Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ സ്വപ്നം ഞാൻ കയ്യെത്തി പിടിച്ചു, പക്ഷേ അച്ഛൻ'....

sarayu-house മോഹൻ എന്ന അച്ഛന്റെ പേരിൽ നിന്ന് ഞാൻ വീടിനു മോഹനം എന്ന് പേരിട്ടു...അച്ഛൻ ഉണ്ടായിരുന്നേൽ വീട് എല്ലാ അർത്ഥത്തിലും മോഹനം ആയേനേ.

സ്വന്തമായൊരു വീട് എന്ന ചിന്തയൊക്കെ മനസ്സിൽ വന്നിട്ട് ഒരു 10 വർഷം ആവുന്നേ ഉള്ളു..അതിനു മുന്നേ താമസിച്ചിരുന്ന വീടുകളെ എല്ലാം സ്വന്തമായി കണ്ടു സ്നേഹിച്ചിരുന്നു.... ഒരുപാട് വാടക വീടുകളിൽ മാറി മാറി ആയിരുന്നു ബാല്യകൗമാരങ്ങൾ.... ഓരോ വീട്ടിലെയും നിശബ്ദത.... പ്രിയപ്പെട്ട ചില ഇടങ്ങൾ എല്ലാം  തെല്ലും മങ്ങൽ ഇല്ലാതെ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു..... ചോറ്റാനിക്കരയിൽ സ്വന്തമായി വെച്ച വീടിനടുത്തുണ്ടായിരുന്ന ഒരു ചെറിയ വാടക വീട്ടിലാണ് ഓർമകൾക്ക് തുടക്കം... 

sarayu

വീടിനു തൊട്ടു മുന്നിൽ പറമ്പും അതിനു മുന്നിൽ വയലും, അപ്പുറം കനാലും പേരയും സീതപ്പഴവും ലില്ലി പൂക്കളും മന്ദാരവും ഉണ്ടായിരുന്ന ഒരിടം... ആ വീടാണ് എന്റെ ബാല്യത്തിലെ വീടോർമ്മകളെ കുറച്ചെങ്കിലും സമൃദ്ധമാക്കിയത്.... ഇങ്ങനെ എല്ലാംകൂടെ തന്ന ദൈവം പിന്നീട് അങ്ങട് നല്ല പിശുക്ക് കാണിച്ചു... ചോറ്റാനിക്കരയിൽ നിന്ന് നേരേ നഗരത്തിലേക്ക് പറിച്ചു നട്ടു..24 വർഷങ്ങൾക്കു ശേഷം വീണ്ടും ചോറ്റാനിക്കരയിൽ എത്തി വീട് വെച്ചു എന്നത് ജീവിതം... !! നഗരത്തിൽ എത്തിയതോടെ വീടിനു പുറത്തെ ലോകം ഇല്ലാതായി....വീടിനുള്ളിലേക്ക് കളിപ്പാട്ടങ്ങളുമായി ഒതുങ്ങി... 

എറണാകുളം ചിറ്റൂരിലെ ഒന്നാം നിലയിലെ വീട് ലേശം ഇഷ്ടായിരുന്നു. അവിടെ വരാന്തയിൽ നിന്നാൽ റോഡ് കാണാം. താഴെ കൂട്ടിലെ നായ്കുട്ടികളെ കാണാം... അരമതിലിനോട് ചേർന്ന് നിൽക്കുന്ന ശോഷിച്ച മരത്തിലേക്ക് ഏന്തിവലിഞ്ഞു കൈ മുട്ടിച്ചു നോക്കാം. അരമതിലിലൂടെ നീളത്തിൽ ലൈറ്റ് കത്തുന്ന കാർ ഓടിക്കാം....തൃപ്പൂണിത്തുറ എരൂരിൽ ഞാൻ പലവീടുകളിലായി ഒരുപാട് നാൾ താമസിച്ചിട്ടുണ്ട്... എനിക്ക് ഒരുപാട് ഇഷ്ടാമാണവിടം...അവിടുത്തെ നന്ദനം എന്ന ചെറിയ വീട്ടിൽ നിന്നാണ് സിനിമയിലേക്ക് ഞാൻ ചുവടു വെയ്ക്കുന്നത്....സ്കൂൾ വിദ്യാർഥിനിയിൽനിന്ന് കോളേജ് ലോകത്തേക്ക് ഓടിക്കയറിയതും ഇവിടെ നിന്ന്‌ തന്നെ....ഒരു ഒൻപതാം ക്ലാസ്സുകാരി ആയിട്ടാണ് ഞാൻ ആദ്യം എരൂരിൽ എത്തുന്നത്... അവിടുത്തെ വിനായക വില്ലയിൽ നിന്ന്‌ ഞാൻ ചോറ്റാനിക്കരയിലെ സ്വന്തം വീട്ടിലേക്ക് മാറുന്നത് 4 വർഷങ്ങൾക്ക് മുന്നേ ആണ്. അച്ഛന്റെ വല്യ സ്വപ്നമായിരുന്നു സ്വന്തമായൊരു വീടെന്നത്... ആ സ്വപ്നം ഞാൻ കയ്യെത്തി പിടിച്ചപ്പോഴേക്ക് അച്ഛൻ പോയിരുന്നു.... 

sarayu-home

മോഹൻ എന്ന അച്ഛന്റെ പേരിൽ നിന്ന് ഞാൻ വീടിനു മോഹനം എന്ന് പേരിട്ടു...അച്ഛൻ ഉണ്ടായിരുന്നേൽ വീട് എല്ലാ അർത്ഥത്തിലും മോഹനം ആയേനേ..എനിക്ക് ഈ വീട്ടിൽ ഇടയ്ക്ക് അച്ഛനെ കാണാം....മുറ്റത്തും, ഊണുമുറിയിലും അടുക്കളയിലും ഒക്കെ തോളത്ത് ഒരു തോർത്തുമായി അച്ഛൻ..മിക്കവാറും വൈകി വീട്ടിൽ എത്തുന്ന എന്നെ കാത്തിരിക്കുന്ന അണയാത്ത വിളക്കായിരുന്നു അച്ഛൻ...

sarayu-mohan

ഇപ്പൊ അമ്മയുടെ ലോകമാണ് ഈ വീട്. പത്തു മുപ്പതോളം വർഷങ്ങൾ വാടക വീടുകളിലെ നെടുവീർപ്പുകൾക്ക് ശേഷം കൈവന്ന കൊച്ചു സ്വർഗത്തിൽ അമ്മ ശ്വസിക്കാനും സ്നേഹിക്കാനും എന്നോണം കുറെയേറെ  ചെടികളും പറ്റുന്നത്ര മരങ്ങളും നട്ടു... എന്റെ കൂടെ എങ്ങോട്ടേലും വരേണ്ടി വന്നാൽ ആധിയാണ് അമ്മയ്ക്ക്... അധിക ദിവസമൊന്നും വീടുവിട്ടു നിൽക്കാൻ അമ്മയ്ക്ക് ആവില്യ... 

അല്ലെങ്കിലും ഒരു മഹാ നഗരത്തിനോ വിദേശ രാജ്യത്തിനോ വല്യ ഹോട്ടൽ റൂമുകൾക്കോ ഒരു കുഞ്ഞു വീട് നൽകുന്ന സമാധാനമോ സുരക്ഷിതത്വമോ നൽകാനാവില്ല..വീട്..അത് സ്വർഗം തന്നെയാണ്