Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യൻ അന്തിക്കാടിന്റെ വീട്ടുവിശേഷങ്ങൾ; വിഡിയോ

മലയാളസിനിമയിൽ ഇന്നും വിശ്വാസ്യതയ്ക്ക് ഇളക്കം തട്ടിയില്ലാത്ത ഒരു പേരുണ്ട്- സത്യൻ അന്തിക്കാട്. കുടുംബവും കുട്ടികളുമായി പേടികൂടാതെ പോയി ആസ്വദിച്ചു കാണാവുന്ന നന്മചിത്രങ്ങളാണ് ഇദ്ദേഹത്തിന് കുടുംബപ്രേക്ഷകരുടെ സ്വന്തം സംവിധായകൻ എന്ന പേര് നൽകിയത്. (വർഷത്തിൽ ഒരിക്കൽ ഇറങ്ങുന്ന സത്യൻ അന്തിക്കാട് സിനിമകൾക്ക് മാത്രം തിയറ്ററിൽ കൊണ്ടുപോയിരുന്ന ഒരു ബാല്യത്തിന്റെ ഓർമയുമുണ്ട് ലേഖകന്). ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒത്തുചേർന്നപ്പോൾ തിരശീലയിൽ മലയാളികൾ കണ്ടത് അവരുടെ തന്നെ  ജീവിതങ്ങളായിരുന്നു. മലയാളികളുടെ മനഃശാസ്ത്രം ഇത്രയും മനസിലാക്കിയ ഒരു കൂട്ടുകെട്ട് മലയാളസിനിമയിൽ വിരളം.

sathyan-sreeni

നാടിനെ ജീവനുതുല്യം സ്നേഹിക്കുന്നതുകൊണ്ടാണ് അന്തിക്കാട് എന്ന നാടിനെ പേരിനൊപ്പം അദ്ദേഹം സ്നേഹത്തിന്റെ നൂലുകൊണ്ട് കൂട്ടികെട്ടിയതും. സിനിമയിലും ജീവിതത്തിലും നാട്യങ്ങളില്ലാത്ത ജീവിതമാണ് സത്യൻ അന്തിക്കാടിനെ വ്യത്യസ്തനാക്കുന്നത്. സിനിമയുടെ വെള്ളിവെളിച്ചങ്ങളിലൊന്നും അദ്ദേഹത്തെ അധികം കാണാനാകില്ല. അതിലും കൂടുതലായി അന്തിക്കാട്ടെ  ഇടവഴികളിലൂടെ ചിലപ്പോൾ സൈക്കിളും ഓടിച്ചു കൊണ്ട് പോകുന്ന, ചായക്കടയിൽ ഇരുന്നു നാട്ടുകാരോട് കുശലം പറയുന്ന സത്യനെ കാണാനാകും...സത്യൻ അന്തിക്കാട് തന്റെ വീടോർമകളും വീടുപണി വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

എന്റെ വീട്... 

sathyan-anthikad-home-view

മുഖംമൂടികൾ അഴിഞ്ഞു വീഴുന്ന ഇടമാണ് എനിക്ക് എന്റെ വീട്. സമൂഹത്തിൽ ജീവിക്കുമ്പോൾ നാം പല പല മുഖംമൂടികൾ അണിയാൻ നിർബന്ധിതരാകാറുണ്ട്.  അതെല്ലാം അഴിച്ചുവെച്ച് പച്ചമനുഷ്യനായി ജീവിക്കാൻ സാധിക്കുന്ന ഇടമാണ് എനിക്ക് എന്റെ വീട്. ഒരു ജീവിതത്തിൽ രണ്ടു ജീവിതം ജീവിക്കുന്നവരാണ് അഭിനേതാക്കൾ. ഏതാണ്ടതുപോലെ ഓരോ സിനിമകൾ കഴിയുംതോറും ഞാൻ സംവിധായകന്റെ വേഷം അഴിച്ചു വച്ച് അന്തിക്കാട് എന്ന തന്റെ സ്വകാര്യ സന്തോഷത്തിലേക്ക് മറയുന്നു.

നാടോടിക്കാറ്റും വീടുപണിയും... 

ഞാനും ശ്രീനിവാസനും ഇന്നസെന്റും ഒരേസമയത്താണ് ആദ്യവീട് പണിതത്. ഒരേ ബജറ്റിൽ ഒരേപോലെയുള്ള വീട്, അതായിരുന്നു ഹൈലൈറ്റ്. മൂന്ന് ലക്ഷം രൂപയായിരുന്നു അന്ന് ബജറ്റ്. നാടോടിക്കാറ്റ് എഴുതുന്ന സമയമാണ്. സിനിമ ചർച്ചകൾക്കായി ഒത്തു കൂടുമ്പോഴും മൂവരുടെയും മനസ്സിൽ വീട് പണിയായിരിക്കും. ഇടയ്ക്ക് നിർമാതാവ് വന്നു ചോദിക്കും, കഥ എന്തായി എന്ന്? നമ്മൾ 'ബേസ്മെന്റ് കഴിഞ്ഞു, ലിന്റൽ വാർക്കാറായി' എന്നൊക്കെ തട്ടിവിടും..പുള്ളി തിരക്കഥയുടെ കാര്യമാണെന്ന് സമാധാനിച്ച് മടങ്ങിപ്പോകും. നമുക്കല്ലേ അറിയൂ, നമ്മൾ വീടിന്റെ കാര്യമാണ് പറയുന്നത് എന്ന്. അങ്ങനെ തലപുകച്ചിരുന്നു പണിത വീടാണ് ആദ്യത്തേത്. ഇന്നസെന്റും ശ്രീനിവാസനും പിന്നീട് പുതിയ വീട് വച്ചു. നാലു കൊല്ലം മുൻപ് വരെ ഞാനും ആ പഴയ വീട്ടിലാണ് താമസിച്ചിരുന്നത്.

പുതിയ വീട് പിറന്ന കഥ... 

anthikkad-home-view

കുടുംബം വികസിച്ചപ്പോൾ പുതിയൊരു വീട് വയ്ക്കാം എന്ന് തീരുമാനിച്ചു. എനിക്ക് കൃഷി ചെയ്യാൻ നാട്ടിൽ തന്നെ കുറച്ച് സ്ഥലമുണ്ടായിരുന്നു. എന്നാൽ പിന്നെ പുതിയ വീടും അവിടെ തന്നെ പണിയാം എന്ന് ഉറപ്പിച്ചു. പച്ചപ്പിനു നടുവിൽ നിൽക്കുന്ന ഒരുനില വീടായിരുന്നു എന്റെ മനസ്സിൽ എന്നും ഉണ്ടായിരുന്നത്. കാറ്റും വെളിച്ചവും കയറണം. അനാവശ്യ മുറികൾ ഉണ്ടാകരുത്. ഇതൊക്കെയായിരുന്നു സങ്കൽപം.

കാലം മാറിയതിനാൽ പുതിയ വീട് പണിയുന്ന സമയത്ത് മാസികകളും ടിവി പരിപാടികളുമൊക്കെ കാണാൻ തുടങ്ങി. ആ സമയത്താണ് സുഹൃത്തും നിർമാതാവുമായ വി ബാബുവിന്റെ ഹോംസ്റ്റേയിൽ താമസിക്കാൻ പോയത്. കായലിന്റെ നടുവിലുള്ള ആ ഹോംസ്റ്റേയുടെ നിർമാണം എന്നെ വല്ലാതെ ആകർഷിച്ചു. അങ്ങനെയാണ് അതിന്റെ നിർമാതാവായ ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസിലേക്ക് ഞാൻ എത്തുന്നത്. അദ്ദേഹമാണ് പ്ലാനും മറ്റും വരച്ചു തന്നത്. ജയരാജ് എന്ന എൻജിനീയറാണ് മേൽനോട്ടം നിർവഹിച്ചത്. ഇരുവരും എന്റെ വീടുപണി സങ്കൽപ്പങ്ങളോട് യോജിപ്പുള്ള ആളുകളായിരുന്നു. അതുകൊണ്ട് പണി വേഗം പൂർത്തിയാക്കാൻ കഴിഞ്ഞു.

എന്റെ രസതന്ത്രം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന പ്രേമചന്ദ്രൻ ആശാരി എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്.

'ഒരു വീട് നമ്മൾ ആഗ്രഹിക്കുമ്പോൾ ആ വീട് നമ്മളെ ആഗ്രഹിക്കുന്നുണ്ടോ എന്ന് കൂടി ആലോചിക്കണം എന്ന്'. എന്റെ വീടുപണി വേളകളിൽ എല്ലാം മനസ്സിൽ ഉണ്ടായിരുന്നത് മോഹൻലാലിന്റെ ഈ ഡയലോഗായിരുന്നു.

anthikkad-home-pond

അനാവശ്യ മുറികൾ ഒന്നും പണിതിട്ടില്ല വീട്ടിൽ. എനിക്ക് ഭാര്യയും മൂന്നു മക്കളുമാണ്. മൂന്ന് കിടപ്പുമുറികൾ മാത്രമേ വീട്ടിലുള്ളൂ. സ്വീകരണമുറി, ഊണുമുറി എല്ലാം ഒരു ഹാളിലാണ് വരുന്നത്. കഴിവതും പ്രകൃതിദത്തമായ നിർമാണസാമഗ്രികൾ കൊണ്ടാണ് വീട് പണിതത്. ഇടച്ചുമരുകൾ ഇല്ലാത്തതിനാൽ കാറ്റും വെളിച്ചവും നന്നായി കയറുകയും ചെയ്യും.

എന്റെ വായനാമുറിയും എഴുത്തുമുറിയും ഹോംതിയറ്ററും എല്ലാം ഒരുമുറിയിൽ സജ്ജീകരിച്ചു. വീടിനോട് ചേർന്ന് ഒരു മൽസ്യക്കുളവുമുണ്ട്. ഇത് സ്വിമ്മിങ് പൂളായും ഉപയോഗിക്കാം. വീടിനു പുറത്ത് വിശാലമായ പറമ്പും കൃഷിത്തോട്ടവുമുണ്ട്. എന്റെ മകന്റെ കല്യാണം ഈ പറമ്പിൽ പന്തലിട്ടാണ് നടത്തിയത്. 

sathyan-home-lawn

കൃഷിയും ജീവിതവും... 

sathyan-anthikkad

അന്തിക്കാട്ടെ ഒരു കർഷക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അന്തിക്കാട് ഒരു കർഷക ഗ്രാമമാണ്. എല്ലാ വീടുകളിലും ചെറിയ കൃഷികൾ എങ്കിലും കാണും. അതുകൊണ്ട് പച്ചക്കറിയും അരിയുമൊന്നും പുറത്തുനിന്നു മേടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ ഒരേയൊരു പച്ചക്കറിക്കടയേ ഉണ്ടായിരുന്നുള്ളൂ. നാട്ടിൽ വിളയാത്ത 'വിദേശ' പച്ചക്കറികളായിരുന്നു കൂടുതലും അവിടെ ഉണ്ടായിരുന്നത്. 

ഞാൻ വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യാറുള്ളൂ. ബാക്കി സമയം മുഴുവനും നാടും വീടും കൃഷിയുമൊക്കെയായി സന്തോഷമായി കഴിയുന്ന വ്യക്തിയാണ്. എന്റെ സിനിമകൾ തിയറ്ററിൽ നിറഞ്ഞോടുമ്പോൾ ഞാൻ ചിലപ്പോൾ അടുക്കളയിൽ തേങ്ങ അരിയുകയായിരിക്കും. ഞാൻ ഭാര്യയോട് തമാശയായി പറയാറുണ്ട്, കേരളം മുഴുവൻ കാണുന്ന ഒരു സിനിമയുടെ സംവിധായകനെ കൊണ്ടാണ് നീയിപ്പോൾ വീട്ടുവേല ചെയ്യിക്കുന്നതെന്ന്...ബിഎഡ് ഒക്കെ കഴിഞ്ഞു അധ്യാപികയായി ജോലി ചെയ്‌തെങ്കിലും ഭാര്യയ്ക്കും കൃഷി ജീവനാണ്. 

ഈ കീടനാശിനിയും ജൈവകൃഷിയെക്കുറിച്ചുള്ള ചർച്ചകളും ഒക്കെ കേരളത്തിൽ സജീവമാകുന്നതിനു മുന്നേ തന്നെ ഞാനും ശ്രീനിവാസനുമൊക്കെ ജൈവകൃഷി തുടങ്ങിയിരുന്നു. വീട്, കൃഷി, ജീവിതം തുടങ്ങിയ കാര്യങ്ങളിൽ മലയാളികൾ ചെറുതായെങ്കിലും മാറിചിന്തിച്ചു തുടങ്ങിയത് സന്തോഷകരമാണ്. ആഡംബരം നിറയുന്ന വീടുകൾക്ക് പകരം സന്തോഷം നിറയുന്ന വീടുകൾ കേരളത്തിൽ ഉണ്ടാകുന്ന ഒരു കാലം സിനിമ പോലെ ഞാൻ സ്വപ്നം കാണുന്നു.