ഇത് അഞ്ജലിക്കായി സച്ചിന്റെ സ്നേഹസമ്മാനം!

ഏഴു കോടി 15  ലക്ഷം രൂപയ്ക്ക് ഭാര്യ അഞ്ജലിയുടെ പേരിലാണ് സച്ചിൻ തന്റെ പുതിയ വസതി വാങ്ങിയിരിക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മുംബൈ ബാന്ദ്രയിലെ വീട് പലവട്ടം ചർച്ചയിൽ വന്ന ഒന്നാണ്. 2007 ൽ 39  കോടി രൂപയായിരുന്നു ആ വീടിന്റെ വില. ഇന്റീരിയറും എക്സ്റ്റീരിയറും ഒരേപോലെ ചർച്ച ചെയ്യപ്പെട്ട ആ വീടിനു ശേഷം സച്ചിൻ ടെണ്ടുൽക്കറുടെ വീട് വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇക്കുറി ബാന്ദ്രയിലെ വീടല്ല താരം. മറിച്ച് മുംബൈ നഗരത്തിൽ സച്ചിൻ സ്വന്തമാക്കിയ റാസ്‌തോംജി സീസണിലെ പുതിയ അപാർട്മെന്റ് ആണ്.

ഏഴു കോടി 15 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഭാര്യ അഞ്ജലിയുടെ പേരിലാണ് സച്ചിൻ തന്റെ പുതിയ വസതി വാങ്ങിയിരിക്കുന്നത്. ബാന്ദ്രയിലെ തന്റെ പഴയ വീടിനടത്തായുള്ള ബാന്ദ്ര - കുർള കോംപ്ലക്സിലാണ് സച്ചിന്റെ പുതിയ ഭവനം. രണ്ടു കാർ പാർക്കിംഗ് ഏരിയയും 4,459.38 ചതുരശ്ര അടി കാർപ്പറ്റ് ഏരിയയും ഈ അപ്പാർട്മെന്റിന് ഉണ്ട്. 

ഇന്ത്യൻ - വെസ്റ്റേൺ ഇന്റീരിയർ ഡിസൈനുകൾ സമന്വയിപ്പിച്ച ലൈഫ്‌സ്റ്റൈൽ ഗാലറിയാണ് ഈ അപാർട്മെന്റിന്റെ മറ്റൊരു പ്രത്യേകത. ആരും കണ്ടാൽ കണ്ണെടുക്കാൻ ഒന്ന് വിമുഖത കാണിക്കുന്ന രീതിയിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. സിംഗപ്പൂർ സ്വദേശിയായ ഡേവിഡ് ടെയ് എന്ന ഇന്റീരിയർ ഡിസൈനർ ആണ് സച്ചിന് വേണ്ടി അപാർട്മെന്റിന്റെ ഡിസൈനുകൾ ഒരുക്കിയത്.

വിശാലമായ അകത്തളങ്ങൾ തന്നെയാണ് ഈ അപ്പാർമെന്റിന്റെ പ്രത്യേകത. ഐവറി, ഗ്രീൻ, ബ്ളാക്ക് നിറങ്ങളിൽ ഉള്ള ടൈലുകൾ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ടെറസ്സിൽ മുംബൈ നഗരത്തിന്റെ ഓരോ സ്പന്ദനങ്ങളും അടുത്തറിയാൻ കഴിയുന്ന രീതിയിൽ സജ്ജീകരിച്ച ഓപ്പൺ ബാൽക്കണിയും ഉണ്ട്. ഒപ്പം മുറികളെ തമ്മിൽ തിരിക്കുന്ന ചില്ലുകൊണ്ടുള്ള പാർടീഷനുകളും ഈ ഭവനത്തെ വ്യത്യസ്തമാക്കുന്നു.

ഇന്റീരിയർ പ്ലാന്റുകളും ക്‌ളാസിക്ക് സ്റ്റൈലിൽ ഉള്ള ഫർണിച്ചറുകളും വീടിനു മോടി കൂട്ടുന്നു. ഐവറി ഷേഡിൽ ആണ് ഫർണിച്ചറുകൾ ഉള്ളത്. ദീർഘ ചതുരാകൃതിയിൽ ഉള്ള ഗ്ലാസ് ടോപ് ഡൈനിംഗ് ടേബിൾ ആണ് ഉള്ളത്. കണ്ടാൽ ആർക്കും കൊതി തോന്നി പോകുന്ന മനോഹരമായൊരു വീട്, അതാണ് സച്ചിൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.