തീം ഉണ്ടോ...തീം; നല്ലൊരു ഇന്റീരിയറിന് ആദ്യം വേണ്ടത് നല്ല ഫ്ലോർ പ്ലാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Mail This Article
വീടിന് ഒരു തീം ഉണ്ടെങ്കിൽ, ബാക്കി കാര്യങ്ങളും അതിനോട് ഇണങ്ങിനിൽക്കുന്നതാണ് ഭംഗി. ഫ്ലോറിങ് വസ്തുക്കൾ, മരപ്പണി, മെറ്റൽവർക്, ഫർണിച്ചർ, സോഫ്റ്റ് ഫർണിഷിങ് സാമഗ്രികൾ, ഇലക്ട്രിക്കൽ സാമഗ്രികൾ, ലൈറ്റ് തുടങ്ങിയ കാര്യങ്ങളെല്ലാം പൊതു തീമിനോടു ചേർത്തുവയ്ക്കാം. കളർസ്കീമിനുവേണ്ടി മാത്രം ഓരോ സ്ഥലത്തും ഓരോ തീം കൊണ്ടുവന്നാൽ ചെലവു കൂടിയേക്കാം. കിടപ്പുമുറികൾ ആർക്കൊക്കെ വേണ്ടിയാണ് എന്നു തീരുമാനിച്ചാൽ അതനുസരിച്ച് ഉപയോഗയോഗ്യമാക്കണം. ഉദാഹരണത്തിന്, ഫ്ലോട്ടിങ് സ്റ്റൈൽ കട്ടിൽ കുട്ടികളുടെ മുറിയിൽ ഇടാം.
അതേ കട്ടിൽ വയോധികരായ മാതാപിതാക്കൾ താമസിക്കുന്ന മുറിയിൽ ഇട്ടാൽ അത്രകണ്ട് ഉപകാരപ്രദമാവണമെന്നില്ല. കിടക്കകളുടെ കാര്യവും അതുപോലെതന്നെ. നല്ലൊരു ഇന്റീരിയറിന് ആദ്യം വേണ്ടത് നല്ല ഫ്ലോർ പ്ലാനാണ്. ഓരോയിടത്തും ഇടേണ്ട ടൈലുകളും ഗ്രാനൈറ്റും തീരുമാനിച്ചുറപ്പിച്ചു വേണം പണി തുടങ്ങാൻ. ബാത്റൂമിൽ മിനുസമുള്ള ടൈലുകൾ വേണ്ട. മാറ്റ് ഫിനിഷ് ആണ് നല്ലത്. വില കൂടിയ ടൈലുകൾ കോമൺ ഏരിയയിൽ മാത്രമാക്കിയാൽ പണം ലാഭിക്കാം.

∙ ഫ്ലോറിങ്ങിൽ ടൈലുകളും പ്രകൃതിദത്ത വസ്തുക്കളും ലഭിക്കും. തീമിന് അനുസരിച്ചാണ് ഇതു തിരഞ്ഞെടുക്കേണ്ടത്.
∙ പെയിന്റ് ചെയ്യുമ്പോൾ തീം നോക്കുന്നതിനൊപ്പം ചില ആരോഗ്യകാര്യങ്ങൾകൂടി ശ്രദ്ധിക്കാം. വീടിന്റെ പുറംഭിത്തിയിൽ ഉപയോഗിക്കുന്ന പെയിന്റ് അകത്ത് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീടിനകത്തുമാത്രം ഉപയോഗിക്കാനുള്ള പെയിന്റുകളും കമ്പനികൾ പുറത്തിറക്കുന്നുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് ഭിത്തിയും സീലിങ്ങും ഭംഗി കൂട്ടുന്നതിനും പ്രചാരമുണ്ട്. വെട്ടുകൽഭിത്തികൾ അങ്ങനെതന്നെ നിലനിർത്തിയും സിമന്റ് ഫിനിഷിങ് നൽകിയും ഭംഗികൂട്ടാം. വിവിധ നിറങ്ങളിലുള്ള കുമ്മായങ്ങളുമുണ്ട്. സീലിങ് പോളിഷ് ചെയ്യുമ്പോൾ വേണമെങ്കിൽ സ്റ്റെയ്നർ ചേർത്തു നിറങ്ങൾ നൽകാം.
∙ ഇന്റീരിയറിന് ഭംഗികൂട്ടുന്ന മറ്റൊരു ഘടകമാണ് ലൈറ്റിങ്. അലർജിയുണ്ടാക്കുന്ന ലൈറ്റുകൾ ഒഴിവാക്കണം. അത്യാവശ്യംവേണ്ട ലൈറ്റുകൾ ഏതൊക്കെയെന്നു തീരുമാനിച്ചാൽ ചെലവും ചുരുക്കാം. എൽഇഡി ലൈറ്റുകളാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ളത്. വിലക്കുറവുമാത്രം നോക്കാതെ, ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വാങ്ങിയാൽ ഭാവിയിലെ ‘തലവേദന’ കുറയ്ക്കാം. ഇലക്ട്രിക്കൽ പോയിന്റുകളും കൃത്യമായി ചെയ്യണം. മുറിയിൽ എസിയുണ്ടെങ്കിൽ അതിന്റെ സ്ഥാനവും പ്രധാനമാണ്.

∙ ലൈറ്റിങ്ങിന് വളരെ പ്രാധാന്യമുണ്ട്. വാം ടോൺ എൽഇഡി ലൈറ്റുകൾ മുറിക്ക് പ്രത്യേക മൂഡ് നല്കും. ഭിത്തിയിലെ നിറങ്ങൾക്ക് കൂടുതൽ ശോഭ പകരുന്നതാകണം ലൈറ്റിങ്. വോൾ ആർട്, ക്യൂരിയോസ് എന്നിവയെ എടുത്ത് കാണിക്കാൻ സ്പോട് ലൈറ്റിങ് ഉപയോഗിക്കാം.
∙ ഇന്റീരിയർ ഭംഗിയാക്കുന്നതിനിടയിൽ സ്റ്റോറേജ് സ്പേസിന്റെ കാര്യം മറന്നുപോകരുത്. അലക്ഷ്യമായി ഇട്ടിരിക്കുന്ന വസ്തുക്കൾ ഇന്റീരിയറിന്റെ ശോഭ കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
∙ എല്ലാ മുറിയും ഒരു പോലെ തോന്നിക്കാതെ വ്യത്യസ്ത തീമുകളിൽ ഒരുക്കാൻ ശ്രദ്ധിക്കുക. ഒരു മുറിയിലെ കർട്ടൻ, വോൾപേപ്പർ, പെയിന്റിങ്ങുകൾ, കിടക്കവിരി, ക്യൂരിയോസ് തുടങ്ങിയവയിലെല്ലാം ഏകതാനത കൊണ്ടുവരാൻ ശ്രമിക്കുക.
∙ കോണിപ്പടിക്കടിയിലെ സ്ഥലം വെറുതേയിട്ടാൽ പൊടി പിടിച്ച് നാശമാകും. ഒരു കംപ്യൂട്ടർ ടേബിൾ സ്ഥാപിച്ച് ഓഫിസ് സ്പേസ് ആക്കിയെടുക്കാം. പെബിൾകോർട്, വാഡ്രോബ് തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്.

∙ വെള്ള നിറത്തിലുള്ള മുറിയാണെങ്കിൽ ആക്സസറികളിലൂടെ നിറം നൽകാം. ഫർണിഷിങ്, ഫ്ലോറിങ്, ജനാലകൾ, കർട്ടൻ തുടങ്ങിയവയിൽ വിവിധ നിറങ്ങൾ പരീക്ഷിക്കാം.