സിത്താരയുടെ വീട്ടുവിശേഷങ്ങൾ

വലിയ മുറ്റവും ദോശമണമുള്ള അടുക്കളയും നിറഞ്ഞു പൂക്കുന്ന മുല്ലയും വലിയ വരാന്തകളുമൊക്കെയുള്ള വീട്...അത്തരമൊരു വീടോർമ്മ പറയുകയാണ് ഗായിക സിത്താര.

ചെമ്പരത്തി കൊണ്ടു പമ്പരമുണ്ടാക്കിയും തുമ്പിയെ തേടി തൊടിയിൽ പോയതും കണ്ണിമാങ്ങ പൊട്ടിച്ച് കളിച്ചതും...അങ്ങനെയെത്ര ഒാർമകളാണ് ബാല്യത്തിന്്. അതിനോളം ഭംഗിയുള്ളൊരു കാലം ഇനിയൊരിക്കലും ജീവിതത്തിലേക്കു കടന്നുവരില്ല. ആ ഒാർമകളുടെ നടുവിലെപ്പോഴുമൊരു വീടുണ്ടാകും. വലിയ മുറ്റവും ദോശമണമുള്ള അടുക്കളയും നിറഞ്ഞു പൂക്കുന്ന മുല്ലയും വലിയ വരാന്തകളുമൊക്കെയുള്ള വീട്...അത്തരമൊരു വീടോർമ്മ പറയുകയാണ് ഗായിക സിത്താര. പാട്ടും നൃത്തവുമുള്ള ബാല്യ കൗമാരങ്ങളും പിന്നീട്ട് പാട്ട് നിറഞ്ഞൊഴുകുന്ന യൗവനത്തിലൂടെ കടന്നുപോകുമ്പോൾ ഇന്നോളം കടന്നുവന്ന വീടുകളുടെ ഒാർമകളിലൂടെ...

വീട് എന്ന ഒാർമ...

ആദ്യം ഒാർക്കുന്നതും പോവാൻ ഇഷ്ടമുള്ളതും. അച്ഛച്ഛനും അച്ഛമ്മയും താമസിച്ചിരുന്ന വീട്ടിലേക്കാണ്. മലപ്പുറത്തെ എ.ആർ.നഗറിലുള്ള വീട്. ഇന്ന് ആ വീട് ഇല്ല. ഞങ്ങളുടെ ചെറുപ്പകാലത്ത് എല്ലാവരും ഒത്തുകൂടിയിരുന്ന വീടാണത്. കസിൻസും മറ്റ് ബന്ധുക്കളും ഒക്കെയായി നല്ല രസമായിരുന്നു. വീട് എന്ന് കേൾക്കുമ്പോൾ ആദ്യം ഒാർമയിൽ വരുന്നതും അതുമാത്രമാണ്. 

സ്വന്തം ഭാവനയിലെ സ്വന്തം വീട്...

ഇന്റീരിയർ ഡിസൈനിങിന്റെ ഒരു സയൻസൊന്നും അറിയില്ല. പക്ഷേ നമ്മളുടെ വീട് എന്നു പറയുന്നത് ലോകത്ത് എവിടേക്ക് പോയാലും എത്ര തിരക്കിൽ പെട്ടു പോയാലും തിരികെയെത്തണം എന്നു ഏറ്റവും അധികം ആഗ്രഹിക്കുന്ന ഏക ഇടമാണ്. അതുകൊണ്ട് വീട് വളരെയധികം അടുക്കും ചിട്ടയോടും കൂടി വൃത്തിയായിട്ട് ഇരിക്കണം എന്നു നിർബന്ധമുള്ളയാളാണ് ഞാൻ. ഒത്തിരി യാത്രകൾ പോകാറുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ടും അല്ലാതെയുമൊക്കെ. ആ യാത്രകൾക്കിടയിൽ കണ്ട് ഇഷ്ടപ്പെടുന്ന കൗതുക വസ്തുക്കളും ചിത്രങ്ങളും വാങ്ങാറുണ്ട്. ചെറിയ ചെറിയ കാര്യങ്ങളാണ്. അതൊക്കെ വീട്ടിൽ കൊണ്ടുവന്നു വയ്ക്കാറുണ്ട്. ഇപ്പോൾ താമസിക്കുന്ന വീട്ടിലെ ഇന്റീരിയർ ഞങ്ങൾ തന്നെയാണു വരച്ച് കൊടുത്തത്. വേറെ ഇന്റീരിയർ ഡിസൈനർമാരെയൊന്നും ആശ്രയിച്ചില്ല. 

വീട് വളരെയധികം വൃത്തിയോടെ ഉണ്ടാകണം എന്നു മാത്രമാണ് നിർബന്ധം. കാരണം മറ്റെല്ലാ തിരക്കുകളും ജോലിയും കഴിഞ്ഞാണ് വീട്ടിലേക്കു വരുന്ന സമയത്ത്, എപ്പോഴും വരാൻ തോന്നുന്നൊരു ഇടമായി വീട് ഉണ്ടാകണം എന്ന് നിർബന്ധമാണ്. 

അങ്ങനെയൊരിടമില്ല...

സ്വന്തമായി വീട് വയ്ക്കുന്നതിനു മുൻപ് പല പല വീടുകളിലാണ് താമസിച്ചിട്ടുള്ളത്. അച്ഛൻ കൃഷ്ണകുമാർ കാലിക്കറ്റ് സർവ്വകലാശാലയിലായിരുന്നു ജോലി ചെയ്തിരുന്നത്. യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിലൊക്കെ താമസിച്ചിട്ടുണ്ട്. അന്നേരമൊന്നും പാട്ടിനായിട്ട് ഒരു മുറി ഇല്ലായിരുന്നു. പ്രാക്ടീസ് ചെയ്യാൻ ഒരു സ്ഥലം ഉണ്ടായിരുന്നു അത്രമാത്രം. താമസിക്കുന്ന എല്ലാ വീടുകളിലും ഒരിടം ഞാൻ തന്നെ കണ്ടെത്തും. അന്ന് ഡാൻസും പഠിച്ചിരുന്നു. അതുകൊണ്ട് ഡാൻസിന്റേയും പാട്ടിന്റേയും പ്രാക്ടീസിനായി ഒരിടമുണ്ടാകും. എനിക്ക് സ്വന്തമായി മുറിയും ഇല്ലായിരുന്നു. അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്ന മുറി തന്നെയായിരുന്നു എന്റേതും. പ്രത്യേകിച്ചൊരു മുറിയ്ക്ക് സ്ഥലം ഉണ്ടാകാറില്ലായിരുന്നു. ഇപ്പോൾ കോഴിക്കോടുള്ള അച്ഛന്റേം അമ്മേടേം വീട്ടിലാണെങ്കിലും ഞങ്ങളുടെ സ്വന്തം വീട്ടിലാണെങ്കിലും പ്രാക്ടീസിനും സംഗീതോപകരണങ്ങൾ വയ്ക്കാനുമെല്ലാം പ്രത്യേകം ഇടമുണ്ട്. ഋതു എന്നാണ് ഞങ്ങളുടെ വീടിന്റെ പേര്. 

പാട്ടും പുസ്തകങ്ങളുമുള്ള എന്റെ മുറി...

യാത്ര ചെയ്യാൻ ഒരുപാടിഷ്ടമുള്ള ആളാണ്. എങ്കിലും എന്നെന്നും ഇഷ്ടമുള്ള ഇടം കോഴിക്കോട് വീട്ടിലെ എന്റെ സ്വന്തം മുറിയാണ്. അവിടെയെനിക്ക് അച്ഛമ്മയുടെ വീട്ടിൽ നിന്ന് കൊണ്ടു വന്ന ഒരു മേശയുണ്ട്. അകത്ത് എല്ലാ സാധനങ്ങളും സൂക്ഷിച്ചു വയ്ക്കാൻ പാകത്തിലുള്ളതാണ് അത്. എനിക്കു തോന്നുന്നത് അച്ഛച്ഛന്റേം അച്ഛമ്മയുടേയും കാലം തൊട്ടേയുള്ളതാണ് അതെന്നു തോന്നുന്നു. 

അത് എന്റെ സ്വന്തം ഇടമാണ്. എന്റെ ലോകം. പിജിക്ക് പഠിച്ച പുസ്തകങ്ങളും കാസറ്റുകളും ഒക്കെ ആ മുറിയിലെ എന്റെ കട്ടിലിൽ തന്നെ അടുക്കി വയ്ക്കും. ചിലപ്പോൾ രാത്രി ഉണരുന്ന നേരത്ത് വെറുതെ പുസ്തകമൊക്കെ എടുത്ത് മറിച്ച് നോക്കും, അല്ലെങ്കിൽ കാസറ്റ് എടുത്ത് പാട്ട് കേൾക്കും. അങ്ങനെയൊക്കെ ചെയ്യാനാകുന്നൊരിടം. ആ പുസ്തകങ്ങളും കാസറ്റുകളും കണ്ടുകൊണ്ടുറങ്ങുന്ന ആ മുറിയാണ് എനിക്കേറ്റവും ഇഷ്ടമുള്ള മുറി. 

രാജസ്ഥാൻ കോട്ടകളും സ്കോട്‌ലൻഡും.. 

രാജസ്ഥാനിലെ കോട്ടകളുടെ ഭംഗി ഇനിയും മനസ്സിൽ നിന്ന് പോയിട്ടില്ല. അതിന്റെ നിർമാണ രീതി ഒരു അദ്ഭുതമാണ് മനസ്സിൽ ഇന്നും. അതിമനോഹരമാണ് അവിടത്തെ കോട്ടകളായാലും കൊട്ടാരങ്ങളായാലും. നമ്മൾ കഥകളിലൊക്കെ വായിച്ച് മനസ്സിൽ സങ്കൽപിച്ച് അത്ഭുതപ്പെട്ടിട്ടുള്ള കൊട്ടാരങ്ങളില്ലേ. അതുതന്നെയാണ് അവിടെയുള്ളത്. അതിനുള്ളിലെ സൗകര്യങ്ങളും ആഢംബരങ്ങളും എല്ലാം അതിശയിപ്പിക്കും. എത്ര നൂറ്റാണ്ടുകൾക്ക് മുൻപുള്ള മനുഷ്യസൃഷ്ടി ആണെന്നോർക്കണം. ശാസ്ത്രം വളരുന്നതിനും ആധുനിക സാങ്കേതിക വിദ്യ എത്തുന്നതിനും എത്രയോ കാലം മുൻപുള്ളതാണ് അതെന്നോർക്കണം. 

പിന്നെയുള്ളത് സ്കോട്‌ലൻഡിലെ കാഴ്ചകളാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ നിർമ്മിതികൾ. കാസിൽസ് എന്നു നമ്മൾ പറയാറില്ലേ. അത്തരം കെട്ടിടങ്ങൾ. അതിന്റെ അവിശിഷ്ടങ്ങളെ അവിടെ സംരക്ഷിച്ച് പോരുകയാണ്. അതൊക്കെ കണ്ടപ്പോൾ അത്ഭുതവും ആദരവും തോന്നും. പന്ത്രണ്ടാം നൂറ്റാണ്ടിലുള്ളൊരു കെട്ടിടത്തെ സൂക്ഷിക്കാൻ അവർ സ്വീകരിക്കുന്നത് അത്രയും വിദഗ്ധമായ മാർഗങ്ങൾ ആയിരുന്നു.

വർത്തമാനങ്ങളുടെ വീട്...

വീട് എന്നും നമുക്കൊരു അഭയമാണ്. പുറത്തൊക്കെ  പ്രശ്നമുണ്ടെങ്കിലും വീട് നൽകുന്ന അന്തരീക്ഷത്തിൽ ആ വിഷമമെല്ലാം മറന്നുപോകും. അത് വെറുമൊരു കെട്ടിടമല്ല. അതിനുള്ളിലെ മനുഷ്യരാണ് ആ വീട്. വീട് എന്നു പറയുന്നത് കുട്ടിക്കാലം മുതൽക്കേ എനിക്ക് ഫാമിലിയാണ്. എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമേയുള്ളൂ. അച്ഛച്ഛന്റെ വീട്ടിൽ അച്ഛന്റെ അനുജൻ കസിൻസ് അങ്ങനെ വലിയൊരു കൂട്ടം തന്നെയുണ്ട്. അവിടെ ചെന്നാലും വീട്ടിലാണെങ്കിലും ഞങ്ങൾക്കിടയിൽ വർത്തമാനങ്ങളാണ് മുന്നിട്ട് നിൽക്കുക. 

എല്ലാവരും ഒത്തുകൂടിയിരുന്ന് എല്ലാ വിശേഷങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറയും. എത്ര വൈകിയാണെങ്കിലും അതെല്ലാം പറഞ്ഞു തീർത്തിട്ടേ ഉറങ്ങാറുള്ളൂ. വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമേയുള്ളൂവെങ്കിലും അങ്ങനെ തന്നെ. ഇപ്പോഴും റെക്കോർഡിങും പരിപാടികളുമൊക്കെ കഴിഞ്ഞു വൈകിയാണു വരുന്നതെങ്കിലും എല്ലാ വിശേഷങ്ങളും സംസാരിച്ചിരുന്നു നേരം പോകുന്നത് അറിയില്ല. ഒരു കാപ്പികുടിയും അതിനിടയിൽ കഴിയും. അതാണ് എനിക്ക് വീട് എന്ന സങ്കൽപം ഒരു അഭയമാണെന്നു പറയുന്നതിനു കാരണം. മറ്റൊരിടത്തും ഇങ്ങനെയൊരു അന്തരീക്ഷം കിട്ടില്ല. ഇപ്പോൾ ഞങ്ങൾക്കൊപ്പം അമ്മയുണ്ട്. എവിടെ പോയാലും തിരിച്ചു വീട്ടിലേക്ക് എത്താൻ നേരം മനസ്സൊരുപാട് ശാന്തമാകുന്നതും, അവിടേക്കു വരാൻ ഒരുപാട് ആഗ്രഹം തോന്നുന്നതും അങ്ങനെയൊരാൾ അവിടെയുള്ളതുകൊണ്ടാണ്. 

മായയുടെ വീട്...

കൂട്ടുകാർക്ക് പലർക്കും നല്ല ഭംഗിയുള്ള വീടുണ്ട്. അതിൽ എന്റെ ഒാർമയിലിന്നുമുള്ള വീട് എന്റെ കൂട്ടുകാരി മായയുടേതാണ്. അവരുടെ തറവാട് വീട്. വലിയ തൂണുകളും കുളവുമുള്ളൊരു വീട്. ഫറൂഖിൽ പഠിക്കുന്ന കാലത്ത് വൈകുന്നേരങ്ങളിലൊക്കെ ആ വീട്ടിൽ പോയിരിക്കുമായിരുന്നു. പിന്നെ യാത്രകൾക്കിടയിലൊക്കെ കാണുന്ന പഴയ തറവാട് വീടുകളൊക്കെ ഒരുപാടിഷ്ടത്തോടെ നോക്കിയിരിക്കാറുണ്ട്. എനിക്കീ ആന്റിക് സാധനങ്ങളോടൊക്കെ പണ്ടേ ഒരു ക്രേസ് ആണ്....

എന്നെന്നും ആ വീട്...

എനിക്ക് എന്നെന്നും ഇഷ്ടമുള്ള വീടും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒാർമയും അച്ഛമ്മയും അച്ഛച്ഛനും താമസിച്ച വീടാണ്. അവിടെ അച്ഛന്റെ അനുജനും അനുജത്തിയും കുടുംബവും ഒപ്പമുണ്ടായിരുന്നു. അച്ഛച്ഛന്റെ മരണശേഷം ആ വീട് പൊളിച്ചു മാറ്റി. ഇപ്പോൾ അച്ഛമ്മ മാത്രമേയുള്ളൂ. അച്ഛന്റെ അനുജനും അനുജത്തിയും വേറെ വീടുകൾ വച്ചു. അത് എന്റെ അച്ഛന്റെ വീട്ടിൽ നിന്ന് അഞ്ചു മിനുട്ടിലധികം ദൂരത്തല്ലാത്തൊരിടത്താണ്. അതുകൊണ്ട് എല്ലാവരും കയ്യെത്തും ദൂരെ തന്നെയുണ്ട്. പക്ഷേ ആ വീട് മാത്രം ഇല്ല. അതൊരു സങ്കടം തന്നെയാണ്.

ആ വീട് ശരിക്കും നമ്മൾ കഥകളിലൊക്കെ കേട്ടിട്ടുള്ള പഴയ കേരള വീടുകൾ പോലെയാണ്. വലിയ മുറ്റം, അവിടെയൊരു മാവ്, മാവിലേക്കു പടർന്നുകയറിയ മുല്ല, നല്ല ഭംഗിയുള്ള തൊടി, അവിടെ കുറേ മരങ്ങൾ, മരത്തിന്റെ അത്രയും വലിപ്പമുള്ളൊരു തൂക്ക് ചെമ്പരത്തി, വലിയ അടുക്കള, വരാന്തകൾ, രാവിലെ കണക്കില്ലാതെ ദോശയും ഉച്ചയ്ക്ക് കണക്കില്ലാതെ ചോറും വയ്ക്കുന്ന ഒരുപാട് പേർ കഴിക്കാനെത്തുന്ന വീട്, പിന്നെ മതിലിനോട് ചേർന്ന് വീട്ടിൽ നിന്ന് തന്നെ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന തരത്തിൽ പരീദിക്കാന്റെ പീടിക...അങ്ങനെ കുറേ ഒാർമകൾ.

ഇപ്പോൾ എനിക്ക് വീട് വയ്ക്കണം, അതിനായി പണം ചെലവഴിക്കണം എന്നൊന്നുമില്ല. യാത്രകളാണ് ഇപ്പോൾ ഹരം. പക്ഷേ ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ അച്ഛമ്മയും അച്ഛച്ഛനും താമസിച്ചിരുന്ന ആ വീടിനെ പോലൊരെണ്ണം, അതേ മാതൃകയിൽ പണിയണം എന്നുണ്ട്. ഒരിക്കലും ആ വീട് ആകില്ല. എങ്കിലും അതിന്റെ പ്ലാൻ എല്ലാം മനസ്സിലുണ്ട്. കാരണം ആ വീട് എനിക്ക് അത്രയ്ക്കു പരിചിതമാണ്. അങ്ങനെയൊരു സ്വപ്നമുണ്ട് മനസ്സിൽ. നടക്കുമോ എന്നറിയില്ല...