Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ വീട്; ശ്വേതയുടെയും!

sujatha-shwetha-home ജീവിതത്തിൽ നിമിത്തമായി തേടിയെത്തിയ വീടുകളുടെക്കുറിച്ച് ഗായിക സുജാത മോഹൻ... ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ജനിച്ച വീട് മുതൽ ഇന്നുതാമസിക്കുന്ന ഫ്ളാറ്റ് വരെ നിരവധി വീടുകൾ എന്റെ ജീവിതത്തിൽ വന്നുപോയിട്ടുണ്ട്. ഓരോന്നും എന്റെ കരിയറിലും വ്യക്തി ജീവിതത്തിലും മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്.

അച്ഛന്റെ ഓർമ്മവീട്... 

ഞാൻ ജനിച്ചത് തിരുവനന്തപുരത്താണ്. കുഞ്ഞിലേ തന്നെ എറണാകുളം രവിപുരത്തെ കുടുംബവീട്ടിലേക്ക് ഞങ്ങൾ താമസം മാറി. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ബന്ധുക്കളുടെ വീടുകളും അടുത്തടുത്തായിരുന്നു. ധാരാളം കസിൻസിനൊപ്പമുള്ള കുസൃതിത്തരങ്ങളുമായാണ് എന്റെ ബാല്യം കടന്നുപോയത്. ഇതിനിടയ്ക്ക് പാട്ടിലേക്ക് കാലെടുത്തുവച്ചു. എനിക്ക് രണ്ടുവയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അമ്മയെ ഞങ്ങൾ സിഐഡി എന്നായിരുന്നു കളിയാക്കി വിളിച്ചിരുന്നത്. ഞങ്ങളുടെ കള്ളത്തരങ്ങൾ എല്ലാം കണ്ടുപിടിച്ചിരുന്നത് അമ്മയായിരുന്നു. അച്ഛന്റെ ഓർമ്മകൾ ഉറങ്ങുന്നതുകൊണ്ടാകാം ആ വീട് ഇപ്പോഴും ഞങ്ങൾ വിറ്റിട്ടില്ല...ഇടയ്ക്ക് കൊച്ചിയിൽ വരുമ്പോഴൊക്കെ ആ പഴയ ഓർമകളിലേക്ക് ഞാൻ പോകാറുണ്ട്.

18 വയസ്സിൽ മോഹനുമായുള്ള വിവാഹത്തോടെയാണ് രണ്ടാമത്തെ വീട് ജീവിതത്തിലേക്ക് കടന്നുവരുന്നത്. പാലക്കാടായിരുന്നു മോഹന്റെ വീട്. പക്ഷേ ഞാൻ പഠിക്കുകയായിരുന്നതുകൊണ്ട് പെട്ടെന്നുതന്നെ എറണാകുളത്തേക്ക് മടങ്ങിവന്നു. മോഹന്റെ അമ്മ ഉണ്ടാക്കിയിരുന്ന എരിവുള്ള പാലക്കാടൻ ഭക്ഷണമാണ് ആ വീടിനെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ ആദ്യം വരിക.

വാടക വീടുകളുടെ കാലം...

മോഹന് ചെന്നൈ അപ്പോളോയിൽ ജോലി കിട്ടിയതോടെ വാടകവീടുകളുടെ കാലം തുടങ്ങി. 1983 ലാണ് ഞാൻ ചെന്നൈയിൽ വരുന്നത്. രണ്ടു കിടപ്പുമുറികളും ഒരു ഹാളും മാത്രമുണ്ടായിരുന്ന കൊച്ചുവീട്. ഞങ്ങൾക്ക് ശ്വേത ജനിക്കുന്നത് ആ വീട്ടിൽ താമസിക്കുമ്പോഴാണ്. ശ്വേതയുടെ ചെറുപ്പകാലം ആ വീട്ടിലായിരുന്നു. അങ്ങനെ ആ വീടും എനിക്ക് സ്പെഷലായി. ആ ചെറിയ വീട്ടിൽ ഒരുപാട് ആൾക്കാരെ ക്ഷണിച്ചുകൂട്ടി ശ്വേതയുടെ പിറന്നാൾ പാർട്ടികൾ ഒക്കെ നടത്തിയത് ഇപ്പോൾ ഓർക്കുമ്പോൾ അതിശയമായി തോന്നാറുണ്ട്. ഇപ്പോൾ പ്രിയദർശനൊക്കെ താമസിക്കുന്നത് ആ വീടിനു സമീപത്താണ്.

sujatha-family

ചെന്നൈ സ്റ്റെർലിങ് റോഡിൽ ഉണ്ടായിരുന്ന ഒരു ഫ്ലാറ്റിലായിരുന്നു അടുത്ത താമസം. എന്റെ കരിയറിലെ പ്രിയപ്പെട്ട ഒരുപാട് ഗാനങ്ങൾ ഞാൻ പാടിയത്, അവാർഡുകൾ കിട്ടിയത്, ശ്വേത ആദ്യമായി സംസാരിച്ചത് ഒക്കെ ആ വീട്ടിൽ താമസിക്കുമ്പോഴാണ്. അപ്പോഴേക്കും ശ്വേത സ്‌കൂളിൽ പോയിത്തുടങ്ങി. വീടിനടുത്തുള്ള സ്‌കൂളിൽ തന്നെ അഡ്മിഷനും കിട്ടി. പദ്മം രാമൻകുട്ടി എന്നൊരു അമ്മയായിരുന്നു ഞങ്ങളുടെ അയൽക്കാരി. ഞാനും മോഹനും ജോലിക്കായി പോകുമ്പോൾ അമ്മയ്ക്ക് കൂട്ടിരിക്കുന്നതും ശ്വേതയെ നോക്കിയിരുന്നതും പദ്മംഅമ്മയായിരുന്നു. ഇത്തരം നല്ല അയൽബന്ധങ്ങളായിരുന്നു ആ കാലത്തിന്റെ പ്രത്യേകത.

സ്വന്തമായി വീട്...

sujatha-house

ആദ്യം ഹബീബുള്ള റോഡിൽ ഒരു വീട് മേടിച്ചു. അത് നല്ല രാശിയുള്ള വീടായിരുന്നു. ഒരുപാട് അവാർഡുകൾ ആ കാലഘട്ടത്തിൽ ലഭിച്ചു. അതിനുവേഷം സ്ഥലപരിമിതി ഒരു പ്രശ്നമായി തോന്നിയപ്പോൾ കുറച്ചുകൂടി വലിയ ഫ്ലാറ്റിലേക്ക് ഞങ്ങൾ മാറി. രണ്ടു ഫ്ലാറ്റുകൾ ഒരുമിച്ചെടുത്തു 2600 ചതുരശ്രയടിയുള്ള ഡുപ്ലെയ്‌ അപ്പാർട്മെന്റാക്കി മാറ്റി. അവിടെയാണ് കഴിഞ്ഞ 15 വർഷമായി ഞങ്ങൾ താമസിക്കുന്നത്. പാട്ടു പരിശീലിക്കാനായി മ്യൂസിക് റൂമും അവിടെ ഒരുക്കിയിട്ടുണ്ട്.

മുത്തശ്ശി വീട്...

sujatha-swetha

ശ്വേതയ്ക്ക് കുഞ്ഞുണ്ടായതോടെ കഴിഞ്ഞ സെപ്റ്റംബറിൽ ഞങ്ങൾ ശ്വേത താമസിക്കുന്ന അണ്ണാനഗറിലെ വീട്ടിലേക്ക് താമസം മാറി. ആദ്യമൊക്കെ വീടുവിട്ടുനിൽക്കാൻ വിഷമമുണ്ടായിരുന്നു. അതൊരു മൂന്നുനിലയുള്ള വീടാണ്. മുകൾനിലയിൽ ശ്വേതയും കുടുംബവും താഴത്തെ നിലയിൽ ഞങ്ങളും താമസമാക്കി. ഇപ്പോൾ ഞങ്ങൾക്ക് അവിടം സ്വന്തം വീടുപോലെയായി. കുഞ്ഞിനെ എപ്പോഴും കാണാം. താലോലിക്കാം...ഇപ്പോൾ ഞങ്ങളുടെ സ്വന്തം വീട് തൽക്കാലം വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ശ്വേതയുടെ വീടിന്റെ മുകളിൽ ഒരു ടെറസ് ഗാർഡൻ ഉണ്ട്, വൈകുന്നേരങ്ങളിൽ ഞങ്ങൾ കുടുംബാംഗങ്ങളെല്ലാം അവിടെ പാട്ടും കളിചിരിയുമായി ഒത്തുകൂടും.

ദാസേട്ടന്റെ വീട്...

ദാസേട്ടന്റെ ചെന്നൈയിലുള്ള വീട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ദാസേട്ടനും എന്നെപ്പോലെ വാടകവീടുകളിൽ ജീവിതത്തിന്റെ ഭൂരിഭാഗം ജീവിച്ചയാളാണ്. വീടുപണിയാനും മേൽനോട്ടത്തിനും സമയമില്ല എന്നതുതന്നെകാരണം. ദാസേട്ടൻ സ്വന്തമായി ഒരു വീട് പണിതിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ. ഒരു നിലയിൽ വിജു, ഒരുനിലയിൽ ദാസേട്ടൻ, ഒരുനില കോമൺ ഏരിയയും. നല്ല രസമാണ് ആ വീടിന്റെ ഇന്റീരിയർ ഒക്കെ അണിയിച്ചൊരുക്കിയിരിക്കുന്നത് കാണാൻ. ഉണ്ണിമേനോന്റെ വീടും എനിക്ക് ഇഷ്ടപ്പെട്ടാണ്. 

വീടുകൾ ക്രേസ്....

എനിക്ക് വീടുകൾ വളരെ ഇഷ്ടമാണ്. വീടിനെ കുറിച്ചുള്ള പരിപാടികളും മാഗസിനുകളുമൊക്കെ സ്ഥിരം കാണാറും വായിക്കാറുമുണ്ട്. നെറ്റിൽ വീടിന്റെ ഇന്റീരിയറുകൾ ഒക്കെ തിരയാറുണ്ട്. എനിക്ക് സിംപിൾ ആയ വീടുകളോടും ഇന്റീരിയറിനോടുമാണ് ഇഷ്ടം. ഞങ്ങളുടെ വീട് വലിയ ആഡംബരമൊന്നുമില്ലാതെ ഭംഗിയായി ഇന്റീരിയർ ചെയ്തിട്ടുണ്ട്. യാത്ര പോകുമ്പോൾ ഹോട്ടലിന്റെ ഇന്റീരിയർ ഒക്കെ ശ്രദ്ധിക്കാറുണ്ട്. എനിക്ക് ഒരുപാട് ആഡംബരങ്ങളോട് താല്പര്യമില്ല, വീട് സിംപിൾ ആയിരിക്കണം എന്നാൽ വൃത്തിയുള്ളതായിരിക്കണം. ശ്വേതയ്ക്ക് കൂടുതലും കന്റെംപ്രറി വീടുകളോടാണ് ഇഷ്ടം. എനിക്ക് ട്രഡീഷണൽ എത്നിക് വീടുകളോടും.

ഹോംസിക്ക്... 

മ്യൂസിക് ഷോകൾക്കായി വീട്ടിൽനിന്നിറങ്ങുമ്പോൾ തന്നെ എനിക്ക് ഹോംസിക്ക്നസ് തുടങ്ങും. ചിലപ്പോൾ കരച്ചിലൊക്കെ വരും. എത്ര ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചാലും സ്വന്തം വീടിന്റെ സുഖവും സന്തോഷവും ഒന്നുവേറെത്തന്നെയാണ്.