Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിൽ സിന്ധുവിന്റെ സ്വർഗരാജ്യം

sindhu-joy-house വീടോർമകളും പുതിയ വീടിന്റെ വിശേഷങ്ങളും സിന്ധു ജോയ് പങ്കുവയ്ക്കുന്നു.

ഒരുകാലത്ത് കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായികയായിരുന്നു സിന്ധു ജോയ്. ഇടയ്ക്ക് രാഷ്ട്രീയ ചുവടുമാറ്റം നടത്തിയും റിയാലിറ്റി ഷോയിൽ പങ്കെടുത്തുമൊക്കെ സിന്ധു വാർത്തകളിലിടം നേ‌ടി. 'സിന്ധുവെന്താ കല്യാണം കഴിക്കാത്തത്' എന്ന ചോദ്യക്കാരുടെ വായടപ്പിച്ച് കഴിഞ്ഞ മേയിൽ മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബിനെ വിവാഹം കഴിക്കുകയും ചെയ്തു. വാടക വീടുകളിലെ ജീവിതത്തിന് അന്ത്യം നൽകി സ്വന്തമായൊരു വീടെന്ന സ്വപ്നം കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണിപ്പോൾ സിന്ധു. വിവാഹം ജീവിതത്തിൽ ഒരു ട്വിസ്റ്റായിരുന്നുവെന്നും പലപ്പോഴും താനിപ്പോൾ സ്വപ്നം കാണുകയാണോ എന്ന് ചിന്തിക്കാറുണ്ടെന്നും ബ്രിട്ടനിലെ നോട്ടിങ്ഹാമിലെ പുതിയ വീട്ടിലിരുന്നു സിന്ധു പറയുന്നു. വീടോർമകളും പുതിയ വീടിന്റെ വിശേഷങ്ങളും സിന്ധു പങ്കുവയ്ക്കുന്നു. 

ആ വീട് ഒരിക്കലും മറക്കില്ല... 

sindhu-home

എന്റെ വീടോർമകളിൽ മുന്നിൽ നിൽക്കുന്നത് വാടക വീടുകൾ തന്നെയായിരിക്കും. അതിൽ ഇടപ്പള്ളിയിൽ താമസിച്ചിരുന്ന ഇരുനില വീട് മറക്കാനാവില്ല. ഡാഡിയും മമ്മിയും ഞാനും അനുജനും അനുജത്തിയുമൊക്കെ ഒരുമിച്ചു കഴിഞ്ഞ ആ കാലം എന്നും ഓർമകളിലുണ്ടാകും. സഹോദരങ്ങൾക്കൊപ്പം കളിചിരികളുമായി വളർന്നയിടമായതുകൊണ്ടാകാം മനസ്സിൽ അതാദ്യം ഓടിയെത്തുന്നത്.

ഇടപ്പള്ളി പള്ളിക്കടുത്തായിരുന്നു ആ വീട്, പള്ളിപ്പെരുന്നാളും നേർച്ചയുമൊക്കെ മറക്കാൻ കഴിയാത്ത ഓർമകളാണ്. അവിടെ നിന്നും മൂന്നാമത്തെ വാടകവീട്ടിലേക്കു മാറുന്ന സമയത്താണ് ഡാഡി മരിക്കുന്നത്. ഡാഡിയൊരു കോൺട്രാക്ടർ ആയിരുന്നു. എന്നിട്ടും ഞങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായില്ല. സ്വന്തമായി ഭൂമിയൊക്കെ ഉണ്ടായിരുന്നെങ്കിലും വീടു മാത്രം ഇല്ലായിരുന്നു. പിന്നീട് ഞങ്ങൾക്കൊരു വീടു നിർമിക്കണം എന്നൊക്കെ ചിന്തിച്ചു തുടങ്ങിയ കാലത്താണ് അദ്ദേഹം ഈ ലോകത്തോടു വിടപറയുന്നത്.

1990ൽ അദ്ദേഹം മരിക്കുന്ന സമയത്ത് ഞങ്ങൾ മൂന്നുപേരും സ്കൂളിൽ പഠിക്കുന്ന പ്രായമാണ്. പിന്നീടങ്ങോട്ട് അമ്മയുടെയും അച്ഛന്റെയും തറവാടു വീടുകളിലായി ജീവിതങ്ങൾ. കളമശ്ശേരിയില്‍ താമസിക്കുന്ന സമയത്താണ് ഒരപകടത്തിൽ അമ്മ മരിക്കുന്നത്. അന്നു ഞാൻ തിരുവനന്തപുരത്ത് എ​ംഫിൽ ചെയ്യുകയാണ്. അമ്മ മരിച്ചതോടെ സഹോദരങ്ങൾ അമ്മവീട്ടിലായി താമസം. 

വാടകവീട്ടിലെ സുരക്ഷിതത്വമില്ലായ്മ...

sindhu-joy

സ്വന്തമെന്നു പറയാനൊരു വീടില്ലാതെയാണ് വിവാഹം വരെയും ജീവിച്ചത്. നമ്മുടേതെന്നു പറയാൻ ഒരു വീടുണ്ടാകുന്നതിന്റെ സുരക്ഷിതത്വബോധം എത്രയെന്ന് നന്നായിട്ടറിയാം. വിവാഹം കഴിക്കുന്നതിനു മുമ്പ് കഴിഞ്ഞ മേയ് വരെയും തിരുവനന്തപുരത്ത് ഒരു വാടകവീട്ടിലായിരുന്നു താമസം. ചെറിയൊരു മുറിയുള്ള വീ‌ടെങ്കിലും സ്വന്തമായുണ്ടാകണം എന്ന അഭിപ്രായമുള്ളയാളാണു ഞാൻ. പ്രത്യേകിച്ച് ഒരു സ്ത്രീ ആയതുകൊണ്ട് വീ‌ടില്ലാത്തതിന്റെ ദുരിതങ്ങൾ ഏറെ അനുഭവിച്ചിട്ടുണ്ട്.

തനിച്ചു താമസിക്കുന്ന സ്ത്രീക്ക് വീടോ ഫ്ലാറ്റോ നൽകാൻ ഒരായിരം തവണ ആലോചിക്കും വീട്ടുടമസ്ഥർ. മാത്രമോ കരാർ പുതുക്കുന്ന സമയമാകുമ്പോൾ സമാധാനത്തോടെ ഒന്നുറങ്ങാൻ പോലും കഴിയാറില്ല, വീടൊഴിയാൻ പറയുമോ എന്ന ഭയത്താൽ. കഴിഞ്ഞ വർഷം വാടക കൂട്ടിക്കൊടുത്തതോടെയാണ് വീട്ടിൽ നിന്നും മാറേണ്ടെന്ന സാഹചര്യമുണ്ടായത്. ജീവിക്കാനുള്ള പണത്തിനു പോലും കഷ്ടപ്പെടുന്നതിനിടയിൽ വാടക കൂടിയത് വല്ലാതെ വലച്ചിരുന്നു. 

സ്വന്തമായൊരു വീട്...

sindhu-home-london

വിവാഹശേഷം ശാന്തിമോന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് പോയത്. അന്നു തോന്നിയ സുരക്ഷിതത്വം മറക്കാനാവില്ല. അന്നുതൊട്ടേ ലണ്ടനിൽ വീടുവാങ്ങണമെന്നു തീരുമാനിച്ചിരുന്നു. ഞാൻ കൂടി ലണ്ടനിലെത്തിയ ശേഷമാകാം വീടുവാങ്ങുന്നതെന്നായിരുന്നു തീരുമാനം. പുതിയ വീട്ടിലേക്കു മാറിയിട്ടു വെറും രണ്ടുമാസമേ ആകുന്നുള്ളു. അതിനു മുമ്പ് നോട്ടിങ്ഹാമിൽ  തന്നെ ഒരു വാടക വീട്ടിലായിരുന്നു താമസം. പിന്നീടാണ് ഈ സ്ഥലവും വീടുമൊക്കെ വന്നു കാണുന്നത്.

sindhu-house

ആദ്യകാഴ്ചയിൽ തന്നെ എനിക്കിഷ്ടമായി. രണ്ടുപേരുടെയും പേരിലാണ് വീടു വാങ്ങിച്ചത്. ബെൽവേ എന്ന പ്രശസ്തമായ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാതാക്കൾ. അവരുടെ വെല്ലസ്ലി മോഡലിലാണ് വീടു പണിതത്. ബ്രിട്ടനിൽ വന്നു വെറും നാലുമാസമായപ്പോഴേക്കും സ്വന്തമായൊരു വീടു വാങ്ങാൻ കഴിഞ്ഞതു ദൈവാനുഗ്രഹമാണെന്നാണ് കരുതുന്നത്. 

ഞങ്ങളുടെ സ്വർഗരാജ്യം...

sindhu-house-key

നോട്ടിങ്ഹാമിലെ ഈസ്റ്റ് മിഡ്‌ലാൻഡ്സിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത കൊളോണിയൽ ശൈലിയിലുള്ള വീടാണിത്. ചൂട‌ും തണുപ്പും ഒരുപോലെ നിലനിൽക്കാൻ സഹായിക്കുന്ന ഇഷ്ടികകൾ കൊണ്ടാണ് വീ‌ടു നിര്‍മ്മിച്ചത്. പ്രധാനവാതിൽ തുറന്നു കയറി വരുമ്പോൾ ഇടതുവശത്ത് ചെറിയൊരു യൂട്ടിലിറ്റി ഏരിയയുണ്ട്, അതു ഷൂവും ചെരിപ്പുകളുമെല്ലാം സൂക്ഷിക്കാൻ ഉപയോഗിക്കുന്നു.

sindhu-house

വലതുവശത്ത് വിശാലമായ ലിവിങ് റൂം. ലിവിങ് റൂമിനോടു ചേർന്ന് മനോഹരമായി ഒരുക്കിയിരിക്കുന്ന ബുക് ഷെൽഫുണ്ട്. ഡൈനിങ്ങിനോടു ചേർന്നു തന്നെയാണ് അടുക്കളയും. അടുക്കളയ്ക്കപ്പുറത്തായി ഒരു വർക് ഏരിയയും. അടുക്കള വശത്തെ വാതിൽ തുറന്നാൽ വിശാലമായ ബാക്‌യാർഡ് കാണാം. 

sindhu-house-living

സ്റ്റെയർകെയ്സ് കയറിച്ചെല്ലുന്നത് ചെറിയൊരു ഹാളിലേക്കാണ്. നാലു ബെഡ്റൂമുകളാണ് മുകളിലുള്ളത്, അതിലൊരെണ്ണം സൗകര്യാർഥം ഹോം ഓഫീസ് റൂം ആക്കി മാറ്റി. ബാത് അറ്റാച്ച്ഡ് മാസ്റ്റർ ബെഡ്റൂമും മറ്റു രണ്ടു ബെഡ്റൂമുകളുമുണ്ട്. നാലു മുറികളും കളർഫുൾ ആയാണ് സെറ്റ് ചെയ്തിരിക്കുന്നത്.

sindhu-house-interior

ഇരുവർക്കും ഏറെയിഷ്ടം വെള്ള നിറമായതിനാൽ മാസ്റ്റർ ബെഡ്റൂമിലാകെ വെള്ള നിറത്തിന്റെ സൗന്ദര്യമാണ്, മറ്റു മുറികളിൽ ചുവപ്പും ഓറഞ്ചും പച്ചയുമെല്ലാം കാണാം. ഞങ്ങളിരുവരും ചേർന്നു തന്നെയാണ് ഇന്റീരിയർ ‍ഡിസൈനിങ് ഒക്കെ ചെയ്തത്. ഇനിയും പൂർത്തിയാക്കാനുണ്ട്. ചെടികളൊക്കെ വച്ചുവരുന്നതേയുള്ളു, പച്ചക്കറി കൃഷിയും ചെയ്യണമെന്നുണ്ട്. 

sindhu-bedroom

നാടിനെ മിസ് ചെയ്യുന്നുണ്ട്...

പ്രവാസിയാകുന്ന എല്ലാവർക്കും നാടിനെ മിസ് ചെയ്യുന്നുണ്ടാകും. അവിടുത്തെ സുഹൃത്തുക്കൾ, വൈകുന്നേരങ്ങളിൽ അവർക്കൊപ്പമുള്ള യാത്രകള്‍ ഒക്കെ മിസ് ചെയ്യുന്നുണ്ട്. ഒരിക്കലും കേരളം വിട്ടെങ്ങോട്ടും പോകില്ലെന്നു കരുതിയിരുന്ന ഞാൻ ഇപ്പോൾ ഇവിടെ ബ്രിട്ടനിൽ ആണല്ലോ എന്നോർക്കുമ്പോൾ അദ്ഭുതം തോന്നാറുണ്ട്. പക്ഷേ ഇവിടെ ഞാൻ ഭര്‍ത്താവിന്റെ കൂടെയാണല്ലോ എന്ന സന്തോഷമുണ്ട്, ആ സുരക്ഷിതത്വബോധം മറ്റാർക്കും നൽകാനാകില്ലല്ലോ.