Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജു സോപാനത്തിന്റെ വീട്ടുവിശേഷങ്ങൾ

biju-sopanam-family മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലെ പ്രിയതാരമായ ബിജു സോപാനം വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു... ബിജുവും കുടുംബവും മഞ്ജു വാരിയരോടൊപ്പം... ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

സാധാരണ ജനിച്ച നാടിനെ പേരിനൊപ്പം കൂട്ടിക്കെട്ടാറുണ്ട് കലാകാരന്മാരും രാഷ്ട്രീയക്കാരും. എന്നാൽ താൻ വളർന്നു വന്ന അങ്കത്തട്ടിനെ പേരിനൊപ്പം കൂട്ടിയ ആളാണ് ബിജു സോപാനം. കാവാലം നാരായണപ്പണിക്കർ ആരംഭിച്ച സോപാനം എന്ന നാടക സ്ഥാപനത്തിലൂടെയാണ് ബിജു അരങ്ങിലേക്ക് എത്തുന്നത്. പിന്നീട് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടും സോപാനത്തെ ബിജു കൈവിട്ടില്ല. സ്വാഭാവികമായ അഭിനയ ശൈലിയാണ് ബിജുവിനെ വ്യത്യസ്തനാക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന് ശേഷം സ്വാഭാവികമായ തിരുവനന്തപുരം ഭാഷയെ മിനിസ്ക്രീനിലൂടെ പ്രശസ്തമാക്കിയതിനും ബിജുവിന് പങ്കുണ്ട്. ബിജു സംസാരിക്കുന്നു...

biju-sopanam

സ്വന്തം നാട് നെയ്യാറ്റിൻകരയാണ്. സാമ്പത്തികമായി വളരെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അതുകൊണ്ടു തന്നെ ചെറുപ്പത്തിലൊന്നും സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന് സ്വപ്നം പോലും കണ്ടിട്ടില്ല. വീട് ഒരു യോഗമാണ് എന്ന് ഞങ്ങളുടെ നാട്ടിൽ പറയാറുണ്ട്. അതായത് സമയമാകുമ്പോൾ അത് നമ്മളെ തേടി വരും. തിരുവനന്തപുരം ഭാഗത്തൊക്കെ മരുമക്കത്തായം പിന്തുടർന്ന് വന്നിരുന്നത് കൊണ്ട് വിവാഹശേഷം ഭാര്യ വീട്ടിലേക്ക് താമസം മാറി.

biju

തിരുവനന്തപുരം നെട്ടയത്താണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്. ഭാര്യ ലക്ഷ്മി വീട്ടമ്മയാണ്. മകൾ ഗൗരി ലക്ഷ്മി ഏഴാം ക്‌ളാസിൽ പഠിക്കുന്നു. ഞങ്ങൾ സ്വന്തമായി വീട് പണിതു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ മേൽനോട്ടത്തിനുള്ള സൗകര്യത്തിനായി വീടുപണി നടക്കുന്നതിനു അടുത്തുള്ള ഒരു വാടക വീട്ടിലേക്ക് താമസം മാറി. ഭാര്യയാണ് വീട് വിഭാഗം കൈകാര്യം ചെയ്യുന്നത്. നമ്മൾ ഷൂട്ട് ആയി മിക്കവാറും പുറത്തായിരിക്കും. മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് നമ്മൾ വീട്ടിൽ എത്തുന്നത്. സീരിയലുകളിൽ അഭിനയിച്ച് ആ വീടുകൾ ഇപ്പോൾ സ്വന്തം വീട് പോലെ ആയി. ജീവിതത്തിലെ വീടും കുടുംബവും പോലെ തന്നെ പ്രിയങ്കരമാണ് സീരിയലുകളിലെ കുടുംബവും. അതുകൊണ്ട് താമസിക്കുന്ന വീട് അങ്ങനെ മിസ് ചെയ്യാറില്ല.

biju-with-daughter ബിജുവും മകൾ ഗൗരി ലക്ഷ്മിയും

തിരുവനന്തപുരം ഭാഗത്തൊക്കെ പണ്ട് ധാരാളം ഓടിട്ട നാടൻ വീടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം കോൺക്രീറ്റ് വീടുകളിലേക്ക് മാറി. ധാരാളം കാറ്റും വെളിച്ചവും നിറയുന്ന ഒരു വീട് വേണം എന്നതായിരുന്നു എന്റെയും ഭാര്യയുടെയും പ്രധാന ആഗ്രഹം. അതിനു വേണ്ട കാര്യങ്ങൾ ഒക്കെ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരുള്ള ആർക്കിടെക്ട് വിനയചന്ദ്രനാണ് വീടുപണിയുടെ ചുമതല. ഇപ്പോൾ പകുതി പണി കഴിഞ്ഞു. അഞ്ചാറ് മാസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കി താമസം മാറാൻ കഴിയും എന്നാണ് വിശ്വസിക്കുന്നത്. ബാക്കി വിശേഷങ്ങൾ അപ്പോൾ ഈ ചാനലിലൂടെ നേരിൽ പറയാം...