Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും 3 ദിവസം കൊണ്ട് പണിത ഗംഭീരൻ വീട്!

72-hour-home പ്രീകാസ്റ്റ് ഭിത്തികൾ കൂട്ടിയോജിപ്പിച്ച് നിർമിച്ച 2400 ചതുരശ്രയടി വീട് പൂർത്തിയായത് മൂന്നേ മൂന്നു ദിവസം കൊണ്ട്!

ബെംഗളൂരുവിലെ പത്രങ്ങൾ അന്നിറങ്ങിയത് കൗതുകമുണർത്തുന്നൊരു വാർത്തയുമായിട്ടായിരുന്നു. കുടകിലെ പ്രമുഖ വ്യവസായിയായ ത്യാഗ് ഉത്തപ്പ ഭാര്യയ്ക്ക് ജന്മദിന സമ്മാനമായി ഒരു വീട് നിർമിച്ച് നൽകുന്നു. അതും 24 മണിക്കൂറ് കൊണ്ട്! ഇതെങ്ങനെ നടക്കും എന്നന്തിച്ച നാട്ടുകാർക്ക് മുന്നിലേക്ക് കോഴിക്കോട്ടുകാരനായ പാഡി മോനോൻ തന്റെ സംഘവുമായി പറന്നിറങ്ങി. ഫാക്ടറിയിൽ നിന്ന് തയാറാക്കിക്കൊണ്ട് വന്ന റെഡിമെയ്ഡ് ഭിത്തികൾ അടുക്കിവച്ച് അവർ വേഗം പണിതുടങ്ങി. വൈകുന്നേരമായപ്പോഴേക്കും 70 ശതമാനം പണികളും പൂർത്തിയായി പക്ഷേ നിനച്ചിരിക്കാതെ പെയ്ത മഴ എല്ലാ പദ്ധതികളും അട്ടിമറിച്ചു. എങ്കിലും പാഡിയും സംഘവും പിൻമാറിയില്ല. മൂന്നാം ദിവസം പണി തീർത്ത് താക്കോൽ കയ്യിൽ‍കൊടുത്തു.

3-day-home-bengaluru-owner

സമയത്തിന്റെ വില

തീർത്തും മിനിമലിസ്റ്റിക് ശൈലിയിലാണ് യെലഹങ്കയിലുള്ള വീടിന്റെ രൂപകൽപന. വിസ്തീർണം 2400 ചതുരശ്രയടി. മൂന്ന് അറ്റാച്ഡ് ബാത്റൂമുകളും വിശാലമായ ഹാളും ഉൾപ്പെടുന്നതാണ് ഈ വീക്കെൻഡ് ഹോം.

house-within-3-days-bengaluru-interior

സോഫ്റ്റ്‌വെയർ രംഗത്തെ പ്രമുഖ കമ്പനിയായ സിഡ്ക്കോയുടെ ഏഷ്യാ പസഫിക് മേഖലയുടെ തലവനായിരുന്ന പാഡി പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് ബെംഗളൂരു ആസ്ഥാനമാക്കി റിബെൽസ് എന്ന നിർമാണസ്ഥാപനം തുടങ്ങിയത്. പല അളവിലുള്ള കോൺക്രീറ്റ് ഭിത്തികളും മേൽക്കൂരയും ഇവിടെ തായാറാക്കപ്പെടുന്നു. പ്രത്യേക പരിശീലനം ലഭിച്ച തൊഴിലാളികളാണ് സംഘത്തിലുള്ളത്.

ഭാരം വഹിക്കാനുള്ള മണ്ണിന്റെ ശേഷിയെപ്പറ്റി പഠനം നടത്തുക എന്നതാണ് ആദ്യപടി. ഭൂമികുലുക്കത്തിനുള്ള സാധ്യതയനുസരിച്ച് ഭൂമിയിലെ എല്ലാ സ്ഥലങ്ങളെയും വിവിധ സോണുകളായി തിരിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടുന്നത് സോൺ രണ്ടിലാണ്. സോൺ അഞ്ചിൽ വരുന്ന നേപ്പാളിലും ജപ്പാനിലും സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളാണ് ഈ സാങ്കേതിക വിദ്യയിൽ പ്രാവർത്തികമാക്കുന്നതെന്ന് പാഡി ചൂണ്ടിക്കാട്ടുന്നു.

3-day-home-bengaluru-living

ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള കോൺക്രീറ്റാണ് ഫൗണ്ടേഷന് ഉപയോഗിക്കുന്നത്. ഒരു മണിക്കൂർ കൊണ്ടാണ് ഫൗണ്ടേഷൻ പൂർത്തിയാക്കിയത്. ഇതിനു മുകളിലായി ഡവൽ ട്യൂബ്സ് (Dowel tubes) സ്റ്റീൽ പില്ലറുകൾ ഉയർത്തും. ഇവ ഉള്ളിൽ വരുന്ന രീതിയിലാണ് ഭിത്തികൾ‍ നാട്ടുന്നത്. ഭിത്തിക്കുള്ളിലേക്ക് ഗ്രൗട്ട് ഒഴിക്കുന്നതാണ് അടുത്ത പടി. ആറ് ഇഞ്ചാണ് ഓരോ ഭിത്തിയുടെയും കനം. ബാത്റൂമിന് എട്ട് ഇഞ്ച് കനത്തിലുള്ള ഭിത്തിയാണ് ഉപയോഗിക്കുന്നത്. കെട്ടിടത്തിന്റെ വലുപ്പം അനുസരിച്ച് ഭിത്തിയുടെ അളവുകളിൽ മാറ്റം വരാം.

ഓപൻ ശൈലിയിലാണ് ഇന്റീരിയർ ഡിസൈൻ. ഫാമിലി ഏരിയ, ലിവിങ്, അടുക്കള എന്നിവയെയെല്ലാം ഉൾക്കൊള്ളിക്കുന്നതാണ് വിശാലമായ ഹാൾ. കൂറ്റൻ ഗ്ലാസ് ഭിത്തികളാണ് ഇന്റീരിയറിന്റെ സവിശേഷതകളിലൊന്ന്. പുറത്തെ കാഴ്ചകളെല്ലാം ഈ ഗ്ലാസ് ഭിത്തികളിലൂടെ നോക്കിക്കാണാം. ബെഡ്റൂമുകളുടെ ഒരു ഭിത്തിയിലും ഇത്തരത്തിൽ ഗ്ലാസ് നൽകിയിട്ടുണ്ട്. അതിവിശാലമായ പ്ലോട്ട് ആയതിനാൽ സ്വകാര്യതയെക്കുറിച്ച് ആധി വേണ്ട.

3-day-home-bengaluru-dining

വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്. ഡൈനിങ്ങിലെ മേശയും കസേരകളും, സോഫകൾ തുടങ്ങിയവയെല്ലാം പ്രത്യേകം ഡിസൈൻ കൊടുത്ത് ചെയ്യിച്ചതാണ്. പാഡി സ്വയം ഡിസൈൻ ചെയ്ത സ്റ്റീൽ കട്ടിലുകളാണ് ഫർണിച്ചറിന്റെ കൂട്ടത്തിലെ താരം. അകമേയും പുറമേയും വെള്ള മാത്രമാണ് വീടിന്റെ നിറം. പുട്ടി ഫിനിഷ് ചെയ്ത പോലത്തെ പ്രതലമാണ് ഭിത്തിക്ക്. പ്രധാന വാതിലിന് തേക്ക് ഉപയോഗിച്ചപ്പോൾ ഉള്ളിലെ വാതിലുകളും അടുക്കളയിലെ കാബിനറ്റുകളും നിർമിച്ചത് എച്ച്ഡിഎഫ് കൊണ്ട്.

ഗുണങ്ങൾ പല വഴി

സ്ലാബും ഭിത്തിയും മാത്രമല്ല സ്റ്റെയർകെയ്സും റെഡിമെയ്ഡ് ആയി തയാറാക്കി കൊണ്ടു വന്ന് പിടിപ്പിക്കുന്നതാണ് രീതി. എല്ലാ ഭാഗങ്ങളും പല ഘട്ടങ്ങളിലൂടെയുള്ള ഗുണനിലവാര പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങുന്നതെന്ന് പാഡി പറയുന്നു.

3-day-home-bengaluru-kitchen

പ്ലംബിങ്, ഇലക്ട്രിക്കൽ വർക്കുകൾക്ക് വേണ്ടുന്ന വയറും പൈപ്പുകളും സ്വിച്ചുകളുമെല്ലാം നിർമാണ സമയത്ത് തന്നെ ഭിത്തിയിലും സ്ലാബുകളിലും പിടിപ്പിച്ചിരിക്കും. കൊണ്ടു വന്ന് ഉറപ്പിച്ചാൽ പിന്നെ കണക്‌ഷൻ കൊടുക്കുക എന്നതേ ബാക്കിയുള്ളൂ.

3-day-home-bengaluru-bed

പരിസ്ഥിതി സൗഹാർദമായ നിർമാണരീതിയെന്നതാണ് മറ്റൊരു ഗുണം. നിർമാണ അവശിഷ്ടങ്ങൾ വളരെക്കുറച്ചേ ബാക്കി വരികയുള്ളൂ. സാധാരണ രീതിയിൽ വാർത്ത കെട്ടിടത്തേക്കാൾ ചെലവും കുറഞ്ഞ രീതിയിൽ നിർമിക്കാൻ സാധിക്കും. കേരളത്തിലേക്കും തന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാഡി.

tyag-family

ചിത്രങ്ങൾ : ഹരികൃഷ്ണൻ