Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് വീടിനെ ബന്ധിപ്പിക്കുന്ന പാലം!

stair-fashion ഉചിതമായ സ്ഥാനം, അനുയോജ്യമായ ആകൃതി... അറിയാം നല്ല സ്റ്റെയർകെയ്സിന്റെ ലക്ഷണങ്ങൾ.

ഒന്നിൽക്കൂടുതൽ നിലകളായാണ് വീട് പണിയുന്നതെങ്കിൽ സ്റ്റെയർകെയ്സ് ഒഴിവാക്കാനാകില്ല. അക്ഷരാർഥത്തിൽ വീടിന്റെ രണ്ട് നിലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ആണ് സ്റ്റെയർകെയ്സ്. അതിനാല്‍ത്തന്നെ വീട്ടിലെ ഏറ്റവും മർമപ്രധാനമായ ഇടങ്ങളിലൊന്നാണിത്. പക്ഷേ മിക്കവരും സ്റ്റെയർകെയ്സിന്റെ കാര്യത്തിൽ വലിയ ജാഗ്രത പുലർത്താറില്ല എന്നതാണ് വാസ്തവം. വളരെയധികം പണം ചെലവഴിച്ച് നിർമിച്ച വീടുകളുടെ ഡിസൈൻ പോലും ഉദ്ദേശിച്ചത്ര ഫലപ്രദമാകാത്തതിന്റെ പ്രധാന കാരണം അസ്ഥാനത്തുള്ള സ്റ്റെയർകെയ്സ് ആയിരിക്കും. ഉചിതമായ സ്ഥാനത്ത് അനുയോജ്യമായ ഡിസൈനിലുള്ള സ്റ്റെയർകെയ്സ് വരുമ്പോഴാണ് കാര്യങ്ങൾ ഭംഗിയാകുക.

മെലിഞ്ഞ് കൂടുതൽ സുന്ദരനായി

stair-trends ഭാരം കുറഞ്ഞതും കാഴ്ച മറയ്ക്കാത്തതുമായ ഡിസൈനിലുള്ള സ്റ്റെയർകെയ്സ് ആണ് ഇപ്പോൾ ട്രെൻഡ്.

വണ്ണം കുറഞ്ഞ് സുന്ദരന്മാരായ സ്റ്റെയർകെയ്സുകളാണ് ഇപ്പോഴത്തെ താരങ്ങള്‍. മുറിയുടെ നല്ലൊരു പങ്ക് അപഹരിക്കുന്ന ഭീമാകാരന്മാരെ ഇപ്പോൾ ആരും അടുപ്പിക്കുന്നില്ല. വീടിന്റ അവശ്യസർവീസ് ഗണത്തിൽപ്പെട്ട ‘ഫങ്ഷനൽ സ്പേസ്’ എന്നതിനൊപ്പം കാഴ്ചയ്ക്ക് പൊലിമയേകുന്ന ‘ഡിസൈനർ സ്പേസ്’ എന്നനിലയിലേക്ക് സ്റ്റെയർകെയ്സ് മാറി എന്നതാണ് മറ്റൊരു വിശേഷം. അതിശയിപ്പിക്കുന്ന രൂപങ്ങളിലും പല നിർമാണവസ്തുക്കളുടെ കോംബിനേഷനിലൂടെയും സ്റ്റെയർകെയ്സ് നിർമിക്കുന്ന ശൈലിക്ക് പ്രചാരം കൂടാനുള്ള കാരണവും ഇതുതന്നെ.

staircase-new-trends

കോൺക്രീറ്റും കട്ടയും ഉപയോഗിച്ചുള്ള സാധരണ സ്റ്റെയർകെയ്സിൽ നിന്ന് വ്യത്യസ്തമായി തടി, സ്റ്റീല്‍, ഗ്ലാസ് എന്നിവയൊക്കെ ഉപയോഗിച്ചുള്ള സ്റ്റെയർകെയ്സുകളാണ് ഇപ്പോൾ ട്രെന്‍ഡ്. പടികളിൽ എൽഇഡി സ്ട്രിപ് ലൈറ്റ് നൽകുന്നതും ഉള്ളിൽ ലൈറ്റ് ഉള്ളതരം ഗ്ലാസ്, അക്രിലിക് ഹാൻഡ്റെയിലുകൾ പിടിപ്പിക്കുന്നതുമടക്കം സ്റ്റെയർകെയ്സിന്റെ മോടികൂട്ടാനും ഇഷ്ടംപോലെ വഴികളുണ്ട്. സ്റ്റെയർകെയ്സിനോട് ചേർന്ന് കോർട്‌യാർഡ്, ചെറിയ ഗാർഡൻ എന്നിവ ഒരുക്കി ആഘോഷമാക്കുന്നതും ഇപ്പോൾ പതിവാണ്.

റെഡിമെയ്ഡിനും നല്ലകാലം

stair-new-trends

ആവശ്യാനുസരണം പിടിപ്പിക്കുകയും പിന്നീട് അഴിച്ചുമാറ്റുകയും ചെയ്യാവുന്ന റെഡിമെയ്ഡ് സ്റ്റെയർകെയ്സുകൾക്കും ഇപ്പോൾ നല്ലകാലമാണ്. സ്റ്റീൽ, ഗ്ലാസ്, തടി എന്നിവകൊണ്ടാണ് ഇത്തരം സ്റ്റെയർകെയ്സ് തയാറാക്കുന്നത്. ഭാരക്കുറവ്, കാഴ്ചയ്ക്കുള്ള ഭംഗി എന്നിവയാണ് ഇവയുടെ പ്രത്യേകതകള്‍. പഴയ വീടിനു മുകളിൽ പുതിയതായി ഒന്നോ രണ്ടോ മുറി കൂട്ടിച്ചേർക്കുന്നതുപോലെയുള്ള സാഹചര്യങ്ങളിലും ഇവ വളരെയധികം പ്രയോജനപ്പെടും.

സ്റ്റെയർകെയ്സിന്റെ ആകൃതിയെയും അളവുകളെയും കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ ഗുണം ചെയ്യും.

∙ സാധാരണഗതിയിൽ വീടിന്റെ സ്റ്റെയർകെയ്സിന് 18–22 പടികൾ ഉണ്ടാകും. നടുവിൽ ലാൻഡിങ് സ്പേസും ഉണ്ടായിരിക്കും.

∙ പടികൾക്ക് 15–18 സെമീ പൊക്കമാണ് അനുയോജ്യം. പടിയുടെ പൊക്കത്തിന് ‘റൈസ്’ എന്നാണ് പറയുക.

∙ പടിയുടെ വീതി (കാൽ ചവിട്ടുന്ന ഭാഗം) 30 സെമീ ആകുന്നതാണ് ഉത്തമം. ‘ട്രെഡ്’ എന്നാണിത് അറിയപ്പെടുന്നത്.

∙ പടിക്ക് ഒന്ന് മുതൽ 1.2 മീറ്റർ വരെ നീളം ആകാം.

∙ പത്തോ പന്ത്രണ്ടോ പടികൾ കഴിയുമ്പോൾ നിർബന്ധമായും ലാൻഡിങ് നൽകണം.

∙ ലാൻഡിങ്ങില്‍ നിന്ന് വലതുവശത്തേക്ക് (ക്ലോക്ക്‌വൈസ്) ആണ് തിരിവ് നൽകേണ്ടത്.

∙ കൈവരിക്ക് പടിയിൽ നിന്ന് 85–95 സെമീ പൊക്കമാണ് വേണ്ടത്. കൈവരികൾ തമ്മിലുള്ള അകലം 10 സെന്റിമീറ്ററിൽ കൂടുന്നത് സുരക്ഷിതമല്ല.

∙ പെട്ടെന്ന് തെന്നാത്ത മെറ്റീരിയൽ കൊണ്ട് പടി നിർമിക്കുന്നതാണ് സുരക്ഷിതം.

വിവരങ്ങൾക്ക് കടപ്പാട്:

സനിൽ ചാക്കോ, ആർക്കിടെക്ട്, സ്പേസ്‌സ്കേപ് ആർക്കിടെക്ട്സ്, തൃശൂർ