16000 കോടി ലോട്ടറിയടിച്ചു; പക്ഷേ വാങ്ങിയ ആഡംബരവീട് കാട്ടുതീയിൽ ചാരക്കൂമ്പാരമായി

Mail This Article
സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും ആയിരക്കണക്കിന് വീടുകളുമടക്കം ചാമ്പലാക്കിക്കൊണ്ടാണ് ലൊസാഞ്ചലസിൽ കാട്ടുതീ പടരുന്നത്. അമേരിക്കയിലെ ഏറ്റവും പോഷ് ഏരിയയിൽ ഒന്നായ പസഫിക് പാലിസൈഡ്സിൽ തീ പടർന്നു പിടിച്ചതോടെ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ തുക ലോട്ടറിയായി നേടിയ വ്യക്തിയുടെ വീടും ഇക്കൂട്ടത്തിൽ തീയെടുത്തു. 2022ൽ രണ്ട് ബില്യൻ ഡോളറിന്റെ (16,590 കോടി രൂപ) പവർബോൾ ജാക്ക്പോട്ട് നേടിയ എഡ്വിൻ കാസ്ട്രോയുടെ വീടാണ് അഗ്നിക്കിരയായത്.
കഴിഞ്ഞവർഷമാണ് ലോട്ടറി അടിച്ച തുക ഉപയോഗിച്ച് സെലിബ്രിറ്റികളുടെ കേന്ദ്രമായ ഹോളിവുഡ് ഹിൽസിൽ എഡ്വിൻ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയത്. 3. 8 മില്യൻ ഡോളർ (32 കോടി രൂപ) വിലമതിപ്പുള്ള ബംഗ്ലാവായിരുന്നു ഇത്. ബീച്ചിന് അഭിമുഖമായി സ്ഥിതി ചെയ്തിരുന്ന ബംഗ്ലാവ് തീ പടർന്നു പിടിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ ചാരക്കൂമ്പാരമായി മാറി.

ഗായിക അരിയാന ഗ്രാൻഡെ, നടി ഡക്കോട്ട ജോൺസൺ തുടങ്ങിയ സെലിബ്രിറ്റികളുടെ വീടുകളും ഈ പരിസരത്തായിരുന്നു. ഈ ബംഗ്ലാവിന് പുറമേ ഹോളിവുഡ് ഹിൽസ് മേഖലയിലെ ധാരാളം സെലിബ്രിറ്റികളുടെ വീടും തീപിടിത്തത്തിന് ഇരയായിരുന്നു. പാരീസ് ഹിൽറ്റൺ, ബില്ലി ക്രിസ്റ്റൽ, മാൻഡി മൂർ എന്നിവരുടെ എല്ലാം വീടുകൾ ഇത്തരത്തിൽ കത്തിനശിച്ചു.
അടിത്തറയും വീട് നിർമിക്കാൻ ഉപയോഗിച്ചിരുന്ന ഏതാനും തടിക്കഷ്ണങ്ങളും മാത്രമാണ് ഇന്ന് ബംഗ്ലാവിരുന്ന സ്ഥാനത്ത് കാണാനാവുന്നത്. പൂർണമായും കത്തിനശിച്ച വീടിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അഞ്ചു കിടപ്പുമുറികളും ആറു ബാത്റൂമുകളുമാണ് ബംഗ്ലാവിൽ ഉണ്ടായിരുന്നത്. ഓരോ കോണിലും ആഡംബരം നിറച്ചുകൊണ്ടാണ് വീട് ഒരുക്കിയിരുന്നത്.
കോടികൾ വിലമതിക്കുന്ന ബംഗ്ലാവ് നഷ്ടമായെങ്കിലും ലോട്ടറിയിലൂടെ നേടിയ പണംകൊണ്ട് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ധാരാളം പ്രോപ്പർട്ടികൾ എഡ്വിൻ സ്വന്തമാക്കിയിട്ടുണ്ട്. വെസ്റ്റ് ഹോളിവുഡിൽ സ്ഥിതിചെയ്യുന്ന 25.5 മില്യൻ ഡോളറിന്റെ (220 കോടി രൂപ) ബംഗ്ലാവ്, 47 മില്യൻ ഡോളർ (406 കോടി രൂപ) വില നൽകി സ്വന്തമാക്കിയ ബെൽ എയറിലെ എസ്റ്റേറ്റ്, ആൽട്ടാഡീനയിൽ സ്ഥിതിചെയ്യുന്ന 4 മില്യൻ ഡോളറിന്റെ (34 കോടി രൂപ) ജാപ്പനീസ് ശൈലിയിലുള്ള വീട് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
1,30,000 ആളുകളെയാണ് തീപിടിത്തത്തെ തുടർന്ന് ഒഴിപ്പിച്ചത്. കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുരന്തത്തിൽ ഇതിനോടകം ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടമായി കഴിഞ്ഞു.