വാട്ട് ആൻ ഐഡിയ! യുവാവ് നിസ്സാര വിലയ്ക്ക് വാങ്ങിക്കൂട്ടിയത് 200 വീടുകൾ; പ്രതിമാസ വരുമാനം 7 കോടി

Mail This Article
ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും ആൾതാമസം ഇല്ലാതെ തകർച്ചയുടെ വക്കിൽ എത്തിനിൽക്കുന്ന ധാരാളം വീടുകൾ കാണാം. എന്നാൽ അത്തരം വീടുകൾകണ്ട് പരിതപിക്കുന്നതിന് പകരം അതിൽ ഒളിഞ്ഞിരിക്കുന്ന സാധ്യതകൾ അധികമാരും ചിന്തിച്ചെന്നു വരില്ല. അക്കൂട്ടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന വ്യക്തിയാണ് 38 കാരനായ ഹയാട്ടൊ കവാമുറ എന്ന ജപ്പാൻകാരൻ. അനാഥമായി കിടക്കുന്ന നൂറുകണക്കിന് വീടുകൾ വാങ്ങി അവ വാടകയ്ക്ക് വിട്ടുനൽകി കോടികളാണ് ഹയാട്ടൊ സമ്പാദിക്കുന്നത്.
വീടുകൾ ചെറുപ്പകാലം മുതലേ ഹയാട്ടൊയ്ക്ക് ഒരു ഹരമായിരുന്നു. യൗവനകാലം എത്തിയപ്പോഴും ആ താൽപര്യം വിട്ടു പോയില്ല. വീട് വാങ്ങാൻ പണമില്ലാത്ത കാലത്തും പലതരം വീടുകൾ കാണുന്നതും അവയെക്കുറിച്ച് മനസ്സിലാക്കുന്നതും അദ്ദേഹം പതിവാക്കിയിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞശേഷമാണ് ഈ പാഷൻ പ്രൊഫഷനായി മാറ്റാൻ ഹയാട്ടൊ തീരുമാനിച്ചത്. അങ്ങനെ പണം സമ്പാദിച്ചു തുടങ്ങി. 23-ാം വയസ്സിൽ 10 ലക്ഷം രൂപയ്ക്കടുത്ത് വില നൽകി ലേലത്തിന് വച്ചിരുന്ന ഒരു വീട് അദ്ദേഹം സ്വന്തമാക്കി. രണ്ടുവർഷക്കാലം ഈ വീട് വാടകയ്ക്ക് വിട്ടു നൽകിയതിലൂടെ രണ്ടുലക്ഷം രൂപ സമ്പാദിക്കാനും സാധിച്ചു.
ആറു വർഷങ്ങൾക്കുശേഷം 24 ലക്ഷം രൂപയ്ക്ക് ആ വീട് വിൽക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന, താരതമ്യേന മോശപ്പെട്ട അവസ്ഥയിലുള്ള വീടുകൾ കണ്ടെത്താനുള്ള അന്വേഷണമായിരുന്നു. ചോർച്ചയുള്ളതും നവീകരണം ആവശ്യമായതും അടക്കം അഞ്ച് ലക്ഷം രൂപയ്ക്കുള്ളിൽ ഒതുങ്ങുന്ന വീടുകളാണ് ഹയാട്ടൊ വാങ്ങിയത്. ചെറിയ തുകയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി അവ വാടകയ്ക്ക് വിട്ടു നൽകിയതോടെ നല്ലൊരു തുക മാസ വരുമാനമായി ലഭിച്ചു തുടങ്ങി.

2018 എത്തിയപ്പോഴേക്കും ചെയ്തിരുന്ന കോർപ്പറേറ്റ് ജോലി വിട്ട് സ്വന്തമായി റിയൽ എസ്റ്റേറ്റ് സ്ഥാപനം തന്നെ ഹയാട്ടൊ ആരംഭിച്ചു. കുറച്ചുകാലത്തിനുള്ളിൽ ആൾതാമസം ഇല്ലാതെ അനാഥമായി കിടക്കുന്ന 200 വീടുകളാണ് അദ്ദേഹം വാങ്ങിയത്. ഇവയിൽ നിന്നെല്ലാമായി പ്രതിമാസം 7.72 കോടി രൂപ വാടക ഇനത്തിൽ മാത്രം ഹയാട്ടൊയ്ക്ക് വരുമാനവും ലഭിച്ചു. വീടുകൾ വാങ്ങാനായി ലാഭത്തിൽ നിന്നും സമ്പാദിച്ചുവയ്ക്കുന്ന തുകയ്ക്ക് പുറമെ വായ്പകളും ഹയാട്ടൊ എടുക്കാറുണ്ട്. എന്നാൽ കൃത്യമായി വലിയൊരു തുക വാടക ലഭിക്കുന്നതിനാൽ ബാധ്യതകളോ നഷ്ടങ്ങളോ ഇല്ല.
ഹയാട്ടൊയുടെ വേറിട്ട റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ കഥ പുറത്തുവന്നതോടെ അത് സമൂഹമാധ്യമങ്ങളിലൂടെ വളരെയധികം ശ്രദ്ധ നേടി. വേറിട്ട റിയൽ എസ്റ്റേറ്റ് നിക്ഷേപം ഏറെ പ്രചോദനാത്മകമാണ് എന്നാണ് ധാരാളമാളുകൾ പ്രതികരിക്കുന്നത്. ബാധ്യതകൾ ഇല്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന തരത്തിൽ പണം കൈകാര്യം ചെയ്യാനുള്ള ഹയാട്ടൊയുടെ കഴിവിനെ പുകഴ്ത്തുന്നവരും കുറവല്ല.