ശരിക്കും അടിച്ചുമോനെ! പക്ഷേ വ്യാജ കോള് എന്ന് കരുതി; വഴുതി പോകുമായിരുന്നത് 4.22 കോടിയുടെ സ്വത്ത്

Mail This Article
വ്യാജ ഫോൺ കോളുകളും സന്ദേശങ്ങളുമൊക്കെ കണ്ണുമടച്ച് വിശ്വസിച്ച് പണവും സ്ഥലവും സ്വന്തം വീടുമൊക്കെ നഷ്ടപ്പെടുത്തിയവർ ലോകത്ത് ധാരാളമുണ്ട്. നിർമിത ബുദ്ധിയും സാങ്കേതികവിദ്യകളും വളർന്നതോടെ അവയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ആളുകളെ കബളിപ്പിക്കാൻ വലിയ സാധ്യതകളും തുറന്നു കിടക്കുന്നു.
അത്തരത്തിൽ തന്നെ തേടിയെത്തിയ ഒരു ഫോൺ സന്ദേശം വ്യാജമായിരിക്കാം എന്ന് കരുതി കോടികളുടെ സ്വത്ത് കൈവിട്ടു കളയാൻ ഒരുങ്ങുകയായിരുന്നു കാനഡ സ്വദേശിനിയായ ലോറൻ ഗസൽ. '4.22 കോടി രൂപയുടെ ആസ്തിയുടെ അവകാശിയാണ് നിങ്ങൾ' എന്ന് അറിയിച്ച ഫോൺ കോളിനെയാണ് ലോറൻ സംശയിച്ചത്.
ഓർക്കാപ്പുറത്ത് ഒരു ഫോൺകോൾ ലോറനെ തേടിയെത്തി. യുകെ നമ്പറിൽ നിന്നാണ് വിളി വന്നത്. ലോറന്റെ അമ്മയുടെ ഇംഗ്ലണ്ട് സ്വദേശിയായ ബന്ധുവിൻ്റെ സ്വത്തിനുള്ള അവകാശി ലോറനാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു ആ കോൾ. കേട്ടമാത്രയിൽ ഇത് തട്ടിപ്പാണെന്ന് ലോറൻ ഉറപ്പിച്ചു. മകനെ ഇക്കാര്യം അറിയിച്ചപ്പോൾ ഒരുതരത്തിലും വെട്ടിൽ വീഴരുത് എന്ന മുന്നറിയിപ്പാണ് ലഭിച്ചത്.

1951ലാണ് ലോറൻ്റെ അമ്മ കാനഡയിലേക്ക് താമസം മാറ്റിയത്. പിന്നീട് പഠനകാലത്ത് രണ്ടുവർഷം ലോറൻ യുകെയിൽ താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാലത്തൊന്നും ഇങ്ങനെയൊരു ബന്ധുവുള്ളതായി ലോറന് അറിവുണ്ടായിരുന്നില്ല. പക്ഷേ യുകെയിൽ നിന്നും വിളിച്ച ഏജൻസിയുടെ പ്രതിനിധി അറിയിച്ചത് 2021 സെപ്റ്റംബറിൽ റെയ്മണ്ട് എന്ന വ്യക്തി ഇംഗ്ലണ്ടിൽവച്ച് മരിച്ചുവെന്നും ലോറന്റെ അമ്മയുടെ ബന്ധുവാണ് അദ്ദേഹം എന്നുമായിരുന്നു. റെയ്മണ്ടിന് ഭാര്യയോ കുട്ടികളോ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ നിലവിലെ ഏക അവകാശി ലോറൻ മാത്രമാണെന്നും ഏജൻസി അറിയിച്ചു.
എയർലൈനിൽ ക്യാബിൻ ക്രൂ അംഗമായി ജോലി ചെയ്തിരുന്ന റെയ്മണ്ട് ഒരു വീട് സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മറ്റ് ബന്ധുക്കൾ ഇല്ലാത്തതിനാൽ ഈ വീട് അനാഥമായി കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് റെയ്മണ്ടിൻ്റെ ബന്ധുക്കളെ തിരക്കി അധികൃതർ ഇറങ്ങിയത്. എന്നാൽ ലോറന് ഇക്കാര്യത്തിൽ സംശയമുണ്ടെന്ന് വന്നതോടെ ഏജൻസി കാര്യങ്ങൾ വ്യക്തമാക്കി. ലോറൻ്റെ അമ്മയുടെ പിതാവിന്റെ സഹോദരിയുടെ മകനാണ് റെയ്മണ്ട്. ഈ ബന്ധം വിവരിച്ചതോടെ ലോറന് കാര്യങ്ങൾ ഏതാണ്ട് വ്യക്തമായി. ഇതിനുപുറമേ ഏജൻസി ഒരുതരത്തിലും പണം ആവശ്യപ്പെടുന്നില്ല എന്നതും വിശ്വാസ്യത വർധിപ്പിച്ചു.
എങ്കിലും കാര്യങ്ങൾ ഒന്നുകൂടി വിശദമായി ലോറനും കുടുംബവും ഏജൻസിയോട് ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. ഒടുവിൽ യുകെയിൽ നിന്ന് വന്ന കോൾ വ്യാജമല്ലെന്നും അപ്രതീക്ഷിതമായി വലിയൊരു സമ്പത്ത് തങ്ങളെ തേടിയെത്തിയിരിക്കുകയാണെന്നും അവർ മനസ്സിലാക്കി. ഇപ്പോൾ റെയ്മണ്ടിന്റെ സ്വത്ത് ഏറ്റുവാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ഈ സമ്പത്ത് എത്തരത്തിൽ ചെലവഴിക്കണം എന്നും ഇവർ ആലോചിക്കുന്നുണ്ട്.