Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്തിന്റെ സ്വന്തം മാൾ തുറന്നു! ഉള്ളിൽ അടിപൊളി സൗകര്യങ്ങൾ

trivandrum-mall മാൾ ഓഫ് ട്രാവൻകൂർ ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രി, നഗരത്തിന് ഷോപ്പിങ് ഇനി പുത്തൻ അനുഭവം

ഷോപ്പിങ് അനുഭവങ്ങൾക്കു പുതിയ വിസ്മയങ്ങൾ തീർത്ത് മാൾ ഓഫ് ട്രാവൻകൂർ തുറന്നു. കളിയും ചിരിയും കാഴ്ചകളും രൂചിക്കൂട്ടുകളുമായി നഗരത്തിനു രാത്രി 11 വരെ ഇനി ഉറങ്ങാതിരിക്കാം. രാജ്യാന്തര ബ്രാൻഡുകൾ മുതൽ നാടൻ വിഭവങ്ങൾ വരെ നിരത്തി മാൾ നഗരത്തിലേക്കു മിഴിതുറന്നിരിക്കും. മാൾ ഓഫ് ട്രാവൻകൂർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതോടെ തലസ്ഥാന നഗരത്തിലെ ആദ്യത്തെ മാളിനാണു തുടക്കമായത്. 

ഇന്നലെ തുറന്നത് എൺപതിലേറെ ഷോറൂമുകൾ 

mall-of-travancore

160 ഷോറൂമുകളാണ് മൂന്നു നിലകളിലായുള്ള മാൾ ഓഫ് ട്രാവൻകൂറിലുള്ളത്. ഇതിൽ എൺപതിലേറെ ഷോറൂമുകൾ ഉദ്ഘാടന ദിനമായ ഇന്നലെത്തന്നെ തുറന്നു. കുട്ടികൾക്കു വിസ്മയാനുഭവങ്ങൾ നൽകുന്ന രാജ്യാന്തര നിലവാരത്തിലുള്ള പ്ലേയാസാ ഏരിയയാണ് ഏറെ ശ്രദ്ധേയം. ഇറ്റലി, ചൈന എന്നിവിടങ്ങളിൽനിന്നു കൊണ്ടുവന്ന ഹൈടെക് റൈഡുകളാണ് ഒരുക്കിയിട്ടുള്ളത്.  കാഴ്ചയ്ക്കൊപ്പം ഗന്ധവും സ്പർശവും വരെ അറിയാവുന്ന തരത്തിലുള്ള 9–ഡി ചലച്ചിത്ര പ്രദർശനവും പ്ലെയാസാ ഏരിയയിൽ ഒരുക്കിയിട്ടുണ്ട്. 

12,000 ചതുരശ്രയടിയിലുള്ള ഫുഡ്കോർട്ടിന്റെ അടുക്കള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. നാടൻ തട്ടുകടകൾ മുതൽ അറേബ്യൻ, ചൈനീസ്, യൂറോപ്യൻ രുചികളിലുള്ള ഭക്ഷണങ്ങളെല്ലാം വിവിധ സ്റ്റോറുകളിൽനിന്നു ലഭിക്കും. 

അത്യാധുനിക ‍4കെ തിയറ്റർ ഉൾപ്പെടെ ഏഴു തിയറ്ററുകളുമായി കാർണിവൽ ഗ്രൂപ്പ് ഒരുക്കിയ തിയറ്റർ കോംപ്ലസും പ്രധാന ആകർഷണങ്ങളിലൊന്നാണ്. മൂന്നാം നിലയിലെ തിയറ്റർ കോംപ്ലക്സ് 31 മുതൽ പ്രവർത്തനം തുടങ്ങും. 28, 29 തീയതികളിൽ പ്രീ–ലോഞ്ച് ഷോ ഉണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്. രണ്ട് ആഴ്ചയ്ക്കുള്ളിൽ മാളിലെ എല്ലാ ഷോറൂമകളും തുറക്കുമെന്നും സംഘാടകർ പറയുന്നു. 

അദ്ഭുതം, ആറര ലക്ഷം ചതുരശ്ര അടിയിൽ

trivandrum-mall-shopping

ആറര ലക്ഷം ചതുരശ്ര അടിയിൽ മൂന്നു നിലകളിലായി നിർമിച്ചിട്ടുള്ള മാളിൽ മലബാർ ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റ് തുറന്നിട്ടുണ്ട്. ആഭരണ പ്രേമികളെ തൃപ്‌തിപ്പെടുത്തുന്ന വിശാലമായ ജ്വല്ലറി ഷോറും, ഇലകട്രോണിക്‌സ്, ഹോം അപ്ലയൻസസ് ഷോറും, ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങൾ, മൂന്നു നിലകളിലായി  ആയിരത്തോളം കാറുകൾക്കും 1200 ഇരുചക്ര വാഹനങ്ങൾക്കും ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മലബാർ ഗ്രൂപ്പിനു കീഴിലുള്ള റിയൽ എസ്റ്റേറ്റ് വിഭാഗമായ മലബാർ ഡവലപ്പേഴ്‌സാണ് മാൾ ഓഫ് ട്രാവൻകൂറിന്റെ നിർമാണം പൂർത്തീകരിച്ചത്.