Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാത്തുക്കുട്ടിയുടെ വീട്ടുവിശേഷങ്ങൾ

mathukutty-home മഴവിൽ മനോരമയിലെ ദേ ഷെഫ്, ഉടൻ പണം തുടങ്ങിയ പരിപാടികളിലൂടെ കുടുംബപ്രേക്ഷരുടെ പ്രിയ അവതാരകനായി മാറിയ മാത്തുക്കുട്ടി വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

അരുൺ മാത്യു എന്ന് പറഞ്ഞാൽ ആർക്കും പിടികിട്ടി എന്ന് വരില്ല. എന്നാൽ ആർ ജെ മാത്തുക്കുട്ടി എന്ന് പറഞ്ഞാൽ സകുടുംബമൊരു ചിരിക്ക് വകയുണ്ട്. കോളജിൽ പഠിക്കുമ്പോൾ അപ്പന് ചേർത്തു കൂട്ടുകാർ വിളിച്ച പേരിനെ പിന്നെ ഒപ്പം കൂട്ടുകയായിരുന്നു എന്ന് അരുൺ പറയുന്നു. മാത്തുക്കുട്ടിയുടെ വീട്ടുവിശേഷങ്ങളിലേക്ക്. 

mathukutty-house

പെരുമ്പാവൂരിനടുത്ത് വെങ്ങോലയാണ് സ്ഥലം. വെങ്ങോലയിലുള്ള തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. ഏതാണ്ട് 50 വർഷം പഴക്കമുള്ള വീടാണ്. പപ്പ, അമ്മ, ചേട്ടൻ, ചേച്ചി എന്നിവരാണ് കുടുംബം. പപ്പയ്ക്ക് അത്യാവശ്യം കൃഷിയൊക്കെയുണ്ട്. അമ്മ വീട്ടമ്മയാണ്. ചേട്ടനും ചേച്ചിയും കുടുംബമായി പ്രവാസികളാണ്. ഇപ്പോൾ വർഷത്തിൽ ഒരിക്കലാണ് എല്ലാവരും തറവാട്ടിൽ ഒത്തുകൂടുന്നത്. അന്നേരം ശരിക്കും ഒരു പെരുന്നാളിന്റെ പ്രതീതിയാണ്. 

mathukutty-home-yard

ഒരേക്കറോളം ഭൂമിയുണ്ട്. ട്രഡീഷണൽ ശൈലിയിലുള്ള വീട്ടിൽ കുറച്ചിട ഓട് വിരിച്ചിരിക്കുന്നത് കൊണ്ട് ചൂട് വളരെ കുറവാണ്. നാലു കിടപ്പുമുറികളുണ്ട്. പഴയ ആന്റിക് സാധനങ്ങൾ ഒക്കെ ശേഖരിക്കുന്നതിൽ വീട്ടുകാർക്ക് താൽപര്യമുണ്ട്. വീട്ടിൽ പഴയ ഗ്രാമഫോൺ, ആന്റിക് ഫർണിച്ചർ തുടങ്ങിയവ കൊണ്ട് അകത്തളം അലങ്കരിച്ചിട്ടുണ്ട്. 

mathukutty-home-farm

അമ്മയ്ക്ക് ഗാർഡനിങ്ങിൽ താൽപര്യമുണ്ട്. വീടിന് മുന്നിൽ ചെറിയൊരു പൂന്തോട്ടമുണ്ട്. അടുക്കളയോട് ചേർന്ന് ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ ഒരുവിധം പച്ചക്കറികളൊക്കെ തോട്ടത്തിൽനിന്നും കിട്ടും. അപ്പൻ പറമ്പിൽ ഒരിടവും വെറുതെ ഇട്ടിട്ടില്ല. ജാതിക്കൃഷിയിലാണ് സ്‌പെഷലൈസ് ചെയ്തിരിക്കുന്നത്. കൂടാതെ കോഴിയും താറാവും മുയലുമൊക്കെയുണ്ട്. ശരിക്കും പ്രകൃതിയോട് ചേർന്നുള്ള ഒരു ജീവിതമായിരുന്നു ചെറുപ്പത്തിൽ. 

mattukutty-in-khardungla-pass

ഞാൻ പഠിച്ചതും വളർന്നതുമെല്ലാം വീട്ടിൽ നിന്നും പോയിവന്നാണ്. അതുകൊണ്ടു തന്നെ നല്ല ഹോംസിക്ക്നസ്സ് ഉള്ള വ്യക്തിയാണ്. ഇതുവരെ വീട്ടിൽനിന്നും ഏറ്റവും കൂടുതൽ കാലം മാറിനിന്നത് ഹിമാലയൻ യാത്ര പോയപ്പോഴാണ്. 22 ദിവസം. ലോകത്തെ  ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായ ഖർദുങ് ലാ ചുരത്തിൽ നിൽക്കുമ്പോഴും എനിക്ക് ആദ്യം തോന്നിയത്  ഈ നിമിഷം വീട്ടിൽ എത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്. 

home-rabbit

യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയുടെ സംഭാഷണം എഴുതുന്ന സമയത്ത് ഞാനും സുഹൃത്തുക്കളും കാക്കനാട് ഒരു വില്ലയെടുത്ത് താമസിച്ചിരുന്നു. എല്ലാവിധ സൗകര്യങ്ങളുമുള്ള അടിപൊളി വില്ല. പക്ഷേ രണ്ടുമൂന്നുദിവസം ആകുമ്പോഴേക്കും എനിക്ക് ഹോംസിക്ക്നസ് തുടങ്ങും. പിന്നെ നേരെ വണ്ടിയെടുത്ത് വീട്ടിലൊന്നു പോയി ഫ്രെഷായിട്ടാണ് തിരിച്ചുവന്നിരുന്നത്. 

mathukutty

ഉടൻ പണത്തിന്റെ ഷൂട്ടിന് കേരളത്തിലുടനീളവും വിദേശത്തും സഞ്ചരിട്ടുണ്ട്. കല്ലുവിന്റെ (രാജ് കലേഷ്) കമ്പനി കൂടി ഉള്ളതുകൊണ്ട് അധികം ഹോംസിക്ക്നസ് അറിയാതെ കഴിയുന്നു. എന്നിരുന്നാലും കേരളത്തിൽ ഷൂട്ട് ഉള്ളപ്പോൾ ഒരിടവേള കിട്ടിയാൽ അപ്പോൾ വീട്ടിലേക്ക് വണ്ടിപിടിക്കും. സിനിമയുടെയും ഷൂട്ടിന്റെയും ഒക്കെ കേന്ദ്രം കൊച്ചിയാണ്. പലരും ചോദിക്കാറുണ്ട് ഒരു ഫ്ളാറ്റ് എടുത്ത് കൊച്ചിയിലേക്ക്  മാറിക്കൂടെ എന്ന്... ഒരു കൂട്ടുകുടുംബത്തിൽ ജനിച്ച് മണ്ണിൽ ചവിട്ടി വളർന്നതുകൊണ്ടായിരിക്കാം എനിക്ക് ഫ്ളാറ്റിലെ ജീവിതവുമായി അധികകാലം ഒത്തുപോകാനാകില്ല. ശ്വാസം മുട്ടും. 

mathukutty-mother അമ്മ കൃഷിത്തോട്ടത്തിൽ

ഇപ്പോൾ തറവാടിനടുത്ത് തന്നെ ചേട്ടന് വേണ്ടി വീട് വയ്ക്കുന്നതിന്റെ ഓടിനടപ്പിലാണ്. സമകാലിക ശൈലിയിലുള്ള ഒരു വീടാണ് വയ്ക്കുന്നത്. പണികഴിഞ്ഞു കുടുംബമായി അവിടേക്ക് താമസം മാറാനാണ് പ്ലാൻ. എവിടെയായാലും അപ്പന്റെയും അമ്മയുടെയും സഹോദരങ്ങളുടേയുമൊപ്പം താമസിക്കുക എന്നതാണ് ഇഷ്ടം.

mathukutty-home-view

വീട് എന്ന് പറയുന്നത് നമ്മുടെ ഒരു കംഫർട്ട് സോണാണ്‌. ലോകത്ത് എവിടെപ്പോയാലും ഒരു പണിയുമില്ലാതെ മുണ്ടും മടക്കിക്കുത്തി വീട്ടിലെ ഉമ്മറത്തുള്ള ചാരുകസേരയിൽ ഇരുന്ന് പുറത്തെ കാറ്റും മഴയും കാണുന്നതിന്റെ ഒരു സുഖം!!..എന്റെ മച്ചാനേ വേറെങ്ങും കിട്ടില്ല. പിന്നെ വീടിനെ വീടാക്കി മാറ്റുന്നത് നമ്മുടെ കുടുംബത്തിന്റെ ഒത്തുചേരലുകൾ കൂടിയാണ്. 

kallu-mathu കല്ലുവും മാത്തുവും

ഉടൻപണം 100 എപ്പിസോഡുകൾ പൂർത്തിയാക്കി. ഇപ്പോൾ ഒരു ബ്രേക്ക് കൊടുത്തിരിക്കുകയാണ്. ഭാഗ്യമുണ്ടെങ്കിൽ ഉടൻ തന്നെ ഉടൻപണവുമായി ഞങ്ങൾ വീണ്ടും നിങ്ങളുടെ സ്വീകരണമുറികളിലേക്ക് എത്തുന്നതായിരിക്കും.