Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ നായരുടെ വീട്ടുവിശേഷങ്ങൾ

veena-nair-home തട്ടീം മുട്ടീം സീരിയലിലെ കോകിലാക്ഷി എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ വീണ നായർ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു

കോട്ടയം ഒളശ്ശ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. അച്ഛൻ, അമ്മ, സഹോദരൻ, അച്ഛന്റെ അമ്മ എന്നിവരായിരുന്നു കുടുംബം. വിവാഹശേഷം ഭർത്താവിന്റെ വീടായ ചങ്ങനാശേരി പെരുന്നയിലേക്കെത്തി. ഭർത്താവ് സ്വാതി സുരേഷ് ദുബായിൽ ആർജെ ആണ്. ഞങ്ങൾക്ക് ഒരു മകനുണ്ട്. പേര് ധൻവ്വിൻ. ഞാൻ ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ദുബായിക്ക് പറക്കാറുണ്ട്. പക്ഷേ അവിടെ ചെന്നാൽ എത്രയും പെട്ടെന്ന് നാടുപിടിക്കണം എന്നാകും മനസ്സിൽ. ചെറുപ്പം മുതൽ നാടും വീടുമൊക്കെയായി വളർന്നത് കൊണ്ട് അത്യാവശ്യം ഹോം സിക്ക് ആണ്. 

veena-nair-house

ഇപ്പൊൾ നാലുവർഷമായി വിവാഹം കഴിഞ്ഞിട്ട്. ഭർത്താവിന്റെ അച്ഛൻ, അമ്മ, സഹോദരൻ, സഹോദരഭാര്യ എന്നിവരാണ് എന്റെ ഇപ്പോഴത്തെ കുടുംബം. ഷൂട്ടിങ് കഴിഞ്ഞാൽ നേരെ പെരുന്നയിലെ വീട്ടിലേക്ക് വിടുകയാണ് ചെയ്യുക. കേരള ശൈലിയിൽ നിർമിച്ച ഒരു ഇടത്തരം വീട്ടിലാണ് ഞാൻ ജനിച്ചത്. ഇപ്പോൾ താമസിക്കുന്ന ഭർത്താവിന്റെ വീടും ഏകദേശം 30 വർഷം പഴക്കമുള്ള വീടാണ്. അല്ലെങ്കിലും വീടിന്റെ പുറംകാഴ്ചയേക്കാൾ അതിനകത്തുള്ള അന്തരീക്ഷമല്ലേ പ്രധാനം.

veena-nair-family

അമ്മായിയമ്മ-മരുമോൾ-നാത്തൂൻ പോര്, അസൂയ, പരദൂഷണം, പ്രാരാബ്ധം...തുടങ്ങി ഏതൊരു സാധാരണ കുടുംബത്തിലും സംഭവിക്കുന്ന ജീവിതമാണ് തട്ടീം മുട്ടീം നർമം കലർത്തി പറയുന്നത്. അതുകൊണ്ടായിരിക്കാം സാധാരണക്കാർക്ക് അത് പ്രിയമാകുന്നത്. ഇത്തിരി കുശുമ്പും അസൂയയുമെല്ലാമുള്ള കോകിലയെ സ്വന്തം വീട്ടിലും അയലത്തുമെല്ലാം കണ്ടെത്താൻ കഴിയും. തട്ടീം മുട്ടീം വീട് നമ്മുടെ സ്വന്തം കുടുംബം പോലെയാണ്. ലളിതാമ്മയും മഞ്ജുച്ചേച്ചിയും ജയകുമാർ ചേട്ടനും മക്കളും എല്ലാം ചേരുമ്പോൾ നല്ല രസമാണ്. ഇപ്പോൾ അരൂർ ചെമ്മനാട് എന്ന സ്ഥലത്തെ ഒരു വീട്ടിലാണ് ഷൂട്ടിങ്. തട്ടീം മുട്ടീമിലെ പ്രകടനം കണ്ടാണ് വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷം തേടിയെത്തിയത്.

veena-thatteem-mutteem

നാട് തന്നെയാണ് എനിക്കും ഭർത്താവിനുമൊക്കെ ഇഷ്ടം. വിദേശത്തുള്ള ബന്ധുക്കൾ എല്ലാവരും സെപ്റ്റംബറിൽ വരും. ആ ഒത്തുചേരലിനായി കാത്തിരിക്കുകയാണ് വീട്. ഇത്തരം ഒത്തുചേരലുകളാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അല്ലെങ്കിലും കൂടുമ്പോൾ ഇമ്പം ചേരുന്നതാണല്ലോ കുടുംബം.