Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജു പിള്ളയുടെ വീട്, ഓർമകൾ

Manju pillai family ജനപ്രിയ സീരിയലുകളിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മഞ്ജു പിള്ള തന്റെ വീടോർമകൾ പങ്കുവയ്ക്കുന്നു.

ഗൃഹാതുരതയുണർത്തുന്ന തറവാട്... 

കോട്ടയം ഏറ്റുമാനൂരിലുള്ള തറവാട്ടിലാണ് ഞാൻ ജനിച്ചത്. മുത്തച്ഛൻ എസ് പി പിള്ള മലയാള സിനിമയിൽ ഒരുകാലത്തെ ശ്രദ്ധേയനായ ഹാസ്യനടനായിരുന്നു. മരിശ്ശേരി മഠം എന്ന പുരാതനമായ ഒരു തറവാട് മുത്തച്ഛൻ വാങ്ങി പുതുക്കിയെടുത്തതായിരുന്നു. സർപ്പക്കാവും ധാരാളം ഫലവൃക്ഷങ്ങളുള്ള പറമ്പുമൊക്കെയുള്ള തറവാട്. പിന്നീട് വീടിനു കലാനിലയം എന്ന് പേരിട്ടു. എനിക്ക് ഒരു വയസുള്ളപ്പോൾ അച്ഛന് തിരുവനന്തപുരം VSSCയിലേക്ക് ട്രാൻസ്ഫർ ലഭിച്ചു. അങ്ങനെ പിന്നീട് തിരുവനന്തപുരമായി എന്റെ നാട്. 

അവധിക്കാലത്ത് ഞാൻ ഏറ്റുമാനൂരിലെ തറവാട്ടിലേക്കെത്തും. വേനലവധിയാകുമ്പോൾ വിശാലമായ പറമ്പിലെ മരങ്ങളിൽ ഊഞ്ഞാലുകൾ തൂങ്ങും. കസിൻസ് എല്ലാം കൂടി ഒത്തുചേരുമ്പോൾ ഒരു സ്‌കൂൾ വിട്ടപോലെ പിള്ളേർ കാണും തറവാട്ടിൽ. പിന്നെ രണ്ടുമാസം മരംകേറിയും മണ്ണപ്പം ചുറ്റും ഊഞ്ഞാലാടിയും ജഗപൊകയായിരുന്നു. അവധി കഴിഞ്ഞു തിരികെ പോകാറാകുമ്പോഴേക്കും എല്ലാവർക്കും വിഷമം ആകും. ഞങ്ങൾ കുട്ടികൾ പോയിക്കഴിയുമ്പോഴേക്കും ആ വലിയ വീട് ഉറങ്ങും. പിന്നെ അടുത്ത അവധിക്കാലത്തേക്കുള്ള കാത്തിരിപ്പാണ്. അതൊക്കെ ഇപ്പോഴും ഗൃഹാതുരതയുണർത്തുന്ന ഓർമകളാണ്.

സ്വന്തം പോലെ വാടകവീടുകൾ... 

തിരുവനന്തപുരത്ത് എത്തിയതോടെ വാടകവീടുകളിലായി പിന്നീടുള്ള ജീവിതം. എങ്കിലും അമ്മ സ്വന്തം വീട് കരുതുംപോലെ വാടകവീടുകൾ നോക്കിനടത്തുന്നത് കണ്ടാണ് ഞാൻ വളർന്നത്. ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാർ സാറിന്റെ  അച്ഛൻ എം. കൃഷ്ണൻ നായർ സാറിന്റെ അയൽക്കാരായിരുന്നു ഞങ്ങൾ. അദ്ദേഹം അന്നത്തെ പ്രശസ്ത സംവിധായകനായിരുന്നു. ഞാൻ താമസിച്ച മിക്ക വീടുകളിലും ആ പരിസരത്തുളള ഏക പെൺതരി ഞാനായിരുന്നു. അങ്ങനെ കൂടുതലും ആൺകുട്ടികളായി കൂട്ടുകാർ. ഇപ്പോഴും ആ സൗഹൃദവും സ്നേഹവും വാത്സല്യവും തുടരുന്നവരുണ്ട്.

ഷൂട്ടിങ്ങിന്റെ സൗകര്യത്തിനായി ഇപ്പോൾ കൊച്ചിയിലാണ് താമസം. വൈറ്റിലയിലുള്ള ഫ്ലാറ്റ് വാടകയ്‌ക്കെടുക്കുമ്പോൾ നാലു വർഷത്തേക്കായിരുന്നു കോൺട്രാക്ട്. അൺഫർണിഷ്ഡ് ആയ ഫ്ലാറ്റായിരുന്നു. ഞങ്ങൾ മുൻകയ്യെടുത്താണ് ചുവരുകൾ വെള്ളപൂശി, ഇന്റീരിയർ ഒക്കെ അലങ്കരിച്ച് ഒരു വീടാക്കി ഫ്‌ളാറ്റിനെ മാറ്റിയെടുത്തത്. ഒരുദിവസം വാടക കൂട്ടണമെന്ന് പറഞ്ഞുവന്ന ഉടമസ്ഥൻ ഫ്ലാറ്റിന്റെ ഈ മാറ്റം കണ്ടതോടെ വാടകകാര്യം മടക്കിവച്ചു സന്തോഷത്തോടെ മടങ്ങിപ്പോയി. ഫ്ലാറ്റ് കൈമാറുമ്പോൾ ഉടമസ്ഥന് ഒരു ഡിമാൻഡ് ഉണ്ടായിരുന്നു. അകത്തുള്ള കർത്താവിന്റെ ചിത്രം മാറ്റാൻ പാടില്ല. ആ ഡിമാൻഡ് അംഗീകരിച്ചു എന്നുമാത്രമല്ല ഞാൻ ഇന്നും മെഴുകുതിരി കത്തിച്ചു പ്രാർഥിക്കുന്നത് ആ രൂപത്തിന് മുന്നിലാണ്.  

തട്ടീം മുട്ടീം വീട്... 

thatteem-mutteem

അമ്മായിയമ്മ-മരുമോൾ പോര് , ഭർത്താവുമായുള്ള വഴക്ക്, കുട്ടികൾ, പ്രാരാബ്ധം...തുടങ്ങി ഏതൊരു സാധാരണ കുടുംബത്തിലും സംഭവിക്കുന്ന ജീവിതമാണ് തട്ടീം മുട്ടീം നർമം കലർത്തി പറയുന്നത്. അതുകൊണ്ടായിരിക്കാം സാധാരണക്കാർക്ക് അത് പ്രിയമാകുന്നത്. തട്ടീം മുട്ടീം ഷൂട്ട് ചെയ്യുന്ന വീട് നമുക്ക് സ്വന്തം വീട് പോലെ തന്നെയാണ്. ലളിത ചേച്ചിയും ജയകുമാർ ചേട്ടനും കണ്ണനും മീനാക്ഷിയുമൊക്കെ ഒത്തുചേരുമ്പോൾ അത് ശരിക്കും ഒരു കുടുംബം തന്നെയാണെന്ന് തോന്നിപ്പോകും. ആദ്യം കുറെനാൾ ചേർത്തലയ്ക്കടുത്തുള്ള ചെമ്മനാട് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലായിരുന്നു ചിത്രീകരണം. ഇപ്പോൾ എഴുപുന്നയിലുള്ള ഒരു വീട്ടിലാണ്.

തേടിവരും വീട്...

ഇപ്പോഴും സ്വന്തമായി ഒരു വീട് വേണം എന്നത് പ്രാഥമിക പരിഗണനകളിലില്ല. ഭാവിയിൽ വീട് വയ്ക്കാനായി കുറച്ചു സ്ഥലം ഒക്കെ വാങ്ങിയിട്ടിട്ടുണ്ട്. ഭർത്താവ് സുജിത് വാസുദേവ് ഛായാഗ്രാഹകനാണ്. മകൾ പത്താം ക്‌ളാസിൽ പഠിക്കുന്നു. ഭർത്താവിനും വലിയ വീട് വച്ച് ആൾതാമസമില്ലാത്ത പൂട്ടിയിടുന്ന പരിപാടിയോട് യോജിപ്പില്ല. വീട് എന്നത് ഒരു യോഗമാണ്. സമയമാകുമ്പോൾ അത് നമ്മെ തേടിവരും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.