അതിർത്തിത്തർക്കം; ഇത്തിരി മണ്ണിനായി അയൽവാസിയുടെ കൊള്ളരുതായ്മ; എന്നിട്ട് എന്തുനേടി? അനുഭവം

Mail This Article
"സ്വന്തം വസ്തു അളന്നു തിട്ടപ്പെടുത്താൻ അയൽവാസി സമ്മതിക്കുന്നില്ല..."
ഇത്തരം പരാതികൾ പലരും ഉന്നയിച്ചു കേട്ടിട്ടുണ്ട്. നിങ്ങളുടെ വസ്തു അളന്നാൽ അയൽകാരന്റെ വസ്തുവിൽനിന്ന് അനധികൃതമായതെന്തൊ നഷ്ടപ്പെടും എന്ന ഭയത്തിലാണ് അയാൾ അളവ് തടസ്സപ്പെടുത്തുന്നത് എന്നത് വ്യക്തം.
ഇനി എന്റെ അനുഭവം പറയാം. ഒരേക്കറിന് മുകളിലുള്ള ഞങ്ങളുടെ വസ്തുവിൽനിന്ന് വർഷങ്ങൾക്ക് മുൻപ് കുറച്ചു സ്ഥലം ഞങ്ങൾ മറ്റൊരാൾക്ക് വിറ്റു. അയാൾ അവിടെ വീട് വച്ച് താമസവും ആയി. കുറച്ച് വർഷങ്ങൾക്ക് ശേഷം ഈ വസ്തുവിനോട് ചേർന്ന 15 സെന്റ് സ്ഥലം മറ്റൊരാൾക്കും ഞങ്ങൾ വിറ്റു. പക്ഷേ ഈ 15 സെന്റ് കുറച്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ തന്നെ തിരിച്ചെടുത്തു. അപ്പോഴാണ് ആദ്യം വസ്തു വിറ്റ ആളുടെ ഭാഗത്തു നിന്നും ഒരു തർക്കം വന്നത്.
രണ്ടാമത് 15 സെന്റ് വസ്തു വിൽപന നടത്തുമ്പോൾ അതിർത്തി കല്ല് അദ്ദേഹത്തിന്റെ 'വസ്തു'വിലാണ് ഇട്ടത്, അതുകൊണ്ട് ആ കല്ലും, കല്ല് നിൽക്കുന്ന അത്രയും സ്ഥലവും അയാളുടെതാണ് എന്നാണ് അയാളുടെ വാദം.
നമ്മൾ വസ്തു വിൽക്കുമ്പോൾ ഒരിക്കലും അപ്പുറത്തുള്ള വസ്തുവിൽ അതിർത്തി കല്ല് ഇടുകയില്ല. (അതിന് ആരും സമ്മതിക്കുകയില്ല, അത് ന്യായവുമല്ല.) പലരും പറഞ്ഞിട്ടും ഈ വസ്തുതയൊന്നും അയാൾ അംഗീകരിച്ചില്ല. ഈ 15 സെന്റ് വസ്തു അളന്ന് കല്ലിട്ടിരുന്നത് നാട്ടിലെ പ്രമുഖ ആധാരമെഴുത്തുകാരനാണ്. അദ്ദേഹം വന്നു ആധാരവും അളവും കൃത്യമായി കാണിച്ചു കൊടുത്തിട്ടും അയൽവാസി സമ്മതിച്ചില്ല.(ഞങ്ങളുടെ പിതാവ് ജീവിച്ചിരിക്കുമ്പോഴാണ് ഈ വിൽപനയൊക്കെ നടന്നത്. ഈ തർക്കം നടക്കുമ്പോൾ പിതാവ് ജീവിച്ചിരിപ്പില്ലായിരുന്നു)
ന്യായവും സത്യവും തെളിവുസഹിതം പലരും പറഞ്ഞിട്ടും അയൽവാസി അതൊന്നും അംഗീകരികരിക്കാൻ തയാറല്ലായിരുന്നു. സത്യവും ന്യായവും പൂർണ്ണമായും അയാൾക്ക് എതിരാണന്നു കണ്ടപ്പോൾ അയാൾ അടവൊന്നു മാറ്റി:
"അയാളുടെ വസ്തുവിലാണ് കല്ലിട്ടിരിക്കുന്നത് എന്ന് ഞങ്ങളുടെ പിതാവ് പറഞ്ഞിട്ടുണ്ടായിരുന്നു" എന്നതായിരുന്നു പിന്നത്തെ വാദം.
ഈ പറഞ്ഞത് പച്ചക്കള്ളമാണ് എന്നറിഞ്ഞിട്ടും ജീവിച്ചിരിപ്പില്ലാത്ത ഞങ്ങളുടെ പിതാവ് അങ്ങനെ പറഞ്ഞു എന്ന് അയാൾ (കളളം) പറഞ്ഞപ്പോൾ ഞങ്ങളുടെ സത്യസന്ധമായ വാദം അവിടെ അവസാനിപ്പിക്കുകയായിരുന്നു. ഒടുവിൽ വഴക്ക് തുടരാൻ താൽപര്യമില്ലാതെ, ആ അതിർത്തി കല്ലും ആ ഭാഗത്തുള്ള (നീളത്തിൽ) അത്രയും സ്ഥലവും അയൽവാസിക്ക് ഞങ്ങൾ വിട്ടുനൽകുകയും ചെയ്തു.
ഒരുതരി മണ്ണിനുവേണ്ടി ആളുകൾ കാണിച്ചുകൂട്ടുന്ന കൊള്ളരുതായ്മകൾ എത്ര ക്രൂരമാണ് എന്ന് പറയാനാണ് ഈ അനുഭവം പറഞ്ഞത്. എന്നിട്ടവർ എന്ത് നേടി...?
ഞാനീ പറഞ്ഞ സംഭവത്തിലെ കഥാപാത്രം പിന്നീട് ആ വസ്തു മറ്റാർക്കൊ വിറ്റു മറ്റെവിടേക്കൊ പോയി. (പിന്നീടദ്ദേഹം മരണപ്പെടുകയും ചെയ്തു) ഈ വിഷയം കൈകാര്യം ചെയ്ത രീതിയിൽ അവസാനകാലത്ത് അദ്ദേഹം വല്ലാതെ കുറ്റബോധവും മനോവിഷമവും അനുഭവിച്ചിരുന്നു എന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്.
**
സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അയൽവാസികളുമായിട്ടുള്ള അതിർത്തി തർക്കങ്ങൾക്ക് പരിഹാരം തേടിയുള്ള പോസ്റ്റുകൾക്കടിയിൽ "അയാളെ രണ്ട് പൊട്ടിക്ക്, പൊലീസിൽ കേസ് കൊടുക്ക്".. ഇങ്ങിനെയുള്ള പ്രകോപനമായ രീതിയിൽ പലരും പ്രതികരിച്ചു കാണാറുണ്ട്.
ആരെന്ത് പ്രകോപനം പറഞ്ഞാലും ശരി, അയൽപക്കവുമായുള്ള ഇത്തരം തർക്കങ്ങൾ നല്ല ക്ഷമയോടെയും രമ്യതയോടെയും പരിഹരിക്കാൻ ശ്രമിക്കണം എന്നാണ് എന്റെ അഭിപ്രായം. "അകലെയുള്ള ബന്ധുവിനേക്കാൾ നല്ലത് അടുത്ത് കിടക്കുന്ന ശത്രുവാണ് എന്നാണല്ലൊ!"