ലെനയുടെ വീട്ടുവിശേഷങ്ങൾ

സിനിമയിലെ വൈവിധ്യമാർന്ന വേഷങ്ങൾ പോലെ തന്നെയാണ് ലെനയുടെ ജീവിതവും....

ഞാൻ കൊച്ചിയിലാണ് ജനിച്ചത്. അച്ഛൻ മോഹൻ കുമാർ, അമ്മ ടീന. എനിക്കൊരു സഹോദരി ടാഷ. വാടകവീടുകളിലൂടെയാണ് ബാല്യവും കൗമാരവും കടന്നു പോയത്. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു. ഓരോ മൂന്ന് വർഷവും അച്ഛന്റെ ട്രാൻസ്ഫറിന് അനുസരിച്ച് ഞങ്ങളുടെ കൂടുകളും മാറിക്കൊണ്ടിരുന്നു. ഒരിടത്തു നിന്നും അടുത്ത വീട്ടിലേക്കുള്ള മാറ്റമായിരുന്നു അക്കാലത്തു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഓരോ മൂന്ന് വർഷവും സാധനങ്ങൾ അടുക്കിപ്പെറുക്കി വയ്ക്കുക അമ്മയുടെ ജീവിതരീതി തന്നെയായിരുന്നു. 

കുട്ടിക്കാലം ആസാം മേഘാലയ എന്നിവിടങ്ങളിൽ ആയിരുന്നു. താമസിക്കുന്ന ഓരോ വീടുകളോടും ഒരു ആത്മബന്ധമായി വരുമ്പോഴേക്കും അടുത്ത ഇടത്തേക്ക് സ്ഥലം മാറ്റമാകും. പിന്നെ പുതിയ സ്ഥലം, വീട്, കൂട്ടുകാർ...പിന്നീട് ഞാൻ ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്താണ് തൃശൂരിലേക്ക് സ്ഥലം മാറ്റം കിട്ടുന്നതും നാട്ടിൽ വന്നു വീട് വയ്ക്കുന്നതും. വടക്കാഞ്ചേരിയിലാണ് അച്ഛന്റെ തറവാട്. അവധിക്കാലത്ത് നാട്ടിൽ എത്തുമ്പോൾ എല്ലാവരും തറവാട്ടിൽ ഒത്തുചേരും. അപ്പോഴുള്ള കളിചിരികളും സന്തോഷവും ഇപ്പോഴും ഓർമകളായി മനസ്സിലുണ്ട്. 

ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന ചെമ്പൂക്കാവിലൊക്കെ മിക്ക വീടുകളും വിശാലമായ പാടങ്ങൾക്ക് നടുവിൽ ഒറ്റപ്പെട്ട തുരുത്തുകൾ പോലെയായിരുന്നു. അക്കാലത്ത് മോഷണം സ്ഥിരം വാർത്തയായിരുന്നു. ഞങ്ങളുടെ വാടകവീട്ടിലും രണ്ടു മൂന്ന് തവണ വീട്ടിൽ കള്ളൻ കേറിയതിന്റെ ഭയം മനസ്സിൽ ഉണ്ടായിരുന്നു. ഞങ്ങൾക്കാണെങ്കിൽ നാടുമായി വലിയ ബന്ധവുമില്ല. അങ്ങനെ വീട് പണിയാനുള്ള ശ്രമം ഒഴിവാക്കി അച്ഛൻ തൃശൂരിൽ ഒരു ഫ്ലാറ്റ് മേടിക്കുകയായിരുന്നു.

ഇതിനിടയ്ക്ക് ഞാൻ സിനിമയിൽ അഭിനയിച്ചു തുടങ്ങി. പിന്നീട് ഉപരിപഠനത്തിനായി മുംബൈ എന്ന മഹാനഗരത്തിലേക്കെത്തി. അവിടെയും തുണ ഫ്ളാറ്റുകളായിരുന്നു. പഠനവും ഇന്റേൺഷിപ്പും കഴിഞ്ഞു സിനിമയിൽ പൂർണസമയം മുഴുകാനായി നാട്ടിലേക്ക് വണ്ടികയറി.

ഇപ്പോൾ ഞാൻ ബെംഗളൂരുവിൽ ഫ്ലാറ്റിലാണ് താമസം. ഷൂട്ടിങ് ആവശ്യങ്ങൾക്കായി നാട്ടിൽ എത്തുകയാണ് പതിവ്. ഇന്റീരിയർ ഡിസൈനിങ്ങിനോട് താൽപര്യമുണ്ട്. എന്റെ വീടിന്റെ ഇന്റീരിയർ ഞാൻ തന്നെയാണ് ഒരുക്കിയത്. സ്ഥിര താമസം ഇല്ലെങ്കിലും കൊച്ചിയിലും ഒരു ഫ്ളാറ്റ് സ്വന്തമായുണ്ട്. 

ജീവിതത്തിൽ ഒരുപാട് വീടുകൾ വന്നുപോയിട്ടുണ്ട്. ഷൂട്ടിന്റെ തിരക്കുകൾ, അധികം പ്ലാൻ ചെയ്യാത്ത യാത്രകൾ ഒക്കെയുള്ള ജീവിതമാണ് എന്റേത്. അത്തരമൊരു ജീവിതശൈലിക്ക് ചേരുന്നത് ഫ്ലാറ്റാണ്. അതുകൊണ്ട് എനിക്ക് വീടുകളേക്കാൾ ഇഷ്ടവും ഫ്ളാറ്റുകളോടാണ്.