Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടുപേരിലുമുണ്ട് മോടിയുള്ള മുദ്ര; കാണാം ബീന കണ്ണന്റെ വീട്!

എറണാകുളം എളമക്കരയിലെ ‘എർത്ത്’ എന്ന വീട് കാഴ്ചകളുടെ ഒരു നിലയ്ക്കാത്ത പ്രവാഹമാണ്. പ്രമുഖ ഫാഷൻ ഡിസൈനറും ‘ശീമാട്ടി’ എന്ന വസ്ത്രവ്യാപാര ശൃംഖലയുടെ സാരഥിയുമായ ബീന കണ്ണന്റെ വീട്. 80 സെന്റിൽ ഒരു രാജകൊട്ടാരം പോലെ തലയുയർത്തി നിൽക്കുകയാണ് എർത്ത്. 

earth

ശീമാട്ടിയുടെ ഷോറൂമുകളും, ബീന കണ്ണന്റെ മറ്റു വീടുകളുമെല്ലാം രൂപകല്‍പന ചെയ്ത മയൂർ ആർക്കിടെക്ട്സിലെ പി കെ ആർ മേനോനാണ് എർത്തിന്റെയും ശിൽപി.

beena-house-exterior

'തൊഴിൽപരമായ കാരണങ്ങളാൽ വർഷത്തിൽ ഭൂരിഭാഗവും ഞാൻ യാത്രകളിലായിരിക്കും. അപ്പോഴൊക്കെ എന്നെ കാത്തിരിക്കുന്ന, മടങ്ങിപ്പോകാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്..അതാണ് എനിക്ക് എന്റെ വീട്. ഭൂമി എല്ലാത്തിനെയും തന്റെ മാറിടത്തിലേക്ക് വാത്സല്യത്തോടെ മാടിവിളിക്കുന്നു. അതുകൊണ്ടാണ് ലോകത്തെവിടെ പോയാലും നമ്മുടെ വേരുകൾ നമ്മെ മടങ്ങിപോകാൻ പ്രേരിപ്പിക്കുന്നത്. ഈ വൈകാരികമായ അടുപ്പം ഉള്ളതുകൊണ്ടാണ് വീടിനു 'എർത്ത്' എന്ന് പേരിട്ടത്'. ബീന പറയുന്നു.

infront-of-earth

ക്‌ളാസിക്- റോയൽ തീമിലാണ് വീടിന്റെ എലിവേഷൻ. വിശാലമായ മേൽക്കൂരയിൽ ഓടുവിരിച്ചതോടെ പരമ്പരാഗത പ്രൗഢിയും വീടിനു കൈവന്നു. പച്ചപ്പിനെയും പ്രകൃതിയെയും ആശ്ലേഷിക്കുന്ന ഇടങ്ങൾ വീടിനു അകത്തും പുറത്തും ധാരാളം കാണാം. വീടിനു ചുറ്റും വിശാലവും മനോഹരവുമായ ലാൻഡ്സ്കേപ്പ് ഉൾക്കൊള്ളിച്ചിരിക്കുന്നു. 

garden

പ്രൗഢി നിറയുന്ന അകത്തളങ്ങൾ. ഫ്ലോറിങ്ങിനുപയോഗിച്ചിട്ടുള്ള ഇറ്റാലിയൻ മാർബിൾ മുതൽ ലിനൻ കൊണ്ടുള്ള കര്‍ട്ടനുകളും ബെഡ്റൂമുകളിലെ വാൾപേപ്പറുകളും വരെ എല്ലാം ഏറ്റവും ഇറക്കുമതി ചെയ്തവയാണ്. 'വസ്ത്ര സാമഗ്രികൾ തേടി രാജസ്ഥാനും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുണ്ട്. അപ്പോൾ മനസ്സിൽ കയറികൂടിയവയാണ് അവിടുത്തെ കൊട്ടാരങ്ങളുടെ അകത്തളങ്ങൾ. സ്വന്തമായി വീടു പണിതപ്പോൾ അവയുടെ അനുകരണങ്ങളും വീടിനുള്ളിൽ ഒരുക്കി'. ബീന പറയുന്നു.

living

പോർച്ചിൽ നിന്നും ചെറിയൊരു പാഷ്യോ വഴി അകത്തേക്ക് പ്രവേശിക്കാം. ആദ്യം കുലീനത്വം നിറയുന്ന സ്വീകരണമുറി. കൂടുതൽ അതിഥികൾ എത്തുമ്പോൾ സ്വീകരിക്കാൻ അടുത്ത ഹാളിൽ വീണ്ടും ലിവിങ് ഏരിയ കാണാം. മെറ്റാലിക് ഫിനിഷിലാണ് ഫർണിച്ചറുകൾ ഭൂരിഭാഗവും.

courtyard

വീടിനകത്തെ ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്‌. ഇതിനുള്ളിൽ നിലത്ത് വെള്ളാരങ്കല്ലുകളും ചെടികളും ഒരുക്കി. ഭിത്തിയിൽ ക്ലാഡിങ്ങും ചിത്രങ്ങളും പതിച്ചു. സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. കോർട്യാർഡിനു സമീപമാണ് പൂജാമുറി. ഇതിനു മുന്നിലായി ചെറിയൊരു സിറ്റിങ് സ്‌പേസുമുണ്ട്. വീടിനുള്ളിലേക്ക് പ്രവഹിക്കുന്ന പൊസിറ്റീവ് എനർജി ഇവിടെയിരുന്നാൽ അനുഭവവേദ്യമാകും.

beena-kannan-house-in-kochi-4 ഇളയമകൻ വിഷ്ണുവിനോടൊപ്പം ബീന കണ്ണൻ

മൂന്ന് നിലകളിലായി അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. എലിവേറ്റർ സൗകര്യമുണ്ട്. കുടുംബാംഗങ്ങളുടെ അഭിരുചിയും ജീവിതരീതിയും അനുസരിച്ച് മുറികൾ ക്രമീകരിച്ചു. എല്ലാ കിടപ്പുമുറികൾക്ക് സമീപവും മിനി ലിവിങ് ഏരിയകൾ കാണാം. പിങ്ക് പൂക്കൾ പുഞ്ചിരി തൂകുന്ന ചുവരുകളാണ് ബീന കണ്ണന്റെ മുറിയിലെ പ്രധാന ആകർഷണം. 24 മണിക്കൂറും പ്രവർത്തനിരതയായ ഒരു ബിസിനസ് വുമണിന് വേണ്ടി ഒരുക്കിയ മുറിയാണിത്. ഓഫിസ് കാര്യങ്ങൾക്കായി ടേബിളും കൺസോളും സമീപം ഒരുക്കി.  

beena-kannan-house-in-kochi-6

ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുന്നയാളാണ് ബീന. അതുകൊണ്ടുതന്നെ എല്ലാവിധ സൗകര്യങ്ങളുമുള്ള ജിം വീടിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്നു.

beena-kannan-house-in-kochi-5

ഒന്നാംനിലയിൽ ജിമ്മിന് സമീപമായി സ്വകാര്യത നൽകി സ്വിമ്മിങ് പൂൾ ഒരുക്കി. മുകൾനിലയിൽ ഗസീബോയാണ് ബീനയുടെ മറ്റൊരു ഫേവറിറ്റ് സ്‌പേസ്. ഇവിടെയിരുന്നാൽ സമീപത്തെ ദത്താത്രേയ ക്ഷേത്രത്തിലെ കാഴ്ചകളും ഭക്തിനിർഭരമായ അന്തരീക്ഷവും ആസ്വദിക്കാം.

beena-kannan-house-in-kochi-7

വിശാലമാണ് ഊണുമുറി. കൂടുതൽ അതിഥികൾ എത്തുമ്പോൾ സ്വീകരിക്കാനായി പാൻട്രി കിച്ചനോട് ചേർന്നും ഡൈനിങ് സ്‌പേസ് ഒരുക്കിയിരിക്കുന്നു.

kitchen

വീടിനോടു ചേർന്നു തന്നെ ജോലിക്കാർക്കായുള്ള ഔട്ട്ഹൗസും സൗകര്യപ്രദമായി ഒരുക്കിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ കാഴ്ചകളുടെ ഒരു ഭൂമിക തന്നെയാണ് ബീന കണ്ണന്റെ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. അതു കണ്ടുതന്നെ അനുഭവിക്കണം...

beena-kannan-house-in-kochi-8

Project Facts

Location- Elamakkara, Ernakulam

Plot- 80 cents

Area- 10000 SFT

Owner- Beena Kannan

Architect- PKR Menon & Associates

Mayur, Tripunuthura

Mob- 0484 2781004

സ്വപ്നവീടിന്റെ മുൻ എപ്പിസോഡുകൾ കാണാം