കഷ്ടപ്പെട്ട് വീടുവച്ചു; സ്വത്ത് ഭാഗംവച്ചപ്പോൾ വീട് സഹോദരിമാരുടെ സ്ഥലത്ത്: വഴക്കില്ലാതെ പ്രശ്നം പരിഹരിച്ചതിങ്ങനെ

Mail This Article
ഏറെക്കാലത്തെ കഷ്ടപ്പാടിലൂടെ സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് പശ്ചിമബംഗാളിലെ ഹൗസ്നഗർ സ്വദേശിയായ മൊർതുസ ഹൊസൈൻ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു വീട് വച്ചത്. ഒറ്റനിലയിൽ നാലു മുറികളുമായി സാമാന്യം വലുപ്പമുള്ള വീടാണ് അദ്ദേഹം നിർമിച്ചത്. എന്നാൽ ആ വീട്ടിൽ മനസ്സമാധാനമായി താമസിച്ചു തുടങ്ങും മുൻപുതന്നെ അപ്രതീക്ഷിതമായ ഒരു തിരിച്ചടിയാണ് മൊർതുസയെ കാത്തിരുന്നത്. വീട് പൊളിക്കേണ്ടി വരുമെന്ന അവസ്ഥ വന്നിട്ടും അതിന് തയാറാകാതെ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വീടിന്റെ നിർമാണം പൂർത്തിയായ ശേഷമാണ് കുടുംബ സ്വത്ത് ഭാഗം ചെയ്യുന്ന സാഹചര്യമുണ്ടായത്. വിഭജിച്ചു വന്നപ്പോഴാകട്ടെ വീടിരിക്കുന്ന സ്ഥലം സഹോദരിമാരുടെ ഉടമസ്ഥതയിലുമായി. സാധാരണഗതിയിൽ ഒരു കുടുംബ വഴക്ക് ഉടലെടുക്കുന്നതിന് ഇതിലും വലിയ കാരണം വേണ്ടിവരില്ല. എന്നാലിവിടെ സഹോദരിമാർക്ക് വീതമായി ലഭിച്ച സ്ഥലം അവർക്ക് തന്നെ തടസ്സമില്ലാതെ അനുഭവിക്കാനും, അതേസമയം താൻ ആഗ്രഹിച്ചു നിർമിച്ച വീട് നശിക്കാതിരിക്കാനും എന്തു ചെയ്യണം എന്നതായിരുന്നു മൊർതുസയുടെ ചിന്ത.
വീട് പൊളിച്ചു നീക്കണമെന്നും, അതല്ല സഹോദരിമാർക്ക് കൈമാറ്റം ചെയ്ത് പണം വാങ്ങണമെന്നുമൊക്കെ പലരും നിർദ്ദേശിച്ചെങ്കിലും അതേ വീട്ടിൽ താമസിക്കണം എന്ന് ആഗ്രഹത്തിനാണ് മൊർതുസ മുൻതൂക്കം നൽകിയത്. അതുമാത്രമല്ല പൊളിച്ചു നീക്കുന്നതിനും മറ്റൊന്ന് നിർമിക്കുന്നതിനും ഉണ്ടാകാൻ പോകുന്ന വലിയ ചെലവ് താങ്ങാൻ തന്നെക്കൊണ്ട് സാധിക്കില്ല എന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
വീട് അതേപടി നിലനിർത്താൻ ഒടുവിൽ മൊർതുസ വഴിയും കണ്ടെത്തി. വീട് അപ്പാടെ അൽപം നീക്കിവയ്ക്കുക. ഏറെ തിരഞ്ഞശേഷം ഒടുവിൽ ഇത് സാധ്യമാക്കാൻ സഹായിക്കുന്ന, ബീഹാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയെ അദ്ദേഹം കണ്ടെത്തി. വിഭജനപ്രകാരം നിലവിൽ വീട് ഇരിക്കുന്ന സ്ഥലത്ത് നിന്നും 20 അടി അകലെയാണ് മൊർതുസയ്ക്കു ലഭിച്ച വീതം. ഇത്രയും ദൂരത്തേക്ക് വീട് മാറ്റി നൽകാമെന്ന് കമ്പനി ഉറപ്പു നൽകി.
അങ്ങനെ പ്രധാനമായും നാലു തൂണുകൾ അടങ്ങുന്ന വീട് നീക്കാനുള്ള നടപടികൾ ജനുവരി രണ്ടിന് ആരംഭിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയുടെയും അതിനൂതന ഉപകരണങ്ങളുടെയും സഹായത്തോടെയാണ് അടിത്തറയടക്കം വീട് നിർമിച്ച സ്ഥലത്തുനിന്ന് അൽപാൽപമായി നീക്കുന്നത്. ആദ്യഘട്ടത്തിൽ 10 അടി അകലത്തിലേക്ക് വീട് നീക്കിവയ്ക്കാൻ സാധിച്ചു. അത്യപൂർവ്വമായ കാഴ്ച കാണാൻ പ്രദേശവാസികളെല്ലാം വീട്ടുപരിസരത്ത് തടിച്ചു കൂടുന്നുണ്ട്. അധികം വൈകാതെതന്നെ വീട് കേടുപാടുകൾ കൂടാതെ 20 അടി അപ്പുറം എത്തിക്കാൻ സാധിക്കും. ഈ പ്രക്രിയയ്ക്ക് മുഴുവനായി വരുന്ന ചെലവ് ഏകദേശം നാല് ലക്ഷം രൂപയാണെന്ന് മൊർതുസ പറയുന്നു.