വീടിന്റെ ബേസ്മെന്റിൽ ആരോ ഒളിച്ചുതാമസിക്കുന്നു; ആളെ തിരിച്ചറിഞ്ഞപ്പോൾ വൻട്വിസ്റ്റ്

Mail This Article
വീടിനുള്ളിൽ മറ്റാരെങ്കിലും കയറിയാൽ സാധനങ്ങളുടെ ചെറിയ സ്ഥാനമാറ്റത്തിൽ നിന്നുപോലും അക്കാര്യം നമ്മൾ മനസ്സിലാക്കും. എന്നാൽ സ്വന്തം വീട്ടിൽ ഏഴുവർഷമായി ഒരാൾ ഒളിച്ചു താമസിച്ചിട്ടും അക്കാര്യം അറിയാതെ കഴിയുകയായിരുന്നു ചൈനയിലെ ജിയാങ്സുവിലുള്ള ഒരു വീട്ടുടമ. ഏഴു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം വീട് വാങ്ങിയ സമയം മുതൽ തന്നെ അതിനടിയിലെ രഹസ്യതാവളത്തിൽ കഴിയുകയായിരുന്നു മുൻ വീട്ടുടമ.
ലി എന്ന വ്യക്തിയാണ് സമാനതകളില്ലാത്ത സാഹചര്യം നേരിട്ടത്. ഏതാണ്ട് രണ്ടേകാൽ കോടി രൂപ വില നൽകി 2018ലാണ് സാങ്ങ് എന്ന വനിതയിൽ നിന്നും ലി ഈ വീട് വാങ്ങിയത്. ആഗ്രഹത്തിനൊത്ത വീട് കിട്ടിയതിന്റെ സന്തോഷത്തിൽ അദ്ദേഹവും കുടുംബവും അവിടെ താമസമാരംഭിക്കുകയും ചെയ്തു. എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഒരു ദിവസം വീട് ഡീപ് ക്ലീൻ ചെയ്യുന്നതിനിടെയാണ് അസാധാരണമായ ഒരു സംഗതി ലിയുടെ ശ്രദ്ധയിൽപ്പെട്ടത്. സ്റ്റെയർകേസിന് പിന്നിലായി ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു വാതിലായിരുന്നു അത്.
ഈ വാതിൽ തുറന്നപ്പോൾ കണ്ടതാകട്ടെ വിൽപന സമയത്ത് ഒരിക്കലും കരാറിൽ രേഖപ്പെടുത്താതിരുന്ന ഒരു രഹസ്യ ബേസ്‌മെന്റും. അതിവിശാലമായ ഒരു ഇടമായിരുന്നു ഈ ബേസ്മെന്റ്. ആവശ്യത്തിന് വായുസഞ്ചാരവും താമസത്തിനുള്ള സൗകര്യങ്ങളും എന്തിനേറെ ഒരു ചെറിയ ബാർ പോലും ഇതിനുള്ളിൽ ഒരുക്കിയിരുന്നു. എന്നാൽ ഇവിടെ ആരോ പതിവായി താമസിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ലി ശരിക്കും ഭയപ്പെട്ടു പോയത്. ഉടൻതന്നെ അദ്ദേഹം മുൻ ഉടമയായ സാങ്ങിനെ ബന്ധപ്പെട്ടു.

അപ്പോഴാണ് ട്വിസ്റ്റ്, കള്ളൻ കപ്പലിൽ തന്നെയായിരുന്നു. ഇത്രയും കാലം ബേസ്മെന്റിൽ ഒളിച്ചുതാമസിച്ചത് മുൻഉടമ തന്നെയായിരുന്നു. വിൽപന കരാറിൽ ബേസ്മെന്റ് ഉൾപ്പെടുത്തിയിട്ടില്ല എന്നും അതിപ്പോഴും തന്റെ ഉടമസ്ഥതയിലാണ് എന്നുമായിരുന്നു സാങ്ങിന്റെ വാദം. തനിക്ക് വ്യക്തിഗതമായ വിശ്രമിക്കാനുള്ള ഇടമാണ് ഈ ബേസ്മെന്റ് എന്നും സാങ്ങ് പറഞ്ഞു. വർഷങ്ങളായി ഈ ബേസ്‌മെന്റ് സ്വന്തം പോലെ സാങ്ങ് ഉപയോഗിക്കുകയായിരുന്നു.
മുഴുവൻ തുകയും നൽകി താൻ വാങ്ങിച്ച സ്ഥലത്തിന് മുൻഉടമ ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നതിനെ ചോദ്യംചെയ്ത് ഒടുവിൽ ലി കോടതിയെ സമീപിച്ചു. ലിയ്ക്ക് വസ്തുവിന് മേലുള്ള ഉടമസ്ഥാവകാശത്തിന്റ ലംഘനമാണ് സാങ്ങ് നടത്തിയിരിക്കുന്നത് എന്ന് കോടതി കണ്ടെത്തി. ബേസ്‌മെന്റിന്റെ ഉടമസ്ഥാവകാശവും ഇത്രയും കാലം അദ്ദേഹം അറിയാതെ അവിടെ താമസിച്ചതിന് നഷ്ടപരിഹാരവും സാങ്ങ് നൽകണമെന്ന് കോടതി ഉത്തരവിട്ടു.
ഈ സംഭവം വാർത്തയായതോടെ ഇങ്ങനെ ഒരാൾ സ്വന്തം വീട്ടിൽ താമസിക്കുന്നത് ഇത്രയും കാലം ലി അറിയാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ആളുകൾ ഉയർത്തുന്നത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ സാങ്ങിന് എങ്ങനെ ബേസ്മെന്റിൽ കയറാനും ഇറങ്ങാനും സാധിച്ചു എന്നും സംശയിക്കുന്നവരുണ്ട്. പുറമേ നിന്ന് ഒരാൾ കുടുംബത്തിലെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് എന്നാൽ വീട്ടുടമസ്ഥർ അറിയാതെ വീടിനുള്ളിൽ തന്നെ താമസിക്കുന്ന അവസ്ഥ അങ്ങേയറ്റം ഭയാനകമാണെന്ന് ആളുകൾ കുറിക്കുന്നു.