'10 ലക്ഷത്തിന് വീട് വച്ചുതരും': റീലിൽ കാണുന്നത് എല്ലാം റിയൽ അല്ല: 'ലോകോസ്റ്റ് വീട്' എന്ന കെണിയിൽ വീഴരുത്

Mail This Article
സമൂഹമാധ്യമങ്ങളിൽ എക്കാലത്തും ട്രെൻഡിലുള്ള വിഡിയോകൾ ശ്രദ്ധിച്ചാൽ അറിയാം അതില്‍ ബജറ്റ് വീടുകളുണ്ടാകും. അതു കണ്ടിട്ട് ആകെയുള്ള രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് ബജറ്റിൽ വീടു പണിയാമെന്ന് ആഗ്രഹിച്ചു പോകും. ഈ ആഗ്രഹം തെറ്റല്ലെങ്കിലും റീലുമാത്രം കണ്ട് വീടു പണിക്കായി ഇറങ്ങുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം.
വീടെന്ന ആഗ്രഹം മനസ്സിലിട്ടു താലോലിക്കുന്ന ഒരു ശരാശരി മലയാളി. വലിയ ബജറ്റൊന്നുമില്ല. ഭംഗിയുള്ള ഒരു കുഞ്ഞു വീടുമതി. പതിവുപോലെ റീലുകൾ മാറി മാറി കണ്ടു കൊണ്ടിരിക്കുമ്പോൾ അതാ കാണുന്നു ഒരു സുന്ദരൻ വീട്. വെറും പത്തുലക്ഷം രൂപയ്ക്ക് നിങ്ങൾക്കും ഇതുപോലൊന്നു സ്വന്തമാക്കാമെന്ന ക്യാപ്ഷനും. ഇതിനപ്പുറം നിങ്ങൾക്കു ലാഭിക്കാനില്ലെന്ന് വാചകക്കസർത്തു നടത്തുന്ന അവതാരകനും. ശ്ശെടാ, പത്തുലക്ഷം രൂപയേ ഉള്ളോ, എന്നാലൊന്നു നോക്കിയേക്കാമെന്നു പറഞ്ഞു ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന നമ്പറിലേക്കു വിളിക്കുന്നു. വിളിച്ചു സംസാരിച്ചു വരുമ്പോഴാണ് യാഥാർഥ്യമറിയുന്നത്. വീടിന്റ സ്ട്രക്ചർ മാത്രമായിരിക്കും ഈ പറഞ്ഞ തുക. അല്ലെങ്കിൽ ബദൽസാമഗ്രികളോ പുതിയ െടക്നോളജികൊണ്ടുള്ള പരീക്ഷണവീടുകളോ ആയിരിക്കും. അതുമല്ലെങ്കിൽ വീടിന്റെ വലുപ്പം വിഡിയോയിൽ കണ്ടതിലും വളരെ ചെറുതായിരിക്കും. പരസ്യം മാത്രം ലക്ഷ്യമിട്ടു കൊണ്ടു വരുന്ന റീലുകൾക്കു പിന്നാലെ പോകുമ്പോൾ അബദ്ധം പറ്റാതിരിക്കാനായി ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

∙പ്രവൃത്തി പരിചയമുള്ള ആർക്കിടെക്ടിനെയോ ഡിസൈനറെയോ കോൺട്രാക്ടറെയോ കണ്ടെത്തുക. അവർ െചയ്ത വീടുകൾ കാണുക. ആ വീട്ടുകാരോടു നേരിട്ടു സംസാരിക്കുക. അതു കൃത്യമായ നിഗമനങ്ങളിലേക്കെത്താൻ സഹായിക്കും.
∙റീലുകളിലെ ബജറ്റ് വീടുകണ്ട് അന്വേഷണങ്ങൾ നടത്തുമ്പോൾ ആ ടീം നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന നിർമാണസാമഗ്രികൾ, അതിന്റെ വാറന്റി എന്നീ കാര്യങ്ങൾ കൃത്യമായി ചോദിച്ചു മനസ്സിലാക്കുക.
∙ചതുരശ്രയടി കുറയുന്നതിനനുസരിച്ച് വീടിന്റെ ബജറ്റും കുറയും. കുടുംബത്തിലെ ആളുകളുടെ എണ്ണവും ആവശ്യമായ മറ്റു സൗകര്യങ്ങളും മനസ്സിലാക്കിക്കൊണ്ടുള്ള ഡിസൈനിനു പ്രഫഷനൽ സഹായം തന്നെ സ്വീകരിക്കുക. വലുപ്പം തീരുമാനിക്കുമ്പോൾ വീട്ടിലെ ആളുകളുടെ എണ്ണവും പ്രായവുമെല്ലാം പരിഗണനയിലെടുക്കണം. ഇതും ബജറ്റ് നിർണയിക്കുന്നതില്‍ പ്രധാനമാണ്.
∙പറമ്പ് ഒരുക്കുന്നതു മുതൽ മതിലുകെട്ടി ഗേറ്റുവയ്ക്കുന്നതു വരെ വീടുപണിയുടെ ബജറ്റിന്റെ ഭാഗംതന്നെയാണ്. ഓരോന്നിനും എത്രത്തോളം മാറ്റിവയ്ക്കണമെന്ന് പ്ലാൻ വേണം.
∙ചെലവു കുറവു വരുന്ന ബദൽസാമഗ്രികളുണ്ട്. വിബോർഡ്, ഫെറോ സിമന്റ്, സ്റ്റീൽ ഫ്രെയിമിൽ പാർട്ടീഷൻ ബോർഡ്, ഇന്റർലോക്ക് കട്ടകൾ മുതലായവയെല്ലാം വീടുപണിയുടെ ചെലവു കുറയ്ക്കുന്നവയാണ്. താൽപര്യമനുസരിച്ച് ഇത്തരം മാർഗങ്ങൾ സ്വീകരിച്ചാൽ ഉദ്ദേശിക്കുന്ന ബജറ്റിൽ വീടുപണി തീർക്കാം.
∙ലേബർ കോണ്‍ട്രാക്റ്റ് കൊടുക്കുന്നതും ബജറ്റ് തെറ്റാതെ സഹായിക്കും. പക്ഷേ, വീട്ടുകാർ ആദ്യാവസാനം അധ്വാനിക്കേണ്ടി വരും. നിർമാണത്തൊഴിലാളികളുടെ മുഴുവൻ മേൽനോട്ടവും ആവശ്യംവരുന്നതിനനുസരിച്ച് ഓരോ വസ്തുവും വാങ്ങാനായി പോകുന്നതുമെല്ലാം അത്ര എളുപ്പമല്ല. സാധനങ്ങൾ ബാക്കിവന്നാൽ അതും നഷ്ടമാണ്.
∙അതതു പ്രദേശത്തു ലഭ്യമായ വസ്തുക്കൾകൊണ്ടു നിർമിച്ച ബജറ്റ് വീടുകണ്ട് മറ്റൊരു സ്ഥലത്ത് അതേ ബജറ്റിൽ വീടുവയ്ക്കുക പ്രായോഗികമല്ല. വടക്കൻ കേരളത്തിൽ 15 ലക്ഷത്തിനു പണിത ഒരു വീട് അതേ തുകയ്ക്ക് തെക്കൻ കേരളത്തിൽ നിർമിക്കാനാകില്ല. സത്യസന്ധരായ ടീമാണെങ്കിൽ ക്ലയന്റിന്റെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി എത്ര രൂപയിൽ വീടുപണി പൂർത്തിയാക്കാമെന്നു പറഞ്ഞു തരും.
∙വീടുനിർമാണവുമായി ബന്ധപ്പെട്ട റീലോ യൂട്യൂബ് വിഡിയോയോ കാണുമ്പോള്‍ പൂർണമായി കാണുക. മിക്ക പേജുകളും ഡിസ്ക്രിപ്ഷനിൽ നിർമാണസാമഗ്രികളുടെയും ബജറ്റിന്റെയും വിവരങ്ങൾ കൊടുത്തിട്ടുണ്ടാകും. അപൂർണമായ വിവരങ്ങളാണെങ്കിൽ ശ്രദ്ധിച്ചു വേണം മുന്നോട്ടു നീങ്ങാൻ. വീടുപണിക്കായി ഉപയോഗിക്കുന്ന ഉൽപന്നങ്ങളെക്കുറിച്ചും അവയുടെ നിലവിലെ മാർക്കറ്റ് റേറ്റും കൃത്യമായി പഠിക്കുകയാണ് ഒരു കസ്റ്റമർ ആദ്യം ചെയ്യേണ്ടത്.
റഫറൻസായി സോഷ്യൽമീഡിയയിൽ നിന്ന് ആശയങ്ങൾ എടുക്കാമെങ്കിലും ശ്രദ്ധയോടെ മാത്രം പണം മുടക്കുക.