Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളസിനിമയുടെ സ്വന്തം അമ്മയുടെ വീട്

kaviyoor-ponnamma പുഴക്കരയോട് ചേർന്നാണ് ശ്രീപാദം എന്ന കവിയൂർ പൊന്നമ്മ താമസിക്കുന്ന വീടുള്ളത്.

വീട് എന്ന് പറയുമ്പോൾ കേവലം താമസിക്കാനുള്ള ഇടം മാത്രമല്ല മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മയായ കവിയൂർ പൊന്നമ്മയ്‍ക്ക്. ഭക്തിക്ക് ഏറെ പ്രാധാന്യം നൽകുന്ന കവിയൂർ പൊന്നമ്മ സ്വന്തമായി ഇഷ്ടപ്പെട്ട സ്ഥലത്ത് ഒരു വീട് വയ്ക്കുമ്പോൾ ആദ്യം നോക്കിയിരുന്നത് പൂജാമുറിയുടെ സ്ഥാനമായിരുന്നു. കിഴക്കോട്ട് ദർശനമായുള്ള വാതിലുള്ള, ജനലുകളും ആവശ്യത്തിന് വായു സഞ്ചാരമുള്ളതുമായ മുറിയാണ് പൂജാമുറിയായി തന്റെ ആലുവക്കടുത്തുള്ള ശ്രീപാദം എന്ന വീട്ടിൽ ഒരുക്കിയത്. 

പുഴക്കരയോട് ചേർന്നാണ് ശ്രീപാദം എന്ന കവിയൂർ പൊന്നമ്മ ഇപ്പോൾ താമസിക്കുന്ന വീടുള്ളത്. ഈ വീട്ടിൽ താമസിക്കുമ്പോഴും പൊന്നമ്മയുടെ മനസ്സിൽ ഇപ്പോഴും തന്റെ ബാല്യകാലം ചെലവഴിച്ച പൊൻകുന്നത്തെ വീടിന്റെ ഓർമകളാണ്. ആറര ഏക്കറയോളം നീണ്ടു കിടക്കുന്ന പാടത്തിന്റെ അടുത്തായിരുന്നു ആ വീട്. പഴയൊരു തറവാടിന്റെ ഓർമിപ്പിക്കുന്ന രീതിയിൽ ചാണകം മെഴുകി മിനുസപ്പെടുത്തി എടുത്ത തറയും , ആവശ്യത്തിലേറെ വായുസഞ്ചാരമുള്ള മുറികളും, മരത്തൂണുകളും നിറഞ്ഞ ആ വീട് കവിയൂർ പൊന്നമ്മയ്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

''പ്രകൃതിയോട് ഏറെ അടുത്തു നിൽക്കുന്ന അന്തരീക്ഷത്തിൽ നിർമിച്ച ആ വീട്ടിൽ ജനിച്ചു വളർന്നത് കൊണ്ടാകണം ശ്രീപാദം എന്ന ഈ വീട് നിർമിക്കുമ്പോഴും പുഴയുടെയും വയലിന്റെയും ഒക്കെ സാമീപ്യം ഞാൻ ഏറെ ആഗ്രഹിച്ചത്. ശ്രീപാദത്തിൽ നിന്നും അല്പം നടന്നാൽ നെൽപ്പാടങ്ങൾ കാണാം. വൈകുന്നേരങ്ങളിൽ പുഴയിൽ നിന്നും നല്ല തണുത്ത കാറ്റ് വീട്ടിലേക്ക് കയറിവരും. മഴക്കാലമായാൽ പുഴ നിറയും അതോടെ വീടിന്റെ കോലായി വരെ വെള്ളം കയറും. അതൊക്കെ ഏറെ രസകരമായ അനുഭവമാണ്'' കവിയൂർ പൊന്നമ്മ വീടിനെ പറ്റി വാചാലയാകുന്നു. 

kaviyoor-ponnamma

പൊൻകുന്നത്തെ വീടിനെ പറ്റി ആലോചിക്കുമ്പോൾ കവിയൂർ പൊന്നമ്മയുടെ മനസിലേക്ക് ആദ്യം വരിക ചാണകം മെഴുകി മിനുസപ്പെടുത്തിയ വീടിന്റെ വിശാലമായ അകത്തളമാണ്. ഇന്നത്തെ കാലത്തെപോലെ ഏസി ഒന്നും ഇല്ലാതെ വേനൽക്കാലത്തെ പ്രതിരോധിക്കാൻ ആ അകത്തളം ധാരാളമായിരുന്നു. വീടിന്റെ ചാണകം മെഴുകിയ അകത്തളത്തിൽ  കൃഷിയിടത്തിൽ നിന്നും ലഭിച്ച സാധനങ്ങൾ കൊണ്ട് വന്നു വയ്ക്കുമായിരുന്നു. വീട്ടുകാർ എല്ലാവരും ഒരുമിച്ച് കൂടിയിരുന്ന് സന്തോഷം പങ്കുവയ്ക്കുന്നതും അവിടെത്തന്നെയായിരുന്നു. 

5  വയസ്സ് മുതൽ 9  വയസ്സ് വരെ മാത്രമാണ് പൊൻകുന്നത്തെ ആ തറവാട്ട് വീട്ടിൽ കവിയൂർ പൊന്നമ്മ താമസിച്ചത്. പിന്നീട് വീട് മാറി. ശേഷം, അഭിനയലോകത്തേക്ക് കടക്കുകയും ചെന്നൈ ഉൾപ്പെടെ പല നഗരങ്ങളിലും മാറി മാറി താമസിക്കുകയും ചെയ്തു എങ്കിലും മനസ്സിൽ ഇപ്പോഴും നിറഞ്ഞു നില്ക്കുന്നത് ആ തറവാട് വീടിന്റെ ഓർമയാണ്. ഓടിട്ട മേൽക്കൂര നൽകിയിരുന്ന തണുപ്പൊന്നും ഒരു ഏസിക്കും നൽകാൻ കഴിയുന്നില്ല എന്ന് കവിയൂർ പൊന്നമ്മ പറയുന്നു . 

kaviyoor-ponnamma

ആലുവയ്ക്കടുത്തുള്ള ഇപ്പോൾ താമസിക്കുന്ന ശ്രീപാദം എന്ന വീട്ടിൽ കവിയൂർ പൊന്നമ്മയ്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലം താഴത്തെ നിലയിലെ പൂജാമുറിയും വരാന്തയുമാണ്. പുഴക്ക് അഭിമുഖമായി കിടക്കുന്ന വീടിന്റെ വരാന്തയിൽ ഒരു കസേരയിട്ടിരുന്ന് കാറ്റുകൊള്ളുന്നതാണ് ഒഴിച്ചുസമയങ്ങളിലെ പ്രിയപ്പെട്ട വിനോദം. താഴത്തെ നിലയിൽ ഹാളിലും മറ്റെല്ലാ മുറികളിലും തനിക്കേറ്റവും പ്രിയപ്പെട്ട കൃഷ്ണ വിഗ്രഹങ്ങൾ വയ്ക്കാനുള്ള സൗകര്യവും കവിയൂർ പൊന്നമ്മ ഒരുക്കിയിരിക്കുന്നു.