Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിത നായരുടെ വീട്ടുവിശേഷങ്ങൾ

kavitha-nair-home അവതാരകയും എഴുത്തുകാരിയും മിനി സ്‌ക്രീനിലൂടെ പ്രേക്ഷരുടെ പ്രിയങ്കരിയുമായ കവിത നായർ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ബാല്യത്തിന്റെ ഓർമകളിൽ കൂടുതലും നിറയുന്നത് വാടകവീടുകളാണ്.  അച്ഛൻ, അമ്മ, അനിയൻ എന്നിവരടങ്ങുന്നതായിരുന്നു എന്റെ കൊച്ചു കുടുംബം. അച്ഛൻ സിവിൽ സപ്ലൈസ് ഓഫീസറായിരുന്നു. അച്ഛന്റെ ട്രാൻസ്ഫറിന് അനുസരിച്ച് ഞങ്ങൾ വീട് മാറിക്കൊണ്ടേയിരുന്നു. ഏതെങ്കിലും വീടിനോട് ഒരാത്മബന്ധം ആയിവരുമ്പോഴേക്കും അടുത്ത വീട്ടിലേക്കുള്ള പെട്ടി മുറുക്കാൻ സമയമായിട്ടുണ്ടാകും...

kavitha-with-family

പിന്നെ നിറഞ്ഞു നിൽക്കുന്ന വീടോർമ്മകൾ അവധിക്കാലങ്ങളിലായിരുന്നു. അച്ഛന്റെയും അമ്മയുടെ തറവാടുകളിലേക്കുള്ള യാത്രകൾ. അച്ഛന്റെ തറവാട് വൈക്കത്തിനടുത്തായിരുന്നു. ഒരു കുട്ടനാടൻ പ്രദേശം. അമ്മയുടെ വീട് ഇടുക്കിയിലെ പെരുവന്താനത്തും. ഈ രണ്ടു ഭൂപ്രകൃതിയിലേക്കുമുള്ള യാത്രകളും അവിടുത്തെ വീടുകളും ജീവിതവും ഇപ്പോഴും ഓർമകളിൽ നിറഞ്ഞു നിൽപ്പുണ്ട്.

kavitha-house

എന്റെ 15–ാം വയസ്സിലാണ് കോട്ടയം അയർക്കുന്നത്ത് അച്ഛൻ സ്വന്തമായി വീട് വയ്ക്കുന്നത്. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞു മാറി, നിറയെ പച്ചപ്പും പറമ്പും കുളവുമൊക്കെയുള്ള വീട്. സമാധാനമായി വിശ്രമജീവിതം നയിക്കാൻ പാകത്തിൽ ഒരു വീട്. പ്ലസ്‌ടു കഴിഞ്ഞപ്പോഴേക്കും ഞാൻ ടിവി പരിപാടികളിലേക്ക് എത്തിയിരുന്നു. പിന്നെ പഠനവും ഷൂട്ടിനായുള്ള യാത്രയുമായി ജീവിതം തിരക്കിലേക്ക് വഴുതി വീണു. പിന്നീട് ഹോട്ടലുകളായി വീട്. ചില സീരിയലുകളുടെയൊക്കെ ഷൂട്ട് രാത്രി വരെ നീളും. പിന്നെ നേരെ ഹോട്ടലിലേക്ക്. ഇതിനിടയ്ക്ക് കിട്ടുന്ന അവധിദിവസങ്ങളിൽ വീട്ടിലേക്ക് ഓടിയെത്തും. അങ്ങനെ കുറച്ചു വർഷങ്ങൾ.

kavitha-celebrity-corner

വിവാഹത്തിന് ശേഷം ഭർത്താവിന്റെ നാടായ ബെംഗളൂരുവിലേക്ക് കുടിയേറി. ഇവിടെ ഒരു ഫ്ളാറ്റിലാണ് കുടുംബസമേതം ഇപ്പോൾ താമസം. ജീവിതത്തിലേക്ക് നിരവധി വീടുകൾ വിരുന്നു വന്നിട്ടുണ്ട്. നാട്ടിലെ വാടകവീടുകൾ മുതൽ മെട്രോ നഗരത്തിലെ ഇപ്പോൾ താമസിക്കുന്ന ഫ്ളാറ്റ് വരെ... പക്ഷേ ഏതിടത്തായാലും നമ്മുടെ മനോഭാവമാണ് ഒരു കെട്ടിടത്തെ വീടാക്കി മാറ്റുന്നത്.

kavitha-husband

എന്നെ സംബന്ധിച്ചിടത്തോളം ഗ്രാമത്തിൽ ജനിച്ചു വളർന്നതുകൊണ്ട് ആ ഓർമ്മകൾ അനുസ്മരിപ്പിക്കുന്ന ചെറിയ ഇടങ്ങൾ ഞാൻ പുനർസൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ഫ്ളാറ്റിലെ ബാൽക്കണിയിലുള്ള ചെടികൾ, എന്റെ റീഡിങ് സ്‌പേസ്...ഇതൊക്കെ ഞാൻ ജീവിച്ച പഴയ കാലം ഫീൽ ചെയ്യിക്കാറുണ്ട്. അതുകൊണ്ട് ഹോം സിക്ക്നസ് വലുതായി അസ്വസ്ഥപ്പെടുത്തിയിട്ടില്ല.

kavitha-balcony

ഞങ്ങൾ പുതുതായി ഒരു ഫ്ളാറ്റ് മേടിച്ചിട്ടിട്ടുണ്ട്. നാലു മാസത്തിനുള്ളിൽ കയറിത്താമസിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അവിടെയും എന്റെ നാടിനെ ഫീൽ ചെയ്യിപ്പിക്കുന്ന കുറച്ചു ചെപ്പടി വിദ്യകൾ ചെയ്യാനാണ് പദ്ധതി.