പൊട്ടിപ്പൊളിഞ്ഞ ഒറ്റമുറി ഷെഡിൽ നിന്നും ദുബായിലെ അത്യാഡംബര വീട്ടിലേക്ക് : ഇത് കഠിനാധ്വാനം കൊണ്ടുവന്ന ഭാഗ്യം

Mail This Article
ജീവിതത്തിൽ മുന്നേറാൻ ഒരു സാധ്യതയുമില്ല എന്ന് സമൂഹം വിധി എഴുതുന്ന പലരും കഠിനാധ്വാനവും മനസ്സുറപ്പുംകൊണ്ട് വിജയങ്ങൾ കൈവരിച്ച് ഉയർന്ന നിലയിൽ എത്താറുണ്ട്. അത്തരത്തിൽ ഒരാളാണ് ഒഡീഷയിലെ റൂർക്കല സ്വദേശിയായ സൗമേന്ദ്ര ജെന. തകർച്ചയുടെ വക്കിലെത്തിയ തകരഷീറ്റിട്ട ഒറ്റമുറി ഷെഡ്ഡിൽ നിന്നും സൗമേന്ദ്ര വിജയിച്ചുകയറിയത് ദുബായിലെ ആഡംബരങ്ങളുടെ നടുവിലേക്കാണ്. 17 വർഷം നീണ്ട കഠിനാധ്വാനത്തിന്റെയും അതിലൂടെ നേടിയ ജീവിത വിജയത്തിന്റെയും കഥ സൗമേന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ദുബായിലെ ഒരു അത്യാഡംബര വീടിന്റെ ഉടമയാണ് ഇന്ന് സൗമേന്ദ്ര. പോർഷെ ടെയ്ക്കൻ, ജി- വാഗൻ ബ്രാബസ് തുടങ്ങിയ കോടികൾ വിലമതിക്കുന്ന ആഡംബര കാറുകൾ വീടിന്റെ മുറ്റം അലങ്കരിക്കുന്നു. എന്നാൽ തന്റെ തുടക്കം ഇങ്ങനെയൊന്നുമായിരുന്നില്ല എന്ന് എക്സില്‍ പങ്കുവച്ച പോസ്റ്റിൽ സൗമേന്ദ്ര വിവരിക്കുന്നു. എത്രത്തോളം കഷ്ടതകൾ നിറഞ്ഞ ബാല്യവും കൗമാരവും ആയിരുന്നു സൗമേന്ദ്രയുടേതെന്ന് അദ്ദേഹം പങ്കുവച്ച ചിത്രങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്.
പ്ലാസ്റ്റിക് ഷീറ്റുകളും തകരവുംകൊണ്ട് മറച്ച മേൽക്കൂരയുള്ള പഴയ വീട് ചിത്രങ്ങളിൽ കാണാം. 'വീട്' എന്ന് അതിനെ വിശേഷിപ്പിക്കാമോ എന്നുപോലും സംശയിക്കണം. പന്ത്രണ്ടാം ക്ലാസ് വരെ ഈ വീട്ടിൽ നിന്നാണ് സൗമേന്ദ്ര പഠിച്ചത്. കുടുംബവുമൊത്ത് പഴയ വീടിന്റെ മുൻപിൽ നിൽക്കുന്ന ചിത്രമാണ് അദ്ദേഹം എക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതിനൊപ്പം തന്നെ ദുബായിലെ തന്റെ ബഹുനില വസതിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങളുടെ സിഇഒ ആണ് നിലവിൽ സൗമേന്ദ്ര. ഇതിനുപുറമേ സമൂഹമാധ്യമ കണ്ടന്റുകളിലൂടെ ശ്രദ്ധ നേടുന്നുമുണ്ട്.
ദുബായിലെ ഒരു പോഷ് മേഖലയിലാണ് സൗമേന്ദ്രയുടെ വീട്. ഈ നിലയിൽ എത്താൻ 17 വർഷം എടുത്തു എന്നും വിജയത്തിലേക്ക് കുറുക്കുവഴികളില്ല എന്നും സൗമേന്ദ്ര ഓർമിപ്പിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളും കഠിനാധ്വാനവും മനസ്സുറപ്പും തന്നെയാണ് ഉയർച്ചയിൽ സഹായകമായത്. അദ്ദേഹത്തിന്റെ പോസ്റ്റ് വളരെ വേഗത്തിൽ തന്നെ ജനശ്രദ്ധ നേടി. സ്വന്തം അവസ്ഥയോർത്ത് പരിതപിച്ചു കഴിയുന്നവർക്ക് സൗമേന്ദ്രയുടെ ജീവിതം പ്രചോദനമാണെന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നത്.
ജീവിതസാഹചര്യങ്ങൾ അൽപമൊന്നു മെച്ചപ്പെട്ടാൽ വന്നവഴി മറക്കുന്നവർക്കിടയിൽ സൗമേന്ദ്ര വേറിട്ടു നിൽക്കുന്നുവെന്നും താൻ ജനിച്ചു വളർന്ന വീടിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് ഇതിന് ഉദാഹരണമാണെന്നുമാണ് മറ്റൊരു കമന്റ്. അതേസമയം ഇപ്പോഴും പഴയ വീട് അതേപടി കാത്തുസൂക്ഷിക്കുന്നുണ്ടോ എന്നാണ് മറ്റു ചിലരുടെ സംശയം.