Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറ്റുള്ളവരെ അനുകരിച്ച് വീട് പണിയുമ്പോൾ ഇതൊന്നു ശ്രദ്ധിക്കുക!

jayan-bilathikulam കണ്ണുമടച്ചു കണ്ടംപ്രററി ശൈലിയിൽ വീടുചെയ്യുന്നതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ രസകരമായി പറയുകയാണ് ഡിസൈനർ ജയൻ ബിലാത്തിക്കുളം.

കണ്ടംപ്രററി വീടുകൾ ഇന്നൊരാവേശമാണ്. പക്ഷേ, സമീപഭാവിയിൽത്തന്നെ കെട്ടടങ്ങിപ്പോകാനിരിക്കുന്ന ഈ ആവേശം തലവേദന സൃഷ്ടിക്കുന്നു. ഒരിക്കലും രക്ഷപ്പെടാനാവാത്ത കുരുക്കിനകത്തു ചെന്നു പതിച്ച് ശ്വാസം മുട്ടുന്ന ഈയൊരവസ്ഥ നമുക്കു വേണമെങ്കിൽ ഒഴിവാക്കുവാനാകുമായിരുന്നില്ലേ? ആർട്ടിസ്റ്റും ഡിസൈനറുമായ ജയൻ ബിലാത്തിക്കുളവുമായി ഒരഭിമുഖം. 

ചെറിയൊരു വീടും ഒരുപാടു സങ്കൽപങ്ങളുമായി തുടങ്ങുകയും പിന്നീട് ഒരായുഷ്കാലം മുഴുവൻ വീടു സമ്മാനിക്കുന്ന ദുരിതങ്ങളിൽ പെടാപ്പാടു പെടുകയും ചെയ്യുന്ന സാധാരണക്കാരെ ഇന്നു കാണാം. കണ്ടംപ്രററി/ ന്യൂ ജനറേഷൻ ഗൃഹസങ്കൽപങ്ങളാണോ ഈ ബുദ്ധമുട്ടുകൾക്കു കാരണം?  കാൽനൂറ്റാണ്ടിനപ്പുറത്തായി പണിത പല കോൺക്രീറ്റ് കെട്ടിടങ്ങളും പ്രേതഭവനങ്ങൾപോലെ പൂപ്പലും ചെളിയും ചെടിയും വിളകളും കയറി നശിക്കുന്ന കാഴ്ചയ്ക്കും കാരണമെന്തായിരിക്കും? 

കണ്ടംപ്രററി എലിമെന്റ് എന്നത് യഥാർഥത്തിൽ ഒരു സ്റ്റേജ് സംവിധാനമാണ്. എളുപ്പം മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ എട്ടു മൈസൂർപാക്കുകൾ കുത്തിനിർത്തി, അതിനു മുകളിലായി ഗ്ലാസിടുന്ന ഒരു രീതി. ഫ്ലാറ്റായി നിർമിക്കുന്ന വലിയൊരു കെട്ടിടം, കൂറ്റൻ ഗ്ലാസ് ജനാലകൾ –തുറന്നടയ്ക്കുവാൻ എളുപ്പമല്ലെന്നു മാത്രമല്ല, വെളിച്ചം ധാരാളമായി കടന്നുവരുവാൻ മുൻതൂക്കം നൽകി ചെയ്യുന്ന ഈ സംവിധാനം പുറമേനിന്നും ചൂടിനെ ആഗിരണം ചെയ്ത് വീടിനകം ഒരു ഗ്യാസ് ചേമ്പറാക്കുന്നു. വീടിനകത്ത് ഫാൻ ഒന്നുമല്ലാതാവുകയും എയർകണ്ടീഷണറുകൾ അനിവാര്യതയാകുകയും ചെയ്യുന്നു. 

x-default

തീർന്നില്ല, ‘സ്പൈഡർമാനെ’ക്കൊണ്ടു മാത്രം തുറന്നടയ്ക്കുവാൻ സാധ്യമാകുന്ന തരത്തിലുള്ള ഈ ജനാലകൾ പൊടിപിടിച്ച് താമസക്കാരിൽ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. വേനലിൽ പൊട്ടിക്കീറുവാൻ സാധ്യത ഏറെയുള്ള സിലിക്കൺ പാളികൾക്കിടയിലൂടെ, ഭാവിയിൽ വർഷകാലത്ത് വെള്ളം കടന്നുവന്നേക്കാം. കൊടുംവേനലും കടുത്ത മഴയും കേരളത്തിന്റെ കാലാവസ്ഥാചര്യയാണെന്നോർത്തു വേണം ഓരോ ചുവടും മുന്നോട്ടു വയ്ക്കുവാൻ. 

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വീടുനിർമാണ മേഖലയിൽ വന്ന ദുരന്തമാണ് കണ്ടംപ്രററി കൺസെപ്റ്റ് എന്നു നിർവചിക്കേണ്ടി വരുമോ?പ്ലാസ്റ്റർ ഓഫ് പാരിസും പുട്ടിയും ഫാൾസ് സീലിങ്ങും ഇന്റീരിയർ ഡക്കറേഷനുകളും ലൈറ്റിങ് സംവിധാനവും- ഗൃഹനിർമാണത്തിൽ ഇവയുടെ ഉപയോഗങ്ങളെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്? 

ഒരു വീടു പണിതെടുക്കുമ്പോൾ പരമാവധി നിയന്ത്രിക്കേണ്ട വസ്തുക്കളാണിവ. ഞാൻ സംസാരിക്കുന്നത് സാധാരണക്കാരനോടും ലോണെടുത്ത് വീടു പണിയുന്നവനോടുമാണെന്നോർക്കണം. സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർക്ക് അതതു സമയങ്ങളിൽ വേണ്ട മാറ്റങ്ങൾ വീടിനകത്തു ചെയ്യുവാൻ കെൽപുണ്ടാകുമല്ലോ. രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് അറ്റകുറ്റപ്പണികളോടടുക്കുമ്പോൾ എല്ലാം പൊളിച്ചു വലിച്ചെറിഞ്ഞ് പുതുക്കിപ്പണിയുന്നതിനായി ഒരു കോൺട്രാക്ടറെ ഏൽപിച്ച് അവർക്കു മൂന്നോ നാലോ മാസം യൂറോപ്പിലോ അമേരിക്കയിലോ താമസിക്കാം. തിരിച്ചു വരുമ്പോൾ ഒരു പുതിയ വീടിനകത്തേക്കു വന്നു കയറുന്ന പ്രതീതി ലഭിക്കുകയും ചെയ്യും. 

false-ceiling-1

വീടിന്റെ ഇന്റീരിയർ എന്നത് ഒരു ഡിസൈൻ ഫ്ലോ ആണ്. ഏച്ചുകൂട്ടലുകൾക്കിവിടെ പ്രസക്തിയില്ല. എല്ലാം പരസ്പര പൂരകങ്ങളാകുന്നിടത്താണ് അതിന്റെ യുക്തിഭദ്രതയും സൗന്ദര്യവും. ആ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതൊന്നുംതന്നെ ഇടയിൽ കയറി വരരുത്. പ്ലാസ്റ്റർ ഓഫ് പാരീസിന്റെ സീലിങ് കുറെ വീടുകൾക്കെങ്കിലുമുണ്ട്. പേരുതന്നെ False ceiling എന്നാണല്ലോ. റിയൽ സീലിങ്ങിന്റെ  സാധ്യതയുള്ളപ്പോൾ നാമെന്തിനു ഫാൾസ് സീലിങ്ങിലേക്കു പോകണം?

interior-lighting-3

കണ്ടംപ്രററി വീടിനകത്തെ ലിവിങ് റൂമിൽ കയറിയാൽ സ്റ്റാർ ഹോട്ടലിനകത്തു കയറിയ അനുഭവമാകും. വീടിനകത്തേക്കു ഒരു കാരണവശാലും കയറ്റിക്കൂടാത്ത ചൈനയുടെ ലൈറ്റ്ഫിറ്റിങ്സ്, എൽഇഡി തരംഗം, വെനീർ, പ്ലൈവുഡ്, പ്ലാസ്റ്റർ ഓഫ് പാരിസ് ഇവ കൊണ്ടുള്ള ആലങ്കാരികത ഹോട്ടലിനോ മാളുകൾക്കോ ആവാം. അവിടെ ഒരു കൊമേഴ്സ്യൽ സെറ്റപ്പ് അനിവാര്യവുമാണ്. പക്ഷേ, ഈ കച്ചവടതന്ത്രം സ്വന്തം വീടിനകത്തു കയറ്റിയിട്ട് എന്തു നേടുവാനാണ്? 

interior-lighting-1

ദീർഘകാല നിലനിൽപില്ലാത്ത ഉരുപ്പടികളാണെന്നറിഞ്ഞുകൊണ്ടുതന്നെ പലരും ചെന്നു ചാടുന്നു. ഈർപ്പവും ചൂടും മാറി മാറി വന്നുകൊണ്ടിരിക്കുന്ന കണ്ടംപ്രററി വീടിന്റെ ഫാൾസ് സീലിങ് വേഗം ജീർണിക്കും. അതുപോലെ എൽഇഡി ലൈറ്റുകൾ. ചൈനയുടെ ലൈറ്റുകൾ പരമാവധി രണ്ടുകൊല്ലം നിൽക്കും. പിന്നീട് ആ അളവിലോ കാര്യങ്ങളിലോ പകരക്കാരെ കിട്ടില്ല. ഓരോ ബാച്ചും വ്യത്യസ്തമാകുമെന്നതിനാൽ കേടു വന്നവ അതേ അവസ്ഥയിൽ തുടർന്നു കൊണ്ടുപോകുവാനോ വലിച്ചെറിയുവാനോ മാത്രമേ കഴിയാവൂ. ജീവിതകാലത്തെ സമ്പാദ്യമാണ് വീടെന്നതും ഒരു ഘട്ടത്തിൽ വിൽക്കേണ്ട അവസ്ഥ വരുമ്പോൾ മതിയായ വില കിട്ടേണ്ടതുണ്ടെന്നും  ഓർത്തുകൊണ്ടുവേണം ഈ മേഖലയിലേക്കിറങ്ങുവാൻ. 

ഇതിന്റെ ഭാഗംതന്നെയായിരുന്നു കണ്ടംപ്രററിക്കും മുൻപ് അടിച്ചു കയറിയ കോൺക്രീറ്റ് സൗധങ്ങൾ, അതായത് സ്ലാബ് ഹൗസുകൾ! പാരപ്പറ്റ്, ഗ്ലാഡിങ്സ്, ഷോവോൾ, അലമാരകൾ, ഷോകേസുകൾ –കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത ഈ സ്ലാബ് ഹൗസുകളും ചോർന്നൊലിച്ച് അകവും പുറവും ജീർണിച്ച് സ്ലാബുകളിൽ പൂപ്പലും പൊടികളും വളർന്നു പൊട്ടിത്തൂങ്ങി വൃത്തികെട്ടു കിടക്കുന്നത് ഒരു പാഠമായി കേരളീയർ ഉൾക്കോള്ളേണ്ടതായിരുന്നു. 

contemporary

നിരപ്പായ മേൽക്കൂര പരാജയമാണെന്ന തിരിച്ചറിവിൽനിന്നു മറ്റൊരു മണ്ടത്തരത്തിലേക്ക് എടുത്തുചാടിയതാണ് ചെരിച്ചുള്ള കോൺക്രീറ്റ് റൂഫിങ് രീതി. കോൺക്രീറ്റ് എന്ന സങ്കൽപത്തിനുതന്നെ വിരോധമായ ഉദ്യമം! കോൺക്രീറ്റിനെ കൂട്ടിച്ചേർത്തു നിർത്തുന്ന gum activity സിമന്റും വെള്ളവുമാണെന്ന് ഓർക്കാത്തതാണോ കുഴപ്പം. ചെരിച്ചു വാർക്കുമ്പോൾ സിമന്റ് ഒലിച്ച് താഴെ ഒരുഭാഗത്തായി അടിഞ്ഞുകൂടി, മറ്റിടങ്ങളിൽ ഒരു പരസ്പരബന്ധവുമില്ലാതെ മണലും മെറ്റലും അവശേഷിക്കുകയല്ലേ? ഇതറിയുവാൻ ഒരു എൻജിനീയറിങ് വൈദഗ്ധ്യമൊന്നും ആവശ്യമില്ല. വെറും സാമാന്യബോധം തന്നെ ധാരാളം.

false-ceiling

തീർന്നില്ല, ഭാരസന്തുലനം കൃത്യമല്ലാത്തതിനാൽ ചിലയിടങ്ങളിൽ അധികഭാരം വന്നു ചുമരുകൾ വിണ്ടുതുടങ്ങും. റൂഫിലൂടെ വെള്ളം കയറും. ഉടനെ ഓട് നിരത്തുകയായി. ഓടിട്ടാലും ഇല്ലെങ്കിലും മഴക്കാലത്തു വെള്ളം അകത്തെത്തുമെന്നതിനു രണ്ടുപക്ഷമില്ല. ചെലവാണെങ്കിലോ അതും കൂടും. 

നൂറു സ്ക്വയർഫീറ്റ് ഫ്ലാറ്റായി വാർക്കുന്ന സ്ഥാനത്ത് ഇരുനൂറ് സ്ക്വയർ ഫീറ്റിന്റെ ചെലവു വരും ചെരിച്ചു വാർക്കുവാൻ. വികലമായ മറ്റൊരു കാഴ്ചപ്പാടാണിതും. സൺക്രാക്കിനെ അതിജീവിക്കുവാൻ കഴിയാത്തതിനാൽ വലിയ ഫ്ലാറ്റുകൾപോലും വിണ്ടടരുന്നു. മതിലുകൾക്കും ചുമരുകൾക്കും ഈ പ്രതിഭാസത്തെ അതിജീവിക്കുവാനാകില്ല.

രാജാക്കന്മാരല്ലേ രാജകൊട്ടാരങ്ങൾ പണിയൂ. അവർക്കതു സംരക്ഷിക്കുവാൻ കെൽപുള്ളതുകൊണ്ടാണത്. അവർ അൻപതിനായിരം സ്ക്വയർഫീറ്റിൽ വീടു പണിയട്ടെ, വീടിനകത്തു പത്തുലക്ഷം രൂപ ചെലവിട്ട് സ്വിമ്മിങ്പൂൾ ഉണ്ടാക്കട്ടെ. ഒരുപാടു പേർക്ക് ഈയവസരത്തിൽ ജോലി ലഭിക്കുമെന്നതാണതിന്റെ മഹത്ത്വം. പക്ഷേ, ആയിരം സ്ക്വയർഫീറ്റിൽ ബാങ്ക്‌ലോണുമായി വീടു പണിയുന്നവൻ എപ്പോഴും ഒന്നാലോചിക്കുന്നതു നന്നായിരിക്കും. 

Read more on Architect Interview Home Tips