Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്വതിയുടെ വീട്ടുവിശേഷങ്ങൾ

aswathy-house ഒന്നിലേറെ വീടുകളുടെ ഓർമകളാണ് മിനിസ്‌ക്രീനിലൂടെ സുപരിചിതയായ അശ്വതിക്ക് പറയാനുള്ളത്.

മിനിസ്‌ക്രീനിലൂടെ കുടുംബപ്രേക്ഷകർക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവതാരകയ്ക്കൊപ്പം എഴുത്തുകാരിയുമാണ് അശ്വതി. ഗൃഹാതുരതയുടെ മണമുള്ള ലേഖനങ്ങൾ സമാഹരിച്ച് ഒരു പുസ്തകം അശ്വതി കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. ഇപ്പോൾ അടുത്ത പുസ്‌തകത്തിന്റെ പണിപ്പുരയിലുമാണ്. അശ്വതി വീടോർമ്മകൾ പങ്കുവയ്ക്കുന്നു. 

aswathy-sreekanth

കെട്ടുകഥകളിലെ പോലെ സുന്ദരമായിരുന്നു ബാല്യവും വീടോർമ്മകളും. തൊടുപുഴയിലെ ഉൾനാടൻ ഗ്രാമമായ തട്ടക്കുഴയിലെ ഒരു വാടകവീട്ടിലാണ് ഞാൻ ജനിച്ചത്. ഒരു മലപ്രദേശമായിരുന്നു അത്. അഞ്ചാം വയസിലാണ് വീട്ടുകാർ സ്വന്തമായി വാങ്ങിയ വീട്ടിലേക്ക് താമസം മാറുന്നത്. വീടിനു സമീപം കൂടി ഒരു തോട് ഒഴുകുന്നുണ്ടായിരുന്നു. ഇടതൂർന്ന മൺവഴികളിലൂടെ സ്‌കൂളിൽ പോയതും അതുകഴിഞ്ഞു വന്നു തോട്ടിൽ ചാടിയുള്ള കളികളും അമ്മയുടെ അടിയും ഒക്കെ സുഖമുള്ള ഓർമകളാണ്. 

parents അച്ഛൻ, അമ്മ, മകൾ എന്നിവരോടൊപ്പം അശ്വതി

അയൽപക്ക ബന്ധങ്ങൾ വളരെ ദൃഢമായിരുന്നു. എന്റെ വീട്ടിൽ മീൻകറിയും അപ്പുറത്തെ വീട്ടിൽ ചിക്കനും വയ്ക്കുകയാണെകിൽ പരസ്പരം പങ്കുവയ്ക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാവരും തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്നത് വിഷമമുള്ള കാഴ്ചയാണ്. ആ ഓർമകൾ കൂടി സമന്വയിപ്പിച്ചാണ് ഞാൻ 'ഠ ഇല്ലാത്ത മുട്ടായികൾ' എന്ന എന്റെ പുസ്തകം പുറത്തിറക്കിയത്.  

അച്ഛൻ ദീർഘവർഷങ്ങൾ പ്രവാസിയായിരുന്നു. വീട്ടിൽ അമ്മയും ഞാനും രണ്ട് സഹോദരങ്ങളും പിന്നെ അമ്മൂമ്മയും (അമ്മയുടെ അമ്മ) ആയിരുന്നു ഉണ്ടായിരുന്നത്. ഞാൻ പ്ലസ്‌ടുവിനു പഠിക്കുന്ന സമയത്താണ് അമ്മൂമ്മയുടെ അകാലനിര്യാണം. അത് ഞങ്ങളെ മാനസികമായി തളർത്തി. അമ്മൂമ്മയുടെ അസാന്നിധ്യം പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. അതോടെ ഞങ്ങൾ തൊടുപുഴയിലെ വീട്ടിൽ നിന്ന് അമ്മയുടെ ജന്മനാടായ പാലായിലെ വീട്ടിലേക്ക് താമസം മാറി. ആദ്യമായി സ്വന്തമെന്ന് അവകാശപ്പെടാൻ കഴിഞ്ഞ ആ വീട് ഇപ്പോഴും എനിക്ക് ഒരു നൊസ്റ്റാൽജിയയാണ്. അതിനെക്കുറിച്ച് ഒരു കവിതയും അടുത്തിടെ ഞാൻ എഴുതിയിരുന്നു.

പാലാ അൽഫോൻസ കോളജിലായിരുന്നു പിന്നീട് ഡിഗ്രി പഠനം. കുറച്ചു നാളിനു ശേഷം വീട്ടുകാർ പാലായിൽ സ്ഥലം മേടിച്ച് വീടുവച്ചു. ഇതിനിടയ്ക്ക് ഞാൻ ആർ ജെ ആയി ജോലി കിട്ടി ദുബായിലേക്ക് ചേക്കേറി.

aswathy-family

ജന്മനാടായ തൊടുപുഴയിൽ നിന്നുതന്നെയാണ് ഞാൻ ജീവിതപങ്കാളിയെ കണ്ടെത്തിയത്. ഭർത്താവിന്റെയും ഒരു കൂട്ടുകുടുംബമാണ്. വിവാഹശേഷം ശ്രീകാന്തിനൊപ്പം വീണ്ടും ദുബായിലേക്ക് പറന്നു. കുറച്ചു വർഷങ്ങൾക്കുള്ളിൽ ദുബായ് ഞങ്ങളുടെ സെക്കൻഡ് ഹോം ആയി മാറി. മകൾ പിറന്നതും ദുബായിൽവച്ചാണ്.

husband-home ഭർത്താവിന്റെ വീട്

മിനിസ്‌ക്രീനിൽ സജീവമായ ശേഷം ദുബായ് ടു നാട് ഷട്ടിലടിയായിരുന്നു. ഇപ്പോൾ മകളുടെ പഠനം പ്രമാണിച്ച് ഒരു വർഷമായി നാട്ടിൽ തന്നെയാണ്. മകൾ പത്മ ഇപ്പോൾ യുകെജിയിൽ പഠിക്കുന്നു. വീടിന്റെ ചുവരുകളിൽ നിറയെ അവളുടെ കലാസൃഷ്ടികളാണ്. പ്രവാസിയായി ദുബായിലെ ഫ്ളാറ്റിൽ ഇരുന്നോർക്കുമ്പോഴാണ് എത്ര വർണാഭമായിരുന്നു എന്റെ ബാല്യകൗമാരങ്ങൾ എന്ന് തിരിച്ചറിയുന്നത്.

aswathy-thodupuzha-home അശ്വതിയുടെ വീട്

ഒരു സ്വപ്നവീട് പണിയാനുള്ള ആശയങ്ങളുടെ പണിപ്പുരയിലാണ് ഞാനും ശ്രീകാന്തും. തൊടുപുഴയിൽ കുറച്ച് സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്. പഴയ പോലെ തോന്നിക്കുന്ന ഒരു ഒറ്റനില വീട്, കാണുമ്പോൾ കുറച്ചു നാളുകളായി ഈ വീട് ഇവിടെ ഉണ്ടെന്നു തോന്നണം. അതാണെന്റെ ഭവനസങ്കൽപ്പം. അത് സാധ്യമായി കഴിഞ്ഞു വിശേഷങ്ങൾ ഈ ചാനലിലൂടെ നേരിൽ കണ്ടുപറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.