Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേളിയുടെ വീട്ടുവിശേഷങ്ങൾ! വിഡിയോ

മിനി സ്‌ക്രീനിലൂടെ കുടുംബപ്രേക്ഷകരുടെ സ്വീകരണമുറിയിലെ സ്ഥിരം അതിഥിയാണ് പേളി മാണി. താൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഹൂ എന്ന സിനിമ കാൻ രാജ്യാന്തര ചലച്ചിത്ര വേദിയിൽ പ്രദർശിപ്പിച്ചതിന്റെ ത്രില്ലിലാണ് ഇപ്പോൾ താരം.. ഒപ്പം ചിത്രത്തിൽ പാടിയഭിനയിച്ച 'ഹൂ ആർ യൂ' എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ഹിറ്റായി തുടരുകയാണ്. കടന്നൽകൂട് പോലെയുള്ള മുടിയുമായി പാറിപ്പറന്നു നടക്കുന്ന പേളിക്ക് ആരാധകരും ഏറെ. ഷൂട്ടിന്റെ തിരക്കുകൾക്കിടയിൽ നിന്നും കുറച്ചു ദിവസം അവധി എടുത്ത് വീട്ടിൽ ആലസ്യം ആസ്വദിക്കുകയാണ് പേളി. ആ വേളയിൽ താരവും കുടുംബവും വീടിന്റെ വിശേഷങ്ങളെക്കുറിച്ച് വാചാലരായി.

pearley-house

അച്ഛൻ, അമ്മ, ഒന്നോ രണ്ടോ കുട്ടികൾ..എന്ന രീതിയിലേക്ക് എല്ലാ കുടുംബങ്ങളും ഒതുങ്ങുന്ന ഒരു കാലമാണ്. ഇവിടെയാണ് ന്യൂജെനറേഷൻ താരമായ പേളിയുടെ വീട് വ്യത്യസ്തമാകുന്നത്. ആലുവയിലാണ് പേളി മാണിയുടെ വടക്കേത്തല എന്ന വീട്. ചെറിയൊരു കൂട്ടുകുടുംബമാണ് താരത്തിന്റെ വീട്. പേളിയുടെ അച്ഛൻ മാണി അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കറാണ്. അമ്മ മോളി വീട്ടമ്മ. അനിയത്തി റേച്ചൽ ഫാഷൻ ഡിസൈനിങ് പഠനം കഴിഞ്ഞു ബെംഗളൂരുവിൽ നിന്നെത്തിയതേയുള്ളൂ. വീടിന്റെ ഇന്റീരിയർ ഡിസൈൻ നേതൃത്വം നിർവഹിച്ചതും റേച്ചൽ തന്നെ. ഇരുനിലയുള്ള വീടിന്റെ മുകൾനിലയിൽ മാണിയുടെ സഹോദരൻ ഡേവിയും കുടുംബവും താമസിക്കുന്നു. ഡേവി വിവാഹം കഴിച്ചത് പേളിയുടെ അമ്മയുടെ അനിയത്തിയെ. അങ്ങനെ അച്ഛന്റെ കുടുംബവും അമ്മയുടെ കുടുംബവും ഒരു വീട്ടിലേക്കെത്തി.

pearley-family

"14 വർഷം മുൻപ് വീടുപണിയുമ്പോൾ വേർപിരിഞ്ഞു പോകാതെ ഒരുമിച്ചുതാമസിച്ചാലോ എന്ന് ഞാൻ ഡേവിയോട് ചോദിച്ചു. കേട്ടപ്പോൾ അവനും പൂർണസമതം. അങ്ങനെ ഇരുനില വീട്ടിൽ രണ്ടു കുടുംബങ്ങൾ ഒന്നായി കഴിയാൻ തുടങ്ങി." മാണി പറയുന്നു. ജീവിതത്തിൽ എടുത്ത നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു അതെന്നു ഡേവിയും പിന്താങ്ങുന്നു. 

"ഇത്തരമൊരു കുടുംബത്തിൽ വളർന്നതിലൂടെ സ്നേഹം, കരുതൽ, പങ്കുവയ്ക്കൽ തുടങ്ങിയ ഗുണങ്ങൾ പേളി അടക്കമുള്ള അടുത്ത തലമുറയിലേക്ക് പകരാനായി... രണ്ടു കുടുംബങ്ങളിലെയും ബന്ധുക്കൾ വരുമ്പോൾ പിന്നെ ഇവിടെ ഒത്തുചേരലിന്റെ ആഘോഷമായിരിക്കും. പണ്ട് മുതലേ കൂട്ടായ്മകളിലെ പ്രധാന സംഘാടക പേളിയായിരുന്നു. ഇത്തരമൊരു കുടുംബത്തിൽ ജനിച്ചു വളർന്ന പേളി ഒരു അവതാരകയായി മാറിയതിൽ അതിശയോക്തി ഒട്ടുമില്ല". അമ്മ മോളി പറയുന്നു.

pearley-home-sitout

പേളി വീട്ടിലെ ഓരോ ഇടങ്ങളും പരിചയപ്പെടുത്താൻ റെഡിയായി. ഒപ്പം അനിയത്തി റേച്ചലും കൂടി. 14 വർഷത്തോളം പഴക്കമുള്ള ഇരുനില വീടിന്റെ അകത്തളങ്ങൾ പെൺകൊടികൾ രണ്ടുപേരും ചേർന്നാണ് പുതിയകാലത്തേക്ക് മാറ്റിയെടുത്തത്. ഒരു അവതാരകയും ഫാഷൻ ഡിസൈനറുടെയും ഒപ്പമുള്ളപ്പോൾ ഷൂട്ട് ചെയ്യുന്നത് എനിക്കും എളുപ്പമായി. നിർദേശങ്ങൾ കൊടുക്കേണ്ട ആവശ്യമില്ല. എല്ലാം ഇരുവരും കണ്ടറിഞ്ഞു ചെയ്തു. ചില ഫ്രയിമുകൾ കളർ സെൻസ് കൊണ്ട് ഇരുവരും പൊലിപ്പിക്കുകയും ചെയ്തു.

pearley-photo-wall

വാതിൽ തുറന്നകത്തു കയറിയാൽ വിശാലമായ ഹാൾ. വൈറ്റ് തീമിലാണ് ഇന്റീരിയർ. റേച്ചലിനും അമ്മയ്ക്കും വെള്ള നിറത്തോടാണ് ഇഷ്ടം. പേളിയാണെങ്കിൽ നിറങ്ങളുടെ ആരാധികയും. രണ്ടു കൂട്ടരുടെയും ആഗ്രഹങ്ങൾ ഇവിടെ സഫലീകരിച്ചിട്ടുണ്ട്. വൈറ്റ് തീമിൽ ഇന്റീരിയർ ഒരുക്കി അതിൽ പലയിടങ്ങളിലും നിറങ്ങൾ കൂട്ടിയിണക്കിയിരിക്കുന്നു. വൈറ്റ് തീമിൽ ഫർണിച്ചർ. കുഷ്യനിലും കിടക്കവിരിയിലും കർട്ടനുകളിലും ഒക്കെ നിറങ്ങൾ എത്തിനോക്കുന്നു. ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റിങ്ങും ഹാളിൽ പ്രസന്നമായ അന്തരീക്ഷം നിറയ്ക്കുന്നു.

pearley-home-hall

സ്വീകരണമുറി മുതൽ ഹാളിന്റെ അങ്ങേയറ്റം വരെ വൈറ്റ് ഗ്ലോസി ഫിനിഷുള്ള വോൾപേപ്പർ നൽകി. സ്വീകരണമുറിയിലെ ഒരു കണ്ണാടിയും നൽകി. പുറത്തേക്ക് പോകുമ്പോൾ ഇതിൽ നോക്കി ഒരുക്കം പെട്ടെന്ന് വിലയിരുത്തുകയും ചെയ്യാം.

പ്രധാന ഹാളിന്റെ നടുവിലായി പത്തോളം പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഡൈനിങ് ടേബിൾ. എങ്കിലും ഭക്ഷണം കഴിപ്പ് ഒഴിച്ച് ബാക്കി മിക്ക കലാപരിപാടികളും ഇവിടെയാണ് എന്ന് പേളി പറയുന്നു.

pearley-home-dining

ഊണുമുറിയുടെ പിറകിലായി ടിവി റൂം അഥവാ പേളിയുടെ അലമ്പ് റൂം. പിള്ളേർ സെറ്റ് ഒത്തുകൂടുമ്പോൾ ഇവിടെയാണ് കലാപരിപാടികൾ അരങ്ങേറുന്നത്. ഇവിടെയും സോഫ യൂണിറ്റ് നൽകി. വുഡൻ ഫ്ളോറിങ് ചെയ്ത് ഈ ഭാഗം വേർതിരിച്ചു. 

pearley-family-living

അലമ്പ് റൂമിൽ നിന്നും പേളിയുടെ ചില്ലിങ് റൂമിലേക്കെത്താം. പലവക കാര്യങ്ങൾ ഇവിടെ ചെയ്യാം. വീടിന്റെ പിറകിലൂടെ ഒഴുകുന്ന പുഴയുടെ കാഴ്ചകൾ ഇവിടെയിരുന്നു ആസ്വദിക്കാം. ഭിത്തികളിൽ കുട്ടിത്തം നിറയുന്ന പെയിന്റിങ്‌സ് കാണാം. അതിൽ നടി മംമ്ത മോഹൻദാസ് നൽകിയ സ്റ്റിക്കറുമുണ്ട്. പേളി യൂട്യൂബിൽ പേളി മാണി ഷോ എന്നൊരു വിഡിയോ സീരിസ് ചെയ്യുന്നുണ്ട്. അതിന്റെ ഷൂട്ട് ഇവിടെയാണ് ചെയ്യുന്നത്. സമീപമുള്ള ജനാല ബുക് ഷെൽഫാക്കി മാറ്റി. കൂടാതെ വർക്ക് ഔട്ടിനായി ട്രെഡ്മില്ലും സജ്ജീകരിച്ചിരിക്കുന്നു.

pearley-rachel

ലളിതമായ കിച്ചൻ. ഇവിടം അമ്മയുടെ സാമ്രാജ്യമാണെന്നു പേളി പറയുന്നു. അമ്മ മോളിക്ക് ചെടികൾ ഇഷ്ടമാണ്. കിച്ചനിലും പലയിടത്തായി ചെറിയ പാത്രങ്ങളിൽ ചെടികൾ കാണാം. സമീപം വർക്ക് ഏരിയയും ഒരുക്കി. ടിവി റൂമിന്റെ വശത്തായി പ്രെയർ സ്‌പേസ്. ഇതും അമ്മയുടെ ഡിപ്പാർട്ട്മെന്റ് ആണെന്ന് പറഞ്ഞു പേളി മുറിയിലേക്ക് സ്കൂട്ടായി.

pearley-home-kitchen

പേളിയും റേച്ചലും ഒരുമുറിയിലാണ് കിടക്കുന്നത്. ഇരുവരുടെയും ഇഷ്ടനിറങ്ങൾ സൗഹാർദത്തോടെ മുറിയിൽ വസിക്കുന്നു. പിങ്ക്, വൈറ്റ് നിറമാണ് ചുവരുകളിൽ. പിങ്ക്, യെലോ തീമിൽ ഒരു കബോർഡും പേളി ഒരുക്കിയിട്ടുണ്ട്. ഭിത്തികളിൽ പ്രചോദനാത്മകമായ വരികളിൽ കുത്തിക്കുറിച്ചു വച്ചിരിക്കുന്നു.

pearley-bed

അടുത്തത് വീടിന്റെ മുറ്റത്തുള്ള ചെറിയ ഗാർഡനിലേക്ക്. റോഡ് സൈഡിലുള്ള വീട്ടിൽ അത്യാവശ്യം മുറ്റം നൽകിയാണ് വീട് പണിതത്. വശങ്ങളിൽ താൻ നട്ടതെന്നു പേളി 'അവകാശപ്പെടുന്ന' മരങ്ങളും ചെടികളും. രണ്ടു വീട്ടമ്മമാർക്കും ചെടികളോട് ഇഷ്ടമാണ്. അതുകൊണ്ട് ധാരാളം ചെടികളും മരങ്ങളും വീട്ടിൽ കാണാം. ബാൽക്കണിയിലും ചെറിയൊരു മിനി ഗാർഡൻ ഒരുക്കിയിട്ടുണ്ട്.

pealey-house-top-floor

വീടിന്റെ വശത്തായി പേളിയുടെ അമ്മ ചെറിയൊരു പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്. വീട്ടിലേക്ക് ആവശ്യമുള്ള ചെറിയ പച്ചക്കറികൾ ഇവിടെനിന്നും ലഭിക്കും.

"വീടാണ് ഒരു വ്യക്തിയുടെ ആദ്യ പാഠശാല എന്ന് പറയുമല്ലോ. ഒരു കാലത്ത് കൂട്ടുകുടുംബങ്ങളായിരുന്നു സമൂഹത്തിന്റെ അടിത്തറ. അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും അമ്മാവനും അമ്മായിയും കസിൻസുമൊക്കെയായി ഒത്തുചേരലിന്റെയും കരുതലിന്റെയും സന്തോഷം നിറഞ്ഞിരുന്ന കാലം പൊയ്പോയി. ഇന്ന് അണുകുടുംബങ്ങളാണ് ഏറെയും. കൂട്ടുകുടുംബത്തിൽ വളർന്നത് എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. പരസ്പരം കരുതാനും പങ്കുവയ്ക്കാനും ഒക്കെ പഠിച്ചത് ഇവിടെ നിന്നാണ്. 

pearley-home

പല പല വീടുകൾ വച്ച് ഒറ്റപ്പെട്ട തുരുത്തുകൾ പോലെ ജീവിക്കുന്ന കാലമാണിത്. ചെറിയ പിണക്കങ്ങളും പരാതികളും പരിഭവങ്ങളുമൊക്കെ ഞങ്ങൾക്കിടയിലും ഉണ്ടാകാറുണ്ട്. പക്ഷേ അതൊക്കെ മനസിലാക്കി മുൻപോട്ട് പോകുന്നതാണ് ജീവിതത്തിന്റെ സന്തോഷം എന്ന് പറയുന്നത്. വീടിന്റെ പുറംകാഴ്ചയിലോ ആർഭാടത്തിലോ അല്ല, അതിൽ താമസിക്കുന്നവരുടെ മനോഭാവമാണ് വീടിനെ സ്വർഗ്ഗവും നരകവുമാക്കി മാറ്റുന്നത്. ഇത്രയും നാൾ ടിവി ഷോകളിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് ഞാനാണ് എത്തിയത്. ഇന്ന് നിങ്ങൾ എന്റെ വീട്ടിലേക്ക് വന്നു. എന്റെ വീടിന്റെ വിശേഷങ്ങൾ ഞാൻ പങ്കുവച്ചു. എല്ലാരും ഹാപ്പിയല്ലേ"... വീണ്ടും ചിരിമണികൾ ഉതിർന്നു വീണു.

മിനിസ്‌ക്രീനിൽ പൊട്ടിച്ചിരിച്ചു കൊണ്ട് നോൺ സ്റ്റോപ്പായി സംസാരിക്കാൻ മാത്രമല്ല, അത്യാവശ്യം ജീവിതവീക്ഷണങ്ങൾ പക്വതയോടെ അവതരിപ്പിക്കാനും പേളിക്ക് അറിയാം എന്ന് ഷൂട്ട് കഴിഞ്ഞതോടെ മനസ്സിലായി. ന്യൂജെനറേഷൻ കാലത്തും കൂട്ടുകുടുംബങ്ങൾക്ക് പ്രസക്തിയുണ്ട് എന്ന സന്ദേശം നൽകുകയാണ് പേളിയുടെ വീട്. ഒപ്പം 'കൂടുമ്പോൾ ഇമ്പം കൈവരുന്നതാണ് കുടുംബം' എന്ന ഫിലോസഫിയുടെ നേർസാക്ഷ്യമായി ആ വീട് തലയുയർത്തി നിൽക്കുന്നു. അവിടെ നിന്നും മടങ്ങുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു. ഒരുപാട് പോസിറ്റീവ് എനർജി മനസ്സിലേക്ക് പകരുന്ന വീട്. ശരിക്കും ഇത്തരം വീടുകൾ തന്നെയല്ലേ ഭൂമിയിലെ സ്വർഗം...