കാലംമാറി; ഇനി വീടിനായി പണിയെടുക്കരുത്; വീട് 'പണിയെടുത്ത്' വരുമാനം ഉണ്ടാക്കട്ടെ!

Mail This Article
വീടിന്റെ ഒന്നാംനില വാടകയ്ക്ക് കൊടുക്കുന്നതിനെപറ്റി ഗൗരവത്തിൽ ആലോചിക്കേണ്ട സമയമാണിത്. ഒന്നാം നിലയില്ലാത്തവരാണെങ്കിൽ അത് പണിയുന്നതിനെപ്പറ്റി ആലോചിക്കലുമാവാം. ഒന്നാംനില മാത്രമല്ല പ്രധാനപാതയോട് ചേർന്ന് വീട് വയ്ക്കുന്നവർക്ക് വീടിനോട് ചേർന്ന് ഒന്നോ രണ്ടോ കടമുറികൾ കൂടി പണിതിടുന്നതിലും തെറ്റില്ല. ഭാവിയിലേക്ക് ആ കടമുറികൾ പ്രയോജനപ്പെട്ടേക്കാം. അതല്ലെങ്കിൽ മറ്റാർക്കെങ്കിലും വാടകയ്ക്കും കൊടുക്കാം.
ഇനി വീടിന്റെ ഒന്നാംനില. ഒന്നാം നില അത്രക്ക് അത്യാവശ്യമാണോ എന്ന ചോദ്യം ചോദിച്ചു തുടങ്ങിയിട്ട് ഏറെ കാലമൊന്നുമായിട്ടില്ല. ചില സമ്മർദ്ദങ്ങൾ, സ്വാധീനങ്ങൾ, ചെറിയ മൽസരങ്ങൾ, മനഃസംതൃപ്തികൾ, ചെറിയ സൗകര്യങ്ങൾ...ഇതൊക്കെയാണ് ഒന്നാം നിലയുടെ നിർമ്മാണത്തിന് പ്രേരിപ്പിക്കുന്ന അരമന രഹസ്യങ്ങൾ.
ഏറെ വൈകാതെ ഒന്നാംനില നിശ്ശബ്ദമാകും. മക്കൾ മുതിരുന്നതോടെ പഠനാവശ്യത്തിനോ ജോലി ആവശ്യാർത്ഥമോ വീട്ടിൽ നിന്ന് അകന്ന് നിൽക്കുന്നതോടെ വീടിന്റെ ഒന്നാം നില പതിയെ താഴത്തെ നിലയിൽ നിന്ന് ഒറ്റപ്പെടും. ഗോവണിയിൽ ആൾ പെരുമാറ്റം ഇല്ലാതാവും. ടെറസിലേക്ക് ആരും പോകാതെയാവും. ബാൽക്കണിയിൽ പ്രാവുകൾ മാത്രം കുറുകും. നരിച്ചീറുകൾ തമ്പടിക്കും. അതുകൊണ്ടാണ് ഒന്നാം നില വേണമോ അത്രക്ക് ആവശ്യമാണോ എന്നൊക്കെ പലരും ചോദിക്കുന്നത്.
തങ്ങളുടെ ക്ലയിന്റ്‌സിനോട് ഒന്നാം നില വേണമോ എന്ന ചോദ്യം ഇനി മുതൽ ചോദിക്കേണ്ടതില്ല, മറിച്ച് ഒന്നാം നില വാടകയ്ക്ക് കൊടുക്കുന്നതിനെ പറ്റി ആലോചിച്ചു കൂടെ എന്ന് ഡിസൈനേഴ്സിന് ചോദിക്കാം. പ്രത്യേകിച്ച് കുടുംബം കുടുംബാംഗങ്ങൾ എന്നിവയൊക്കെ വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ.
ഒന്നാം നില നമ്മൾക്ക് വേണ്ടെന്ന് തോന്നുന്നുവെങ്കിൽ വാടകക്ക് കൊടുക്കാം. അങ്ങനെയെങ്കിൽ വാടകക്കാർക്കു കൂടി ഉപയോഗിക്കാൻ പാകത്തിൽ ഗോവണി നിർമ്മിക്കണം. രണ്ട് എൻട്രൻസ് വേണ്ടി വരും. ഇനി അഥവാ ഒരു മുൻവാതിൽ മാത്രം മതിയെങ്കിൽ അത് തുറന്നയുടൻ ഗോവണി വേണം. വാടകക്കാരന് ഉപയോഗിക്കാൻ. അങ്ങനെയെങ്കിൽ പുറമെ നിന്നുള്ള കാഴ്ചയിൽ ഗോവണിയോ മുകൾനിലയിലെ വാതിലോ വരില്ല.
അതല്ല വീടിന് അകത്തൂടെ പ്രവേശനം വേണ്ടെങ്കിൽ പുറത്ത് ഭിത്തിയോട് ചേർന്ന് ഗോവണിയാവാം. ഇരുമ്പ് കോൺക്രീറ്റ് എന്നിവയിൽ ഗോവണിയുണ്ടാക്കാം.വീടിനകത്ത് നിന്നും പുറത്തുനിന്നും ഒന്നാം നിലയിലേക്ക് പ്രവേശനം കിട്ടത്തക്കവിധത്തിലും രൂപകൽപന ചെയ്യാവുന്നതാണ്.
ഒന്നാംനില വാടകക്ക് കൊടുക്കുന്നെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. സെപ്റ്റിക്ക് ടാങ്കിന്റെ വ്യാപ്തം, മുകൾനിലയിൽ അടുക്കള, അവരുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കൃത്യമായ ഇടങ്ങൾ, അവർക്കായി മാത്രമുള്ള ഗേറ്റ്, തുണി അലക്കാനും ഉണക്കാനുമുള്ള ഇടങ്ങൾ.. മാത്രമല്ല അവർക്കുപയോഗിക്കാനുള്ള ഗ്യാസ് സിലിണ്ടർ പോയിന്റും അവിടെ നിന്ന് അടുക്കളയിലേക്ക് ഗ്യാസ് പൈപ്പും ഒക്കെ ആസൂത്രണം ചെയ്യേണ്ടി വരും.
മുകളിൽ ആളുകൾ നടക്കുന്നതിന്റെയോ കുട്ടികൾ കളിക്കുന്നതിന്റെയോ ശബ്ദം താഴൊട്ട് വരാതിരിക്കാൻ ഫാൾസ് സീലിങ്ങുമാകാം. ചുരുക്കത്തിൽ ഒന്നാംനില മികച്ച രീതിയിൽ രൂപകൽപന ചെയ്താൽ നല്ല ഹോം സ്റ്റേകളാക്കുകയും ചെയ്യാം. അതായത് വീടിനൊപ്പം വരുമാനം മാത്രമല്ല, വലിയ ഇരുനില വീട്ടിനകത്തെ കനത്ത ഏകാന്തതക്കും നിശ്ശബ്ദതക്കും ഇരുട്ടിനും കള്ളനെ ഭയന്നുള്ള ജീവിതത്തിനും ഒരു പരിഹാരം കൂടിയാണ് മുകൾനിലയിൽ മറ്റൊരു കുടുംബം താമസിക്കുന്നത്.