ADVERTISEMENT

എത്രയൊക്കെ ആഡംബരത്തിൽ വീടുകളും കെട്ടിടങ്ങളും നിർമിച്ചാലും യുദ്ധമോ ഭീകരാക്രമണമോ  ഉണ്ടായാൽ എല്ലാം ഒരുനിമിഷം കൊണ്ട് നഷ്ടമാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ വമ്പൻ ബോംബ് വന്നുവീണാലും ഒരു പോറൽപോലുമേൽക്കാതെ  സുരക്ഷിതമായി കഴിയാനാകും എന്ന് ഉറപ്പുതരികയാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രാറ്റജിക്കലി ആർമേർഡ് ആൻഡ് ഫോർട്ടിഫൈഡ് എൻവിയോൺമെൻറ്സ് അഥവാ സേഫ് എന്ന കമ്പനി. ആഡംബരങ്ങൾക്ക് അവസാനമില്ലാത്ത ലക്ഷ്വറി ഭൂഗർഭ ബങ്കറുകളാണ് ഇവർ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.

ബങ്കർ എന്ന് കേൾക്കുമ്പോൾ യുദ്ധ ബാധിത മേഖലകളിൽ ആളുകൾ ഒളിച്ചിരിക്കാൻ ഒരുക്കുന്ന ഇടുങ്ങിയ, പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഇടങ്ങളാവും ഓർമയിൽ വരിക. എന്നാൽ സേഫ് ഒരുക്കുന്ന ഭൂഗർഭ ബങ്കറുകൾ ഈ കാഴ്ചപ്പാടുകളെ എല്ലാം മാറ്റിമറിക്കും. അതിസമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്നത്. ഏയ്രി പ്രോജക്ട് എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്.

വൈറ്റ് ഹൗസിലേതിന് സമാനമായ സുരക്ഷാസംവിധാനങ്ങളാണ് ബങ്കറിൽ ഉൾപ്പെടുത്തുന്നത്. 2000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഒരോ ഭൂഗർഭ ബങ്കർ സ്യൂട്ടുകളും ഒരുങ്ങുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്യൂട്ടുകൾ, ഗോർമെറ്റ് ഡൈനിങ് തുടങ്ങിയ ആഡംബരങ്ങൾ എല്ലാം ആസ്വദിച്ചുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് സുരക്ഷിതരായി ഇവിടെ കഴിയാം. ഈ ഭൂഗർഭ ബങ്കർ വസതികളിൽ സ്വകാര്യത ഉറപ്പാക്കുന്നതിനായി സെൻസിറ്റീവ് കമ്പാർട്ട്മെൻ്റഡ് ഇൻഫർമേഷൻ ഫെസിലിറ്റീസ് (SCIF) ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂഗർഭ അറയിലെ ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനായി പ്രത്യേക വെൽനസ് പ്രോഗ്രാമുകളുമുണ്ട്.2026ൽ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

അമേരിക്കയിലെ പ്രധാനപ്പെട്ട 50 ഇടങ്ങളിൽ ആഡംബര ബങ്കർ ഒരുക്കും. വിർജീനിയയിലാണ് ആദ്യ പദ്ധതി ഒരുങ്ങുന്നത്. ഒരു കോംപ്ലക്സ് എന്ന് തന്നെ വിളിക്കാവുന്ന ഭൂഗർ ബങ്കറിൻ്റെ വില മതിപ്പ് 300 മില്യൻ ഡോളർ (2613 കോടി രൂപ) ആയിരിക്കും.  ബങ്കർ കോംപ്ലക്സിലെ ഒരു ബങ്കറിൻ്റെ വില 20 മില്യൻ ഡോളർ (174 കോടി രൂപ) ആയിരിക്കും. ഏയ്രി ക്ലബ് അംഗങ്ങളായവർക്ക് മാത്രമേ ബങ്കറുകൾ വാങ്ങാൻ സാധിക്കു. ഒരു ആഗോള ദുരന്തമുണ്ടായാൽ വിർജീനിയയിലെ ബങ്കർ കോംപ്ലക്സിൽ 625 പേർക്ക് സുരക്ഷിതമായി താമസിക്കാനാവും. അമേരിക്കയ്ക്ക് പുറമേ ആഗോളതലത്തിൽ ആയിരം സ്ഥലങ്ങളിലായി സമാനമായ രീതിയിൽ ആഡംബര ബങ്കറുകൾ നിർമിക്കാനും പദ്ധതിയുണ്ട്. 

ലോക നേതാക്കൾക്ക് പോലും ഇല്ലാത്തത്ര സുരക്ഷാ സംവിധാനങ്ങളാണ് ഏയ്രിയിൽ ഉള്ളത്. ഭൂഗർഭ ജീവിതം വിരസമായി തോന്നിയാൽ അവ ആസ്വാദ്യകരമാക്കുന്നതിനായി ഭൂഗർഭ സ്വിമ്മിങ് പൂൾ,  ഐസ് പ്ലഞ്ച് റൂം , ഐ വി തെറാപ്പി റൂം, മസാജ് പാർലർ എന്നിവയെല്ലാം ഒരുങ്ങുന്നുണ്ട്. ബങ്കർ വാങ്ങാൻ ഉദ്ദേശിക്കുന്ന ക്ലബ് അംഗങ്ങൾക്ക് ഇവിടുത്തെ ജീവിതം എങ്ങനെയായിരിക്കും എന്നത് പരീക്ഷണാടിസ്ഥാനത്തിൽ അനുഭവിച്ചറിയാനുള്ള സൗകര്യവും ഒരുക്കും. ബങ്കറുകൾക്ക് പുറമേ ഇരുപതിനായിരത്തിലധികം ചതുരശ്ര അടി  വിസ്തീർണത്തിൽ മൾട്ടി ലെവൽ ഭൂഗർഭ പെന്റ് ഹൗസുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary:

US company Building Ultra Luxury Bunker for the Rich- News

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com