ADVERTISEMENT

അദ്ധ്വാനിക്കാൻ തുടങ്ങിയ നാൾ മുതൽ കരുതിവച്ച പണം മുഴുവൻ ഒരു വീടിനുവേണ്ടി ചെലവഴിക്കുക! വീടിനുവേണ്ടി കൂടുതൽ ചെലവാക്കുന്നത് പാഴാണ് എന്ന കാര്യം മലയാളി മെല്ലെ മറന്നു തുടങ്ങിയിരിക്കുന്നു. സുഖകരമായി ജീവിക്കാൻ പാകത്തിനുള്ള വീട് വേണം. പക്ഷേ, വീടു കണ്ടാൽ കീശയുടെ വലുപ്പമല്ല, വീട്ടുകാരുടെ തലച്ചോറിന്റെ അളവാണ് മറ്റുള്ളവർ മനസ്സിലാക്കേണ്ടത്.

1. ഇപ്പോൾ താമസിക്കുന്ന വീട്ടിൽ ഏതെല്ലാം മുറികൾ, എങ്ങനെയെല്ലാം ഉപയോഗിക്കുന്നു എന്ന് ഓർക്കുക. നൂറുശതമാനവും ഉപയോഗിക്കാത്ത ഏതെങ്കിലും മുറിയുണ്ടെങ്കിൽ അത്തരമൊരു മുറി അനാവശ്യമാണെന്ന് ഉറപ്പിക്കാം. കഴിവതും ഒരു മുറി ഒന്നിൽ കൂടുതൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ ക്രമീകരിക്കുക.

2. മുകളിലെ നിലയിൽ ഒരു റൂം മാത്രമാണെങ്കിൽ അത് മെസനിൻ ഫ്ലോർ പോലെ നിർമിക്കുന്നതാണ് ലാഭകരം. ഇരുമ്പ് തൂണുകളിൽ ഭാരം താങ്ങുന്ന വിധത്തിൽ മുറിയാക്കിമാറ്റാം. ഫെറോസിമന്റ് ബോര്‍ഡുകൾ, ഫൈബർ സിമന്റ് ബോർഡുകൾപോലുള്ള നിരവധി ഉത്പന്നങ്ങൾ ഭിത്തി നിർമിക്കാൻ ലഭിക്കും. പിന്നീട് വേണമെങ്കിൽ എടുത്തുമാറ്റുകയും ചെയ്യാം.

3. ഫിനിഷിങ് സമയത്താണ് ഏറ്റവുമധികം പാഴ്ചെലവ് ഉണ്ടാവുക. സുന്ദരമായതും സൗകര്യങ്ങൾ കൂടിയതുമായ നിരവധി നിർമാണവസ്തുക്കൾ വിപണിയിലുണ്ട്. ഇഷ്ടപ്പെട്ട സാധനം ബജറ്റിലൊതുങ്ങുന്നതാണോ എന്നും നോക്കണം. കണ്ട് ഇഷ്ടപ്പെട്ടു അപ്പോൾ ബജറ്റൊന്നും നോക്കിയില്ല എന്ന ന്യായീകരണം ചെലവ് നിയന്ത്രിക്കാൻ സഹായിക്കില്ല.

4. നിർമാണ സാമഗ്രികളും ഫിനിഷിങ് സാമഗ്രികളും തിര‍ഞ്ഞെടുക്കുമ്പോൾ അവസാന തീരുമാനം വീട്ടുകാരുടേതാകണം. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിരവധി അഭിപ്രായങ്ങൾ പറഞ്ഞെന്നുവരാം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അവർ സ്വന്തമായി വീടുവയ്ക്കുമ്പോള്‍ പ്രയോഗത്തിൽ ആക്കാനുള്ളതാണ് എന്ന് ഓർക്കുക.

house-exp
Image Generated through AI Assist

5. ഫ്ലോറിങ് വളരെയധികം ചെലവു വരുന്ന വിഭാഗമാണ്. ചെലവു കുറയ്ക്കണം എന്നുണ്ടെങ്കിൽ കടയിൽ സ്റ്റോക്ക് കുറഞ്ഞ് മാറ്റിവച്ച ടൈലുകൾ എടുക്കാം. എല്ലാ മുറികളിലേക്കും ഒരേ പാറ്റേൺ കിട്ടില്ല എന്നതാണ് ഇതിന്റെ ന്യൂനത. ഒരു മുറിയിലേക്കു മാത്രം ഒരു തരം പാറ്റേൺ എന്ന കണക്കിനോ ഒരു മുറിയിലേക്ക് രണ്ട് പാറ്റേണുകളുടെ കോംബിനേഷനായോ എടുക്കാം.

6. ഭിത്തി നിർമാണത്തിൽ ചെലവു ചുരുക്കാനുള്ള ഏക മാർഗം ഡിസൈൻ ഏറ്റവും ലളിതമാക്കുകയാണ്. എക്സ്റ്റീരിയറിന്റെ ഭംഗി കൂട്ടാനെന്ന ഭാവത്തിൽ കൂടുതൽ മുഖപ്പുകളും തൊങ്ങലുകളും നിർമിക്കുന്നത് ചെലവു കൂട്ടും. നിസ്സാരമായ കുറച്ചു നിർമാണ സാമഗ്രികളാണോ വില കൂട്ടുക എന്നാകും ചിന്ത. പക്ഷേ, നിർമാണ സാമഗ്രികളുടെ വില പോലെത്തന്നെയോ അതിലിരട്ടിയോ പണിക്കൂലിയും വരുമെന്നത് ആരും ഓർക്കാറില്ല. വീടുപണിയുമ്പോൾ 100 രൂപയ്ക്കുപോലും അതിന്റേതായ വിലയുണ്ട്.

7. ചരിച്ചു പണിയുന്ന മേൽക്കൂരകൾ ആദ്യം ഫ്ലാറ്റായി വാർത്ത് പിന്നീട് ട്രസ് ചെയ്യുകയാണ് ഇപ്പോൾ സാധാരണയായി ചെയ്യുന്നത്. വാർക്കാതെ, ഇരുമ്പുകൊണ്ട് ഫ്രെയിം നിർമിച്ച് അതിനു മുകളിൽ ഓടു വയ്ക്കുന്നതു ചെലവു കുറയ്ക്കും. ചൂടു കുറയും, സ്റ്റോറേജ് ലഭിക്കും എന്നെല്ലാം കാരണങ്ങൾ പറഞ്ഞ് ട്രസ് ചെയ്ത് എടുക്കുന്ന സ്ഥലം പലപ്പോഴും പ്രാവിന്റെയും ചെറുജീവികളുടെയും മറ്റും താവളമായി മാറാൻ സാധ്യതയുണ്ട്.

house-construction
Image generated using AI Assist

8. ഇലക്ട്രിക്കൽ, പ്ലമിങ് വിഭാഗം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. വീട്ടുകാർക്ക് അറിവു കുറഞ്ഞ വിഷയങ്ങളിലായിരിക്കും നഷ്ടം കൂടുതല്‍ ഉണ്ടാകുക. എല്ലാ മുറികളിലും ടൂവേ സ്വിച്ചുകളും പ്ലഗ് പോയിന്റുകളും ഭാവിയിൽ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപകരണങ്ങൾക്കുള്ള പോയിന്റുകളുമെല്ലാം സ്ഥാപിച്ച് ഭിത്തി നിറയ്ക്കണമെന്ന നിർബന്ധമാണ് പലർക്കും. എന്നാൽ പ്ലഗ് പോയിന്റ് കൂടുന്നതനുസരിച്ച് പലപ്പോഴും ത്രീഫേസ് കണക്ഷൻ എടുക്കേണ്ടതായിവരെ വരാം.

9. തടികൊണ്ടുള്ള സാധനങ്ങൾ വീട്ടിൽ വേണമെന്ന് ആഗ്രഹിക്കുന്നവർ അതനുസരിച്ച് പണവും കരുതണം. അറക്കുമ്പോഴും എടുത്തു വയ്ക്കുമ്പോഴുമെല്ലാം ഉടമസ്ഥന്റെ കണ്ണെത്തിയില്ലെങ്കിൽ തടി പാഴാകാൻ സാധ്യതയുണ്ട്. മാത്രമല്ല, തടിയിലെ ജലാംശം പൂർണമായി മാറിയിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. തടി വാങ്ങുന്നതുപോലെത്തന്നെ ചെലവേറിയ മറ്റൊരു കാര്യമാണ് പോളിഷിങ്. തടി സാധനങ്ങൾ ഈടു നിൽക്കണമെങ്കില്‍ നല്ല പോളിഷിങ് ആവശ്യമാണ്.

10. സിറ്റ്ഔട്ടിൽ നീളൻ പടികൾ നിർമിക്കുന്നത് വീടിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുമെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഈ ‘ചെറിയ’ ആഗ്രഹം മതി ബജറ്റിൽ ‘വലിയ’ മാറ്റം വരുത്താൻ എന്നറിയുമോ? നീളൻ പടിയിലേക്കു വേണ്ട നിർമാണസാമഗ്രികൾ ബജറ്റില്‍ മാറ്റം വരുത്തും. ഗ്രാനൈറ്റ് ചില്ലറക്കാരനല്ല! ചതുരശ്രയടിക്ക് 100 രൂപ വരുന്ന ഗ്രാനൈറ്റ്, അഞ്ച് ചതുരശ്രയടി കൂടിയാൽത്തന്നെ 500 രൂപ കൂടുമെന്ന് ഓർക്കുക, വിരിക്കാനുള്ള പണിക്കൂലി വേറെയും.

English Summary:

House Construction Mistakes to Avoid extra cost- Things to Know

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com