മൂന്ന് ദിവസത്തിൽ റെഡി; വേണ്ടത് പ്ലാസ്റ്റിക് ഡ്രം, ജിഐ പൈപ്പ്; വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന അദ്ഭുതവീട്

Mail This Article
കൃത്യമായ പ്ലാനിങ്ങും അത് നടപ്പിൽ വരുത്താനുള്ള വൈദഗ്ധ്യവും ഉണ്ടെങ്കിൽ ഏതുകാര്യവും സാധിച്ചെടുക്കാം. വൻചെലവ് വരുന്ന പല പദ്ധതികളും ലളിതമായ രീതിയിൽ എന്നാൽ കാര്യക്ഷമതയോടെ കുറഞ്ഞ തുക മാത്രം മുടക്കി നിർമിച്ചെടുക്കാൻ എൻജിനീയറിങ്ങില്‍ പ്രാവീണ്യമുള്ളവർക്ക് സാധിക്കും. അത്തരത്തിൽ ഒരു നിർമ്മാണം നടത്തിയിരിക്കുകയാണ് ബീഹാറിലെ ജമ്വി സ്വദേശിയായ ശ്രീകാന്ത് വിശ്വകർമ്മ. പ്ലാസ്റ്റിക് ഡ്രമ്മുകളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് വെള്ളത്തിന് മുകളിൽ ഉയർന്നുകിടക്കുന്ന ഒരു വീടാണ് ശ്രീകാന്ത് നിർമ്മിച്ചത്.
ജമ്വി ജില്ലയിലെ കുകുർജാപ്പ് അണക്കെട്ടിലാണ് സമാനതകളില്ലാത്ത വിധം കാഴ്ചക്കാരെ അദ്‌ഭുതപ്പെടുത്തുന്ന ഈ നിർമിതിയുള്ളത്. വെള്ളത്തിനു മുകളിൽ അനായാസമായി പൊങ്ങിക്കിടക്കാനും ആവശ്യാനുസരണം നീക്കാനും സാധിക്കുന്ന വിധത്തിലാണ് വീടിന്റെ രൂപകൽപന. ചതുരാകൃതിയിലുള്ള ഇരുമ്പ് പൈപ്പുകളാണ് ഈ വീടിന് ഉറപ്പേകുന്നത്. പൈപ്പുകൾ ഉപയോഗിച്ച് ആദ്യം ഒരു ഫ്രെയിംവർക്ക് നിർമിച്ച് അടിത്തറ ഒരുക്കി. പിന്നീട് ഇതിനു താഴെയായി അടച്ച് സീൽ ചെയ്ത വലിയ പ്ലാസ്റ്റിക് ഡ്രമ്മുകൾ നിരയായി ഘടിപ്പിച്ചു.

ഈ പ്ലാസ്റ്റിക് ഡ്രമ്മുകളാണ് വീടിനെ വെള്ളത്തിനു മുകളിൽ ഉയർന്നുനിൽക്കാൻ സഹായിക്കുന്നത്. ടിൻ ഷീറ്റുകൾ ഉപയോഗിച്ചാണ് വീടിന്റെ മേൽക്കൂര ഒരുക്കിയത്. വീട് ഒരുകാരണവശാലും മുങ്ങിപ്പോകില്ല എന്ന് ശ്രീകാന്തിന്റെ ഉറപ്പ്.
കരയിൽ ഒരു വീട് നിർമിക്കാൻ മാസങ്ങളും ചിലപ്പോൾ വർഷങ്ങളും എടുക്കും എന്നിരിക്കെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ വീട് നിർമിക്കാൻ ശ്രീകാന്തിന് ആകെ മൂന്നോ നാലോ ദിവസമേ വേണ്ടി വന്നുള്ളൂ. ഇതിൽ പകുതിയിലേറെ ജോലിയും അദ്ദേഹത്തിന്റെ പണിശാലയിലാണ് പൂർത്തിയായത്.
ഇത്തരത്തിൽ നിർമിച്ച ഭാഗങ്ങൾ ഡാമിൽ എത്തിച്ച ശേഷം കൂട്ടിയോജിപ്പിക്കുകയായിരുന്നു. എന്നാൽ സാധാരണ വീട് പോലെ ഈ വീട്ടിൽ ആരും താമസിക്കുന്നില്ല. നേരെമറിച്ച് മത്സ്യ കൃഷിക്കായാണ് നിലവിൽ ഇത് ഉപയോഗിക്കുന്നത്. ഇതിനുപുറമേ ഡാമിൽ എത്തുന്ന സന്ദർശകർക്കും ഫ്‌ളോട്ടിങ് വീട്ടിലിരുന്നുകൊണ്ട് ഒഴുകി നീങ്ങി കാഴ്ചകൾ ആസ്വദിക്കാം.
വലിയ തോതിൽ മത്സ്യകൃഷി നടക്കുന്ന മേഖലയാന്നെങ്കിലും മത്സ്യവും ആഹാരവും ജലമാർഗം കൊണ്ടുപോകുന്നതിന് ചെറുവള്ളങ്ങളെ ആശ്രയിക്കുന്നത് ഇവിടത്തുകാർക്ക് അത്ര എളുപ്പമായിരുന്നില്ല. കടുത്ത മഴക്കാലത്തും വേനൽക്കാലത്തും പ്രത്യേകിച്ചും ഇത്തരം യാത്രകൾ സാധ്യമാകാതെയായി. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിലാണ് ശ്രീകാന്ത് വെള്ളത്തിൽ ഉയർന്നു കിടക്കുന്ന, ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന വിധത്തിൽ സൗകര്യപ്രദമായ ഈ നിർമിതി ഒരുക്കിയത്.