Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലം മാറി; കോലം മാറി അഗ്രഹാരങ്ങളും!

agraharam-Before-After നൂറ്റാണ്ടുകള്‍ പഴക്കമുളള അഗ്രഹാരങ്ങളിലെ വീടുകളും കാലത്തിനൊത്ത് മുഖം മിനുക്കുന്ന തിരക്കിലാണ്

കമ്യൂണിറ്റി ലിവിങ് എന്ന ആശയത്തിന് ഇന്ന് ലോകം മുഴുവൻ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗൃഹനിർമാണത്തിനുളള സ്ഥലം, സാമഗ്രികള്‍ എന്നിവയ്ക്കെല്ലാം തീവിലയായതോടെയാണ് ഇത്തരം പോംവഴികളിലേക്ക് കടക്കാൻ പല രാജ്യക്കാരും നിർബന്ധിതരാകുന്നത്. ദക്ഷിന്ത്യക്കാർ ഈ ആശയം പണ്ടേക്കു പണ്ടേ പ്രാവർത്തികമാക്കിയിരിക്കുന്നു എന്നുളളതിന്റെ തെളിവാണ് അഗ്രഹാരങ്ങൾ. എന്നാൽ കാലത്തിനനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാകാതെ തരമില്ലല്ലോ! പുതു യുഗത്തിനനുസരിച്ച് കോലം മാറിയ ഒരു അഗ്രഹാരത്തെ പരിചയപ്പെടാം.

old-agraharam പഴയ അഗ്രഹാരം

പാലക്കാട് ചിറ്റൂരിനടുത്ത് തുഞ്ചൻ സമാധിക്ക് സമീപത്ത് അഗ്രഹാരത്തിലാണ് ശ്രീകുമാറിന്റെ വീട്. തുഞ്ചത്തെഴുത്തച്ഛൻ ഇവിടെ സ്ഥാപിച്ച ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പൂജാരിമാരെ കൊണ്ടുവന്നത് തഞ്ചാവൂരിൽ നിന്നാണ്. ആദ്യ സംഘത്തിൽപ്പെട്ട ഒമ്പത് പൂജാരിമാർക്ക് താമസിക്കാൻ വേണ്ടിയാണ് ഈ വീടുകൾ പണിതത്. 1980–ൽ ഈ വീട് വാങ്ങുമ്പോൾ തന്നെ 200 വർഷത്തിലധികം പഴക്കമുണ്ടായിരുന്നെന്ന് ശ്രീകുമാർ പറയുന്നു.

agraharam-palakad-view അഗ്രഹാരത്തിന്റെ പുതിയ മുഖം

എല്ലാ വർഷവും കനത്തൊരു തുക അറ്റകുറ്റപ്പണികൾക്കായി ചെലവാക്കേണ്ടി വന്നതോടെയാണ് പുതിയൊരു വീടിനെക്കുറിച്ച് ശ്രീകുമാർ ചിന്തിക്കുന്നത്. മാത്രമല്ല, പകൽ സമയത്ത് മുഴുവൻ ലൈറ്റ് ഇടേണ്ട തരത്തിലുളള ഇരുട്ട്. ഉയരം കുറഞ്ഞ മച്ചും വാതിലുമായിരുന്നു മറ്റൊരു പ്രശ്നം. അതിഥികൾ വന്നാൽ തങ്ങാനും സൗകര്യങ്ങളില്ല.

agraharam-palakad-interior

എൻജിനീയർ ദീപക്കിനെയാണ് പണി ഏൽപിച്ചത്. വീട് പൂർണമായി പൊളിക്കാൻ മൂന്ന് മാസത്തോളമെടുത്തു. നല്ല ബലമുണ്ടായിരുന്ന തടി ഉരുപ്പടികൾ മാത്രം സൂക്ഷിച്ചു വച്ചു. ഫൗണ്ടേഷനടക്കം പുതുതായി പണിയുകയായിരുന്നു. ആറ് മീറ്റർ വീതിയുളള പ്ലോട്ടിന്റെ വിസ്തീർണം ഒമ്പത് സെന്റ്. അപ്പുറവും ഇപ്പുറവുമുളള വീടുകളുമായി പുറംഭിത്തി പങ്കിട്ടിരുന്നതായിരുന്നു ഒരു പ്രശ്നം. പൊളിക്കലിനിടയിൽ ഈ ഭിത്തികൾക്കു വന്ന കേടുപാടുകളും വീട്ടുകാർ തന്നെ തീർത്തുകൊടുത്തു.

agraharam-palakad-dining

പഴയവീട്ടിലെ തടി ഉരുപ്പടികൾ ഉപയോഗിച്ചാണ് പുതിയ ജനലും വാതിലും കോണിപ്പടിയും ഫർണിച്ചറുമെല്ലാം ഉണ്ടാക്കിയത്.  പഴയ വീടിന്റെ ഉളളിലായിരുന്നു കിണറിന്റെ സ്ഥാനം. പ്ലോട്ടിന് മുമ്പിലേക്ക് വീട് ഇറക്കി വച്ച് കിണറിനെ പുറത്താക്കി. അപ്പോഴും പോർച്ചിനുളള സ്ഥലം ലഭ്യമായിരുന്നു. ഇരുവശത്തും സ്ഥലം ലഭ്യമായിരുന്നു. ഇരുവശത്തും സ്ഥലം വിട്ടിട്ടുളളതിനാൽ അയൽവീടുകളില്‍ നിന്ന് വേറിട്ടാണ് വീടിന്റെ ഇപ്പോഴത്തെ നിൽപ്പ്!

agraharam-new-look-palakkad

നിരപ്പായി വാർത്ത് ട്രസ്റൂഫ് ഇട്ട രീതിയിലാണ് പുതിയ വീട്. കാഴ്ചയിൽ ചെറിയ പ്ലോട്ടാണെന്ന ധാരണ ഉളളിലേക്ക് കടക്കുമ്പോൾ മാറിക്കിട്ടും. വർക്ഏരിയയ്ക്കും പിന്നിലുളള ഭാഗത്ത് പച്ചക്കറികൃഷിക്ക് ഇടം കണ്ടെത്തി. വെളിച്ചത്തിന്റെ കുറവകറ്റാനായി ഒന്നിലധികം പർഗോളകൾ നൽകിയിട്ടുണ്ട്. അറ്റാച്ച്ഡ് കിടപ്പുമുറികൾ മൂന്നെണ്ണമുണ്ട്. എഴുത്തുകാരിയായ ഭാര്യ സുജയ്ക്കു വേണ്ടി അടിപൊളിയൊരു ലൈബ്രറിയും തയാറാക്കിയിരിക്കുന്നു.

agraharam-palakad-bed