അനുകരണഭ്രമം അബദ്ധമാകും:കേരളവീടുകളിലെ 'പാറ്റിയോ' എന്ന പറ്റിപ്പ്: അനുഭവം

Mail This Article
സുരേഷ് എന്നാണ് എന്റെ പേര് എങ്കിലും അറബികളും ഇതര രാജ്യക്കാരായ പല സുഹൃത്തുക്കളും എന്നെ ഇപ്പോളും വിളിച്ചു പോരുന്നത് 'സുരീസ്' എന്നാണ്. എന്നെ മാത്രമല്ല, സഹപ്രവർത്തകൻ ആന്ധ്രാക്കാരൻ നരേഷിനെ അവർ വിളിക്കുന്നത് 'നരീസ്' എന്നാണ്. അതായത് ഈ' ഷ' എന്ന അക്ഷരമോ, അതിന്റെ നമ്മൾ പറയും പ്രകാരമുള്ള ഉച്ചാരണമോ ലോകത്തെ വലിയൊരു ജനവിഭാഗത്തിലും ഇല്ല എന്നതാണ് എന്റെ ഒരനുഭവം.
പാക്കിസ്ഥാനികളുടെ കാര്യം എടുക്കാം. അളവെടുക്കൽ എന്നർത്ഥമുള്ള 'മെഷർമെൻറ്' എന്ന് നമ്മൾ പറയുന്ന ഇംഗ്ലിഷ് വാക്കിന് മിക്ക പാക്കിസ്ഥാനി എൻജിനീയർമാരും സൂപ്പർവൈസർമാരും പറയാറുള്ളത് 'മെയർമെൻറ്' എന്നാണ്. 'ഷ' എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പല നിത്യോപയോഗ വസ്തുക്കൾക്കും ഇവരൊക്കെ എന്ത് പറയുമോ എന്തോ?എന്നാൽ ഈ പ്രശ്നം 'ഷ' ക്കു മാത്രം ബാധകമായ ഒന്നല്ല. 'ജി' എന്ന നമ്മുടെ പ്രയോഗത്തെ 'ഗി' എന്ന് പറയുന്നവരുണ്ട്. ജിഗാബൈറ്റ് എന്ന നമ്മുടെ സ്ഥിരം പ്രയോഗം മിക്ക അന്യ നാട്ടുകാർക്കും ഗിഗാബൈറ്റ് ആണ്. അതുകൊണ്ടുതന്നെ എന്റെ സുഹൃത്ത് ജിബിയെ, 'ഗിബി' എന്ന് വിളിച്ചിരുന്നവരും കുറവല്ല.
ഇതിനൊന്നും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഓരോ അക്ഷരങ്ങൾക്കും ഓരോ നാട്ടുകാർക്കും അതിന്റേതായ ഉച്ചാരണമുണ്ട്, അത്രയേ ഉള്ളൂ. തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപൂ ..?
അത് പോട്ടെ, നമുക്ക് 'ഷ' യിലേക്ക് വരാം.
സമീപകാലത്തായി മലയാളികളുടെ ഭവനസ്വപ്നങ്ങളിൽ കയറിവന്ന ഒന്നാണ് പാഷ്യോ. എന്നാൽ സായിപ്പന്മാർ ഈ സാധനത്തെ വിളിക്കുന്നത് പാഷ്യോ എന്നല്ല, 'പാറ്റിയോ' എന്നാണ്. എന്താണീ പാറ്റിയോ ..?
വീടിന്റെ പുറകിലെയോ വശങ്ങളിലെയോ, സ്വകാര്യതയും, സ്വച്ഛതയും ഉള്ള ഒരിടത്തേക്ക് തുറക്കുന്ന ചെറിയൊരു വിനോദ - വിശ്രമ സ്ഥലമാണ് പാറ്റിയോ. രാവിലത്തെ ഇളം വെയിൽ കൊണ്ടിരുന്നു പത്രം വായിക്കാനോ, വൈകുന്നേരം കുടുംബവുമൊത്ത് പുറത്തേക്കിരുന്നു ചായ കുടിക്കാനോ, വളർത്തു മൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനോ, കള്ളുകുടിക്കാനോ ഒക്കെയാണ് ഈ സ്ഥലം സായിപ്പന്മാർ ഉപയോഗിക്കാറ്.

ഇവിടെ ചെറുനീന്തൽക്കുളങ്ങൾ നിർമിക്കുന്നവരും, മാംസം ചുട്ടെടുക്കാനുള്ള അനുസാരികൾ നിർമിക്കുന്നവരും ഉണ്ട്. എന്താണെങ്കിലും ഒന്നുറപ്പാണ്, വീടിന്റെ മനോഹരമായ ലാൻഡ്സ്കേപ്പിലേക്ക് ഇഴുകിച്ചേരും വിധമാണ് പാറ്റിയോകൾ നിർമിക്കപ്പെടുന്നത്.
ഇനി നമുക്ക് കേരളത്തിലേക്ക് വരാം. പാറ്റിയോ എന്ന പേരിൽ നമ്മുടെ പ്ലാനുകളിൽ കാണപ്പെടുന്നതെല്ലാം ഒരർഥത്തിൽ മറ്റൊരു സിറ്റൗട്ടാണ്. മിക്കവാറും അത് പുറകിലെയോ, വശങ്ങളിലെയോ ചുറ്റുമതിലുമായി ചേർത്തു മതിൽ കെട്ടിയിരിക്കും. അല്ലെങ്കിൽ നല്ല ഒന്നാംതരം ഗ്രിൽ കൊണ്ട് സുരക്ഷിതമാക്കിയിരിക്കും. ഇവിടെയാണ് പാറ്റിയോ എന്ന സങ്കൽപം തന്നെ മാറിമറയുന്നത്, അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നത്.

പാറ്റിയോ എന്നത് ആകാശത്തേക്ക് മാത്രം തുറന്നുവച്ച ഒരു കൂടല്ല. അല്ലെങ്കിൽ പാറ്റിയോയിൽ വന്നിരിക്കുന്ന ഒരാൾ കാണേണ്ടത് തനിക്കു മുന്നിലെ ചൈനാ വന്മതിൽ പോലെയുള്ള ഭിത്തിയല്ല. അങ്ങനെ നിർമിക്കപ്പെട്ട പാറ്റിയോ, കാലക്രമേണ നമ്മൾ ഉപയോഗിക്കാതെയാവും. പിൽക്കാലത്തു അവിടെ വല്ല ആക്രി സാധനങ്ങളോ, ഉപയോഗിക്കാത്ത ട്രെഡ്മില്ലോ ഒക്കെ സ്ഥാനം പിടിക്കും.
എങ്കിൽ ഈ പാറ്റിയോ രൂപകൽപന ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ..? പറയാം. ആദ്യമായി ചിന്തിക്കേണ്ടത് അത്തരം ഒരു പാറ്റിയോ നിങ്ങൾക്ക് ആവശ്യമുണ്ടോ എന്നതാണ്. ജീവിതത്തിരക്കുകൾക്കിടയിൽ വിശ്രമിക്കാൻ സമയം കിട്ടാത്ത ഒരാളാണ് നിങ്ങൾ എങ്കിൽ ചുമ്മാ അത്തരം ഒരിടം ഉണ്ടാക്കി ഇടാതെ ഇരിക്കുന്നതാണ് നല്ലത്.
ഇനി അഥവാ ഒരു പാറ്റിയോ വേണം എന്ന് നിങ്ങൾ തീരുമാനിച്ചാൽ അത് പ്ലോട്ടിന്റെ ഏറ്റവും സ്വകാര്യതയുള്ള ഇടത്തും, മനോഹരമായ കാഴ്ച നൽകുന്ന ഇടത്തും ആയിരിക്കണം. അല്ലാതെ അവിടെനിന്നു നോക്കിയാൽ കാണേണ്ടത് അയൽക്കാരന്റെ കക്കൂസോ, പട്ടിക്കൂടോ ആവരുത്. അതുപോലെ തൊട്ടുമുന്നിൽ അടഞ്ഞ മതിലുകൾ ഉണ്ടാവരുത്. അഥവാ ഒഴിച്ചുകൂടാൻ പറ്റാത്ത അത്തരം സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ആ മതിലിനെ വെർട്ടിക്കൽ ലാൻഡ്സ്കേപ്പ് ചെയ്തോ, മരങ്ങൾ കൊണ്ട് മറച്ചോ മനോഹരമാക്കാം.

പാറ്റിയോയ്ക്കു മുന്നിലെ സ്ഥലം അൽപമെങ്കിലും വിശാലവും ലാൻഡ്സ്കേപ്പിങ്ങിനു സാധ്യത ഉള്ളതും ആയിരിക്കണം. പാറ്റിയോയിൽ കൂടിയിരിക്കാൻ സാധ്യതയുള്ള ആളുകളുടെ എണ്ണത്തിനനുസൃതമായി ഇരിപ്പിടങ്ങൾ ക്രമീകരിക്കാനുള്ള സ്‌പെയ്‌സ് അതിനുണ്ടാവണം. പുല്ലു വളർത്താൻ ഉള്ള സാഹചര്യം ഇല്ലെങ്കിൽ സിന്തറ്റിക് പുൽത്തകിടി ആവാം. അവിടെയിരുന്നു ഭക്ഷണം കഴിക്കാനോ, ഇതര പാനീയങ്ങൾ വിഴുങ്ങാനോ ഉള്ള പദ്ധതി ഉണ്ടെങ്കിൽ അതിനുള്ള സൗകര്യം കാണണം. വേണമെങ്കിൽ ചെറിയൊരു വാഷ് ബേസിനോ, ഊഞ്ഞാലോ ഒക്കെ ഉണ്ടാക്കാം.
പ്രൊജക്റ്ററുകൾ വച്ച് സിനിമയോ ഫുട്ബാൾ മാച്ചോ കാണാൻ ആഗ്രഹമുള്ളവർക്കു അതിനുള്ള ഭിത്തി പണിയാം. തണുപ്പുള്ള ഇടങ്ങളിൽ തീക്കൂന ഒരുക്കേണ്ടവർ അതിനുള്ള ഏർപ്പാട് ചെയ്യണം. അല്ലാതെ ചുമ്മാ ഏതെങ്കിലും വശത്തേക്ക് ഒരു സിറ്റൗട്ട് പണിയുന്നതല്ല പാറ്റിയോ. അതിനു കോൺക്രീറ്റ് മേൽക്കൂര വേണം എന്നുപോലും ഇല്ല.അത് വീടിനെയും ഉദ്യാനത്തെയും ബന്ധിപ്പിക്കുന്ന ഒരിടമാണ്. ഇതാണ് നമ്മൾ പാഷ്യോ എന്ന് വിളിക്കുന്ന പാറ്റിയോയുടെ കഥ. നമ്മൾ എന്ത് വിളിക്കുന്നു എന്നതിൽ അല്ല, ഉദ്ദേശ്യത്തിലാണ് കാര്യം എന്നർഥം.
അതുകൊണ്ടുതന്നെ സുരേഷ് എന്ന് പേരുള്ള എന്നെ സായിപ്പന്മാർ 'സുരീസ്' എന്ന് വിളിക്കുന്നതിൽ എനിക്കോ, നരേഷിനെ 'നരീസ്' എന്ന് വിളിക്കുന്നതിൽ അയാൾക്കോ ഒരു ബുദ്ധിമുട്ടോ അപമാനമോ തോന്നിയിട്ടില്ല. എന്നാൽ ക്വാണ്ടിറ്റി സർവേയർ തമിഴ്നാട്ടുകാരൻ മയൂരൻന്റെ കാര്യം അങ്ങനെ ആയിരുന്നില്ല...