Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജിനിയുടെ പുതിയ വീട് ഒരു സംഭവമാണ്!

renjini-haridas ഒറ്റ വായനയിൽ പറഞ്ഞു തീർക്കാവുന്നതല്ല, ടിവി അവതാരക രഞ്ജിനി ഹരിദാസിന്റെ മരടിലെ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ....

െവളുത്ത ആകാശത്ത് മഴവില്ല് പൊട്ടിത്തെറിച്ചതുപോലെ ! രഞ്‍ജിനി ഹരിദാസിന്റെ പുതിയ ഫ്ലാറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം രഞ്ജിനിയുടെ ബൊഹീമിയൻ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ് കൊച്ചി മരടിലെ 2600 ചതുരശ്രയടിയുള്ള ഫ്ലാറ്റ്. പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ ഡിസൈനർ രഞ്ജിനി തന്നെ!

ഫ്ലാറ്റിന്റെ പുറത്തുനിന്നുതന്നെ വരാനിരിക്കുന്ന കാഴ്ചകളെ‍ക്കുറിച്ചുള്ള സൂചന കിട്ടും. ഡിസ്ട്രസ്ഡ് ശൈലിയിൽ നീല പെയിന്റടിച്ച കമാനാകൃതിയിലുള്ള വാതിൽ. ചുറ്റും നിറയെ ചെടികളും മുള കൊണ്ടുനിർമിച്ച ഇരിപ്പിടവും. ചുവരിൽ ‘രഞ്ജിനി ഹരിദാസ്’ എന്ന നെയിംബോർഡ്, രഞ്ജിനിയുടെ അനിയൻ ശ്രീപ്രിയന്റെ കൂട്ടുകാരന്റെ സമ്മാനം. ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് രഞ്ജിനിതന്നെ. “ഒരു മിനിറ്റ്! ഞാൻ റെഡിയായി വരുമ്പോഴേക്കും ഫ്ലാറ്റ് കാണൂ.” സ്വതസിദ്ധമായ ശൈലിയിൽ ഇംഗ്ലിഷും മലയാളവും കൂട്ടിക്കലർത്തി രഞ്ജിനി കിടപ്പുമുറിയിലേക്കു പോയി.

renjini-flat-door

അതിമനോഹരമായ അകത്തളം. വെള്ളയാണ് ഭിത്തികൾക്കും നിലത്തിനും. പക്ഷേ, എവിടെ നോക്കിയാലും വർണങ്ങൾ മാത്രം! മൊറോക്കൻ ശൈലിയാണ് ഇന്റ‍‍ീരിയറിൽ പ്രധാനമെങ്കിലും കന്റെംപ്രറിയും കേരള പരമ്പരാഗതശൈലിയുമെല്ലാം അവിടവിടെ കയറിയിറങ്ങിപ്പോകുന്നുണ്ട്. ഇന്റീരിയറിന്റെ മാന്ത്രികതയിൽ മയങ്ങിനിൽക്കുന്നതിനിടെ രഞ്ജിനിയെത്തി.

renjini-flat-interiors

“നാലു കൊല്ലമായി ഫ്ലാറ്റ് വാങ്ങിയിട്ട്. ഇന്റീരിയർ ചെയ്യാൻ ആദ്യം ഒരു ഡിസൈനിങ് ടീമിനെ ഏൽപ‍ിച്ചു. എന്റെ ആശയങ്ങൾ അവർക്കൊരിക്കലും മനസ്സിലാകില്ലെന്നു തിരിച്ചറിഞ്ഞത് പിന്നീടാണ്. അങ്ങനെ ഇന്റീരിയർ തനിയെ ഡിസൈൻ ചെയ്യാമെന്നു തീരുമാനിച്ചു.” സ്വന്തമായി വളരെയധികം ആശയങ്ങൾ ഉള്ള വ്യക്തിയായതിനാൽ മറ്റൊരു ഇന്റീരിയർ ഡിസൈനറുമായ‍ി രഞ്ജിനിക്കു പൊരുത്തപ്പെടാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നുവെന്ന് ബാൽക്കണിയിലിരുന്ന രഞ്ജിനിയുടെ അമ്മയും പിന്തുണച്ചു.

renjini-haridas-in-flat

“ബുദ്ധിസ്റ്റ് ആശയങ്ങളോട് പ്രത്യേക താൽപര്യമുള്ളതിനാൽ കംബോഡിയയിൽനിന്നും തായ‍്‍ലൻഡിൽനിന്നുമെല്ലാം വാങ്ങിയ ബുദ്ധപ്രതിമകൾ കൊണ്ടാണ് ഫോയർ അലങ്കരിച്ചത്.” രഞ്ജിനിതന്നെ ഒാരോ ഇടങ്ങളായി വിവരിച്ചുതന്നു. ഫ്ലാറ്റിനു പുറത്തു തുടങ്ങിയ ചെടികളുടെ ശേഖരം അകത്തളത്തിൽ എല്ലായിടത്തും കാണാം. ചെടികളെ വളരെയധികം ഇഷ്ടപ്പെടുന്നതിനാൽ ഫ്ലാറ്റിനകം കാടാക്കി മാറ്റണമെന്ന ആഗ്രഹം ഒാരോ തവണ ചെടികളുടെ അടുത്തെത്തുമ്പോഴും രഞ്ജിനി ആവർത്തിച്ചുകൊണ്ടിരുന്നു. “പക്ഷേ, ചെടികൾ പരിപാലിക്കാൻ അൽപം ബുദ്ധിമുട്ടാണ്.”

“എന്റെ സുഹൃത്ത് ഡിസൈൻ ചെയ്ത ഫർണിച്ചറാണിത്.” ഫോർമൽ ലിവിങ്ങിലെ ഫർണിച്ചറിനെക്കുറിച്ച് രഞ്ജിനി. “ബോഹോജിപ്സി എന്ന പേരിൽ ഡിസൈനർ സ്റ്റുഡിയോ ഉണ്ട് യമുനയ്ക്ക്. ചക്രമുള്ള കസേരയായതിനാൽ ഇതിൽ ഇരിക്കാൻ പേടിയാണ് ഇവിടെ വരുന്നവർക്ക്. പക്ഷേ, ചക്രങ്ങൾ‍ ഡിസൈനിന്റെ ഭാഗം മാത്രമാണ്. വളരെ സുഖകരമാണിതിലെ ഇരിപ്പ്.” ഫാമിലി ലിവിങ്ങിലെ നീല അപ്ഹോൾസ്റ്ററി ചെയ്ത സോഫ രഞ്ജിനി പറഞ്ഞു നിർമിച്ചതാണ്. ഓരോ കഷണങ്ങളായി എടുത്ത് എങ്ങോട്ടുവേണമെങ്കിലും മാറ്റാം.

renjini-flat-tv

“ഈ ടീപോയുടെ കാലുകൾ നീളം കുറയ്ക്കേണ്ടിവന്നു. കാർപെറ്റ്, ഫാബ് ഇന്ത്യയ‍ിൽനിന്നുള്ളതാണ്.” ഇന്റീരിയറിലേക്കു വാങ്ങിയ ചില സാധനങ്ങൾ പിന്നീട് യോജിക്കുന്നില്ല എന്നു തോന്നി മാറ്റിവയ്ക്കേണ്ടിവന്നിട്ടുണ്ടെന്ന് രഞ്ജിനി. ലിവിങ് റൂമിന്റെ ഹൈലൈറ്റ് തന്നെ ചുമരിലെ റെ‍ഡ്ഇന്ത്യൻ സ്ത്രീയുടെ കണ്ടിന്യൂയിറ്റി പെയിന്റിങ്ങാണ്. ചിത്രത്തിലെ സ്ത്രീയുടെ കണ്ണിലെ ധൈര്യവും നിശ്ചയദാർഢ്യവും വളരെയധികം ആകർഷിച്ചുവെന്ന് ഉടമസ്ഥ. സ്വന്തം പ്രതിബിംബമാണ് രഞ്ജിനി ഈ ചിത്രത്തിൽ കാണുന്നത്. മെക്സിക്കൻ ചിത്രകാരി ഫ്രിദ കാലോയുടെ ചിത്രങ്ങൾ പല മുറികളിലും കാണാം.

renjini-flat-kitchen

ഫാമിലി ലിവിങ്ങിൽനിന്ന് കമാനാകൃതിയിലുള്ള ഗ്ലാസ് വാതിൽ കടന്നാൽ ബാൽക്കണിയാണ്, വലിയൊരു ബാൽക്കണി! ഇവിടെയും ധാരാളം ചെടികളുണ്ട്, ചെടി വച്ചിരിക്കുന്ന പോട്ടുകളെല്ലാം അതീവസുന്ദരം. ചിത്രപ്പണികളുള്ള ടൈലുകളുടെ മിശ്രണമാണ് ഇവിടത്തെ ഫ്ലോറിങ്. മറ്റ് എല്ലാ മുറികളിലും വെളുത്ത നിറമുള്ള തടിയാണ് ഫ്ലോറിങ്ങിന്. “മെയിന്റനൻസ് അൽപം പ്രശ്നമാണ്. ഇത്രയും നാൾ വൃത്തിയാക്കൽ എന്റെ മാത്രം ജോലിയായിരുന്നു. ഇപ്പോൾ ഒരു ചേച്ചിയുണ്ട് സഹായത്തിന്” വെള്ളയെക്കുറിച്ച് പറയുമ്പോഴൊക്കെ രഞ്ജിനി സ്വയം ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. “ബാൽക്കണിയിലെ ഫാനിനു നീലനിറം നൽകിയത് ഞാൻ തന്നെയാണ്. പൊതിഞ്ഞുവച്ചപ്പോൾ പലയിടത്തും പേപ്പർ ഒട്ടിപ്പിടിച്ചു. ഒടുവിൽ അത് ഡിസൈനിന്റെ ഭാഗമായി.” ഡിസൈനർ ഫാൻ ഉണ്ടായതോർത്ത് ര‍ഞ്ജിനി ചിരിക്കുന്നു.

flat-balcony

അമ്മയുടെ കിടപ്പുമുറിയിൽനിന്നും ഈ ബാൽക്കണിയിലേക്ക് വാതിലുണ്ട്. നിറം നൽകിയ ഗ്ലാസ് പതിച്ച രണ്ട് ജനാലകളാണ് ഈ കിടപ്പുമുറിയുടെ ശ്രദ്ധാകേന്ദ്രം. പിന്നെ, പിസ്തഗ്രീൻ പെയിന്റടിച്ച ഫ്ലോറൽ പ്രിന്റുള്ള തുണികൊണ്ട് അപ്ഹോൾസ്റ്ററി ചെയ്ത കസേരയിട്ട ഡ്രസിങ് കോർണറും.

renjini-flat-bed

ഊണുമേശ പണ്ടേ വാങ്ങിയതാണ്. തടികൊണ്ടുള്ള ഫ്രെയിമിനു നടുവിൽ മൊറോക്കൻ ടൈലുകൾ പാകിയിരിക്കുന്നു. കസേരകളുടെ അപ്ഹോൾസ്റ്ററിയും ഇളം നീലയും ഫ്ലോറലുമൊക്കെ ചേർന്നതാണ്.

renjini-dining

“മേശയ്ക്കും കസേരയ്ക്കുമെല്ലാം ഡിസ്ട്രസ്ഡ് ലുക്ക് വരുത്താൻ പെയിന്റ് സാൻഡ്പേപ്പറിട്ട് ചുരണ്ടുകയായിരുന്നു.” രഞ്ജിനി പറയുന്നു. സിംഗപ്പൂരുനിന്നു കിട്ടിയ നിറപ്പകിട്ടാർന്ന ആർട്പീസ് ഇവിടത്തെ ഭിത്തിയിലാണ് വച്ചത്, ചുറ്റും ചെടികളും. ഊണിടത്തിൽനിന്നുള്ള ബാൽക്കണിയിലും ചെടികളാണ്. ഇനിയുമുണ്ട് കാണാൻ..അത് അടുത്ത കഥയായി പറയാം. അതുവരെ ഷോർട് ബ്രേക്ക്...

തുടരും...