സിറ്റൗട്ടിൽ നായശല്യം: പയറ്റിയ വിദ്യകൾ ഫലംകണ്ടില്ല; ഒടുവിൽ ട്വിസ്റ്റ്! അനുഭവം

Mail This Article
ഉമ്മറത്ത് നായ കയറുന്നത് ഒഴിവാക്കാൻ വല്ല എളുപ്പവഴികളുമുണ്ടോ...? പലരും ചോദിക്കുന്ന ചോദ്യമാണിത്. എന്റെ വീടിന്റെ സിറ്റൗട്ട് തുറന്നുകിടക്കുകയാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ നായശല്യം സ്ഥിരമായിരുന്നു. സിറ്റൗട്ടിൽ നായ കയറി വൃത്തികേടാക്കുന്നതിനേക്കാൾ പ്രശ്നം, കുട്ടികളുടെ ചെരുപ്പ്, ഷൂ,, ഇതെല്ലാം കടിച്ചു കീറുന്നതും, വീട്ടിൽ വളർത്തുന്ന പൂച്ചക്കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുന്നതുമൊക്കെയാണ്. അർദ്ധ രാത്രിയിൽ കുരച്ചും തമ്മിൽ കടികൂടിയും ബഹളമുണ്ടാക്കുന്നത് അതിലേറെ പ്രയാസം.
നായയെ അകറ്റാൻ പലതരം വിദ്യകളും പയറ്റി നോക്കി, ഒന്നും വേണ്ടത്ര ഫലം കണ്ടില്ല. പലതരം നിറങ്ങളിൽ വെള്ളം കുപ്പിയിലാക്കി സിറ്റൗട്ടിൽ അങ്ങിങ്ങായി വയ്ക്കുന്നത് നായ കയറുന്നത് തടയുന്നതിന് ഒരുപരിധിവരെ ഫലം കണ്ടിരുന്നു. സിറ്റൗട്ടിൽ LED സ്ട്രിപ്പ് ലൈറ്റിട്ടാൽ നായകൾ കയറുന്നത് ഏറെക്കുറെ ഒഴിവാക്കാൻ പറ്റുമെങ്കിലും തൊട്ടടുത്ത വീട്ടുകാർക്കത് വലിയ പ്രയാസമുണ്ടാക്കും.
ഈ ഇടയ്ക്കാണ് സ്ഥിരം ശല്യക്കാരായ നായക്കൂട്ടത്തിലെ ഒരുവന് ശരീരത്തിന് അല്പം ക്ഷീണം ബാധിച്ചത്. ഒരു ദിവസം രാവിലെ നോക്കുമ്പോൾ പുള്ളിക്ക് എഴുന്നേൽക്കാനും നടക്കാനുമൊന്നും പറ്റാതെ പോർച്ചിൽ ഒരേ കിടപ്പാണ്. കുട്ടികൾ കക്ഷിയെ കുറച്ചു ദിവസം വീട്ടിൽ കിടത്തി ചികിൽസിച്ച് രോഗമെല്ലാം സുഖപ്പെടുത്തുകയും, നല്ല ഭക്ഷണമെല്ലാം കൊടുത്ത് കക്ഷിയുടെ ശരീരം നന്നായി പുഷ്ടിപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ സ്നേഹപരിലാളനയും (എന്റെ ബീവിയുണ്ടാക്കുന്ന) നാവിന് രുചിയുള്ള ഭക്ഷണവും കിട്ടിയപ്പോൾ പുള്ളി പിന്നെ വീട്ടിൽ തന്നെയങ്ങ് സ്ഥിരതാമസമാക്കി. കുട്ടികൾ അവനൊരു പേരും നൽകി 'ടോമി'.
അങ്ങനെ ടോമി ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി. ടോമി വന്നതിൽ പിന്നെ ഒറ്റ 'നായിന്റെ മക്കളെയും' പറമ്പിലേക്ക് കാലെടുത്തു കുത്താൻ ടോമി സമ്മതിച്ചിട്ടില്ല. (തിന്ന ചോറിന് നന്ദി കാട്ടാൻ ഇവരേക്കാൾ നല്ല ജീവി ഭൂമുഖത്തു വേറെ ഇല്ലല്ലൊ...)
വളരെ സൗമ്യപ്രകൃതക്കാരനായ ടോമി കുട്ടികളുമായി കളിച്ചും രസിച്ചും അവർ കൊടുത്തതും കഴിച്ച് യാതൊരു പരാതിയും പരിഭവവുമില്ലാതെ എവിടെയെങ്കിലും ചുരുണ്ടുകൊള്ളും. ശല്യം ചെയ്യാൻ വന്നിരുന്ന അവന്റെ കൂട്ടുകാരും ബന്ധു മിത്രാദികളും ടോമി വന്നതിൽ പിന്നെ ആ പരിസരത്തേക്ക് വന്നിട്ടേയില്ല!
'മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന' ഈ വിദ്യ വേണെങ്കിൽ നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്...