ADVERTISEMENT

ഇടയ്ക്ക് മഴയുണ്ടെങ്കിൽപോലും കേരളത്തിലെ വീടുകൾ ചൂടാറാപ്പെട്ടികളായി തുടരുന്ന സമയമാണിത്. ഫാനിട്ടാൽ പോലും ചൂടിന് ശമനമില്ല. എസി എത്രപേർക്ക് താങ്ങാനാകും? കറന്റ് പോയാൽ വിയർത്തൊലിക്കുന്ന സാഹചര്യം.

സ്‌കൂൾ അവധിക്കാലമായിട്ടും മിക്ക വീടുകളിലും പഴയതുപോലെ അതിഥിസന്ദർശനങ്ങളോ ഒത്തുചേരലുകളോ കാണാനില്ല. അതിനൊരു കാരണം ചൂടുതന്നെ. അങ്ങേയറ്റത്തെ പരിസ്ഥിതി സ്നേഹിയും പണം ചെലവഴിക്കാൻ ലേശം പിശുക്കുമുള്ള എന്റെയൊരു സുഹൃത്തുപോലും ഈ മാസം എസി വാങ്ങിച്ചു. 

എസി വാങ്ങിക്കാൻ വലിയ വിഭാഗമാളുകൾ പ്രാപ്തരായി എന്നത് ചില്ലറ കാര്യമാണോ? അല്ല. പക്ഷേ എസി വാങ്ങുന്നത് പ്രാപ്തിയുടെ ലക്ഷണമേയല്ല. ഗതികേടുതന്നെയാണ് പ്രധാന കാരണം. പുത്തൻ വീട് വച്ച് ഹൗസ് വാമിങ്ങിന് അളിയനോടും ബന്ധുക്കളോടും ഇപ്പോൾ പലരും സമ്മാനമായി എസി ആവശ്യപ്പെടുന്നവരുണ്ടത്രെ...

ബെഡ്റൂമിൽ മാത്രം പോരല്ലോ എല്ലാ ഇടങ്ങളിലും എസി വേണം. ഭാവിയിൽ കേന്ദ്രീകൃത ശീതീകരണ സംവിധാനം തന്നെയാവും നമ്മുടെ വീടുകൾക്കകത്തും ആവശ്യം വരുക. അത്തരത്തിലാണ് കാലാവസ്ഥയുടെ പോക്ക്.

പണിത വീടുകളെപ്പറ്റിയിനി ആലോചിച്ചിട്ട് കാര്യമൊന്നുമില്ല. ചൂട് കുറയ്ക്കാൻ പല ചെപ്പടി വിദ്യകളും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടെങ്കിലും വലിയ ഫലമൊന്നുമില്ല. പണിയാൻ പോകുന്ന വീടുകൾ എങ്ങനെയാവണം എന്നതിനെപ്പറ്റി നാം ഇനിയെങ്കിലും ആലോചിച്ചേ പറ്റൂ.

ഇനി വീടുകൾ നിർമിക്കുമ്പോൾ ചൂട് എന്ന യാഥാർഥ്യത്തെ നിർബന്ധമായും നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്. എളുപ്പ വഴി എസിവാങ്ങിവയ്ക്കലാണ്. എസി വാങ്ങി ഉഷ്ണത്തെ നേരിടാൻ ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കും സാധിക്കണമെന്നില്ല. അത് വലിയൊരു സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഏർപ്പാടാണ്. മാത്രമല്ല വൈദ്യുതിക്ക് വിലയേറിവരുന്നുമുണ്ട്. 

ഇന്ത്യയിലെ എല്ലാ വീടുകളിലും എസി വച്ചാൽ അതിനുമാത്രം വൈദ്യുതി നാം നിർമിക്കുന്നുണ്ടോ എന്ന ചോദ്യവും ബാക്കിയുണ്ട്. ഊർജോപഭോഗം  കുറയ്ക്കുന്ന ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്.

അതിന് നാം നിലവിലെ ട്രെൻഡുകളിൽനിന്ന് വഴിമാറി നടക്കണം. ഒരുദാഹരണം പറയാം. 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വീടിന്റെ പ്ലാസ്റ്ററിങ് പ്രതലം എത്രയാണെന്ന് ഊഹിച്ചിട്ടുണ്ടോ?

ഏകദേശം 10000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പ്ലാസ്റ്ററിങ് പ്രതലം കാണും. ഇത്രയും വിസ്തീർണ്ണത്തിൽ വീട് അന്തരീക്ഷത്തിൽ നിന്ന് പകൽ ചൂട് ആഗിരണം ചെയ്യുന്നുണ്ട്. സംഭരിച്ചു വയ്ക്കുന്നുമുണ്ട്. ഇതിന് പുറമെയാണ് 5 ഇഞ്ച് കനത്തിൽ വാർത്തിരിക്കുന്ന കോൺക്രീറ്റ്,സ്ലാബും അതിനകത്തെ കമ്പിയും. ഇതും അന്തരീക്ഷത്തിൽ നിന്ന് ചൂട് ആഗിരണം ചെയ്യുന്നു, സംഭരിക്കുന്നു. പിന്നെയുള്ളത് ലിന്റലും സൺഷേഡും അവയും ഉഷ്ണത്തെ ഊറ്റിക്കുടിച്ച് സംഭരിച്ച് വീർത്ത് നിൽക്കുന്നു.  ഇവയെല്ലാം കൂടി രാത്രിയിൽ ചൂട് പുറത്തേക്ക് തള്ളുമ്പോഴാണ് വീടിന്റെ തനി സ്വഭാവം നാം നേരിട്ട് കാണുന്നത്.

എന്താണ് പ്രതിവിധി?

പ്ലാസ്റ്ററിങ് പ്രതലം കുറക്കണം.

house-view

എന്താണ് മെച്ചം?

ഒന്ന് : മണൽ സിമന്റ് വെള്ളം ഉപയോഗം കുറക്കാം. പെയിന്റിങ് ഏരിയ കുറയ്ക്കാം. ഒപ്പം പണിക്കാശും ലാഭം.

രണ്ട് : ചൂട് കുറക്കാം.

ഇനിയുള്ളത് മേൽക്കൂര അഥവാ റൂഫിന് കോൺക്രീറ്റ് എന്ന പരമ്പരാഗത ധാരണ നാം തിരുത്തണം. പകരം കളിമൺ ഉൽപന്നമായ മേച്ചിലോടിലേക്ക് തിരിച്ച് പോകണം.

മൂന്നാമതായി ഭിത്തിക്ക് വ്യാപകമായി ഉപയോഗിക്കുന്ന സിമന്റ് കട്ടകൾ മനഃപൂർവ്വം ഒഴിവാക്കണം. അവയും നല്ല താപ സംഭരണികൾ തന്നെ. പകരം ചുടുമൺകട്ട, ചുടാത്ത മൺകട്ട, ഇന്റർലോക് മൺകട്ടകൾ, പൊറോതേം ബ്രിക്സ് എന്നിവ ഭിത്തികൾ നിർമിക്കാൻ ഉപയോഗിക്കുക. അനാവശ്യമായി കടുംവർണ്ണങ്ങൾ ഭിത്തിയിൽ വാരിപൂശാതിരിക്കുക.

ഇപ്പോൾ തന്നെ പലരും നെറ്റി ചുളിക്കുന്നുണ്ടാവും; തേപ്പില്ലാത്ത വീടോ?

അതെ, തേപ്പില്ലാത്ത വീട് തന്നെയാണ് ചൂടിന് ഉചിതമായ മറുപടി.  സിമന്റും മണലും കോൺക്രീറ്റും കമ്പിയും കുറഞ്ഞ വീടുകൾ തന്നെയാണ് ഒരു പരിധിവരെ ചൂടിനെ പ്രതിരോധിച്ച് നിൽക്കാൻ കെൽപ്പുള്ളതാവുന്നത്.

വീടിന്റെ ഏതെങ്കിലും ഒരു ഭാഗം ഇരട്ടി ഉയരത്തിലേക്ക് പണിയുന്നതും പരമാവധി ഭിത്തികൾ കുറക്കുന്നതും ഗ്ലാസിന്റെ സാന്നിധ്യം  കുറയ്ക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.

തറവിസ്തീർണ്ണ ധാരാളിത്തത്തിന് മുൻഗണന കൊടുത്ത് അത്യാഢംബരത്തോടെ വീട് പണിയുന്നതിനേക്കാൾ, ചൂട് പ്രതിരോധം ലക്ഷ്യമാക്കി, പണിയുന്ന വീടുകൾക്കാകും ഇനിയുള്ള കാലത്ത് നമ്മെ നന്നായി സമാധാനിപ്പിക്കാനും സന്തോഷിപ്പിക്കാനുമാവുക. സർവ്വോപരി ഇനി അത്തരം വീടുകൾക്കകത്തേ മനുഷ്യർക്ക് ജീവിക്കാനാവൂ.

English Summary:

Scorching Summer Heat in House- Reason and Solutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com