് തിരുമ്മി എഴുന്നേറ്റ് കർട്ടൻ മാറ്റുമ്പോൾ ചിലരുടെ മുഖത്ത് സൂര്യപ്രകാശം വീഴാം, ചിലരുടെ കാലിൽ വീഴാം, ചിലരുടെ മേൽ സൂര്യപ്രകാശം വീഴാതെയും ഇരിക്കാം. ഇതിന്റെ കാരണം നിങ്ങളുടെ വീട് സിസൈൻ ചെയ്ത എൻജിനീയർ/ ആർക്കിടെക്ട് തീറ്റയുടെ മർമ്മം അറിഞ്ഞ് പ്രവർത്തിച്ചതിനാലാകാം. വീട്ടിലേക്ക് സൂര്യപ്രകാശം ഏത് ആങ്കിൾ (Angle)ൽ വരുന്നു എന്നതിനെ ആശ്രയിച്ചുള്ള നമ്മുടെ 'തീറ്റ'യുടെ കൃത്യമായ ഇടപെടലിലാണ് ആ വീടിന്റെ പ്രസന്നത മുഴുവനും എന്ന് സാരം.

ഇനി നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സ്റ്റെപ്പിൽ തുടങ്ങുന്നു 'തീറ്റ'യുടെ ഇടപെടൽ. 90 ഡിഗ്രിക്ക് പകരം ആങ്കിൾ മാറിയാൽ അവിടെ നമ്മുടെ അടിതെറ്റും, ഇനി വണ്ടിയിലേക്ക് കയറി ഗൂഗിൾ മാപ്പിലേക്ക് ലൊക്കേഷൻ ഇടുമ്പോൾ ഓർക്കുക 'തീറ്റ'കളെ പല രീതിയിൽ ഗുണിച്ചും ഹരിച്ചും നിശ്ചിത സ്ഥലത്ത് എത്തിച്ച സാറ്റലൈറ്റാണ് നിങ്ങൾ ഇപ്പോൾ എവിടെയാണെന്നും എത്തേണ്ട സ്ഥലം എവിടെയാണെന്നും കൃത്യമായി പറഞ്ഞുതരുന്നത്.

ഇനി നമ്മൾ ഓടിക്കുന്ന റോഡ് പണിയുന്ന ഞങ്ങളെ പോലുള്ള എൻജിനീയർമാർ ഈ 'തീറ്റ' എന്ന സംഗതിയുടെ കൈ പിടിച്ചാണ് തുടക്കത്തിലെ സർവ്വേ മുതൽ റോഡിന്റെ ഒടുക്കം വരെയുള്ള എല്ലാ സംഗതിയും ചെയ്യുന്നത്. ഇനി വീട്ടിൽ നിന്നിറങ്ങി ഓഫിസിൽ എത്തിയാലോ.... ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ സ്ക്രീൻ അറിഞ്ഞോ അറിയാതെയോ നമ്മളൊന്ന് ക്രമപ്പെടുത്താറില്ലേ, അവിടെ ശരിക്കും നമ്മൾ കാണുന്ന Angle നെ അഥവാ നമ്മുടെ 'തീറ്റ'യെ ഒന്ന് തലോടുകയാണ് ചെയ്തത്. കണ്ണാടി വയ്ക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ കണ്ണാടിയുടെ പവർ കണ്ട് പിടിച്ചതും, ലെൻസ് എന്ന 'തീറ്റ'കളുടെ കൂട്ട പ്രതിഭാസം നിങ്ങളുടെ കണ്ണടയിൽ വച്ചതും കൃത്യമായി 'തീറ്റ'യുടെ കാല് പിടിച്ചാണ് എന്ന് നാം ഓർക്കേണ്ടതുണ്ട്.
പണി കഴിഞ്ഞ് വന്ന് വൈകുന്നേരം വ്യായാമത്തിനായി ഏതെങ്കിലും കളിയിൽ ഏർപ്പെടുകയാണെന്ന് കരുതുക, അത് ഷട്ടിലോ ക്രിക്കറ്റോ ഫുട്ട്ബോളോ...എന്തും ആയിക്കോട്ടെ, നമ്മൾ ട്രോളുന്ന തീറ്റ/Angle കൃത്യമായി നമ്മൾ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്നത് കൊണ്ടാണ് ഒരാൾ മറ്റൊരാളെ ജയിക്കുന്നത്.
ഇനി വൈകുന്നേരം വീട്ടിലെത്തിയാലോ! കാണുന്ന ടെലിവിഷൻ,ഇപ്പോൾ ഇത് എവിടെയോ ഇരുന്ന് ഞാനെഴുതിയത് വായിക്കാൻ ഇട വരുത്തിയ ഫോണുൾപ്പെടെയുള്ള എല്ലാ സാങ്കേതിക വിദ്യകളും, ഘടികാരങ്ങളും, പാചക സാമഗ്രികളും, ഇരുന്നാൽ താഴെ വീഴാത്ത രീതിയിൽ 'തീറ്റ'യെ നിജപ്പെടുത്തി പണിഞ്ഞ കസേരകളും, കിടക്കകളും, എന്തിനേറെ കിടക്കുമ്പോൾ തല ഉയർത്തി ഏത് 'തീറ്റ/Angle' ൽ വയ്ക്കണമെന്ന് തലയണമന്ത്രം ചൊല്ലുന്നവരെ നമ്മൾ ട്രോളി കൊല്ലുന്ന 'തീറ്റ' ജീവിച്ചിരുക്കുന്നത് കൊണ്ടുമാത്രമാണ് സുഹൃത്തുക്കളെ.
ചുരുക്കത്തിൽ ഒരു ദിവസം തീറ്റയൊന്നും കിട്ടിയില്ലെങ്കിലും നമ്മൾ ജീവിക്കും. പക്ഷേ ട്രോളുന്ന 'തീറ്റ'യില്ലാതെ നമുക്ക് ഒരു ദിവസം തള്ളി നീക്കാനാകില്ല എന്നതാണ് വാസ്തവം. ഇനിയെങ്കിലും പാവം 'തീറ്റ'യെ നിങ്ങൾ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുത് എന്ന് ഒരു 'തീറ്റ'സ്നേഹി.