രഞ്ജിനിയുടെ വീട്ടുവിശേഷങ്ങൾ തുടരുന്നു

കാഴ്ചകളുടെ ഒരു സമ്മേളനം തന്നെയാണ് രഞ്ജിനിയുടെ വീട്...

രഞ്ജിനിയുടെ കിടപ്പുമുറി ഒരു കൊച്ചു സ്വർഗം തന്നെയാണ്. “ഞാൻ പൊതുവേ വൈകിയുണരുന്ന ആളാണ്. ഇവിടെ ഏഴുമണിയോടെ മുഖത്തു വെയിലടിക്കും. കണ്ണു തുറക്കുമ്പോൾ ആകാശവും പച്ചപ്പും ജലാശയവും എല്ലാം ചേർന്നൊരു സുന്ദര കാഴ്ച! ഏറ്റവും മനോഹരമായ കണിയാണത്.” മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റിലെ മൂന്നാമത്തെ കിടപ്പുമുറി ഡ്രസ്സിങ് ഏരിയയാക്കി മാറ്റി രഞ്ജിനി. 

“ഈ ഫ്ലാറ്റ് അടിമുടി ഉടച്ചുവാർത്തിട്ടുണ്ട്. അടുക്കളയോടു ചേർന്ന സെർവന്റ്സ് റൂമും വെട്ടിക്കളഞ്ഞു. അതാണ് വർക്ഏരിയ. അവിടത്തെ ബാത്റൂം മാത്രം നിലനിർത്തി. ഫോയറിൽ ഒരു ചെറിയ വാതിൽ കണ്ടില്ലേ? ആ ബാത്റൂമിന്റെ വാതിലാണത്.” പല ഭിത്തികളിലേക്കുമുള്ള പെയിന്റിങ്ങുകളും അലങ്കാരവസ്തുക്കളും കിട്ടാത്തതിന്റെ സങ്കടവും ഇടയ്ക്കിടെ പറയുന്നുണ്ട്.

“വെളുത്ത പ്രതലമായതിനാൽ അടുത്ത തവണ കാണുമ്പോൾ അടിമുടി മാറിയിട്ടുണ്ടാകും ഫ്ലാറ്റ്. എന്നെപ്പോലെത്തന്നെ എന്റെ ഫ്ലാറ്റും എപ്പോഴും മാറ്റം ആഗ്രഹിക്കുന്നു.” രഞ്ജിനിക്ക് ഫ്ലാറ്റിനെക്കുറിച്ചുള്ള വിശേഷങ്ങൾ എത്ര പറഞ്ഞാലും തീരുന്നില്ല. വളരെനാൾ കാത്തിരുന്ന് യാഥാർഥ്യമായ ഈ സ്വപ്നം രഞ്ജിനിയെ അത്രയധികം ത്രസിപ്പിക്ക‍ുന്നുണ്ട്.

∙ ഇവിടത്തെ ഇഷ്ടയിടം?

ബാൽക്കണികൾ, കിടപ്പുമുറി. കിടപ്പുമുറിയിലെ ജനാലയിലൂടെ പ്രകൃതിയെ കാണുമ്പോൾ ഉണ്ടാകുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാകില്ല.

∙ നിറമെന്നു കേൾക്കുമ്പോൾ?

പേസ്റ്റൽസ്. കറുപ്പും വെളുപ്പുമൊക്കെ ഇഷ്ടനിറങ്ങളാണ്. പക്ഷേ, ഇപ്പോൾ പേസ്റ്റൽസ് ആണ് എന്റെ മനസ്സിൽ.

∙ ഏറ്റവും ആസ്വദിക്കുന്നത്?

ചെടികൾ. സോറി, എല്ലാം. ഈ ഫ്ലാറ്റിലെ ഒാരോ മുക്കും മൂലയും. ഇതൊരു ഫ്ലാറ്റ് അല്ല, വീട് തന്നെയാണ് എന്നാണ് എനിക്കു തോന്നാറുള്ളത്.

∙ കാത്തിരിക്കുന്നത്?

കാർപെറ്റ്സ്. വെളുത്ത നിലമായതിനാൽ പലയിടത്തും കാർപെറ്റുകൾ അത്യാവശ്യമാണ്. പക്ഷേ മനസ്സിലാഗ്രഹിച്ചവ ഇതുവരെ കിട്ടിയിട്ടില്ല.

∙ പൂർണമാകാത്തത്?

ഫോട്ടോ വോൾ. കയ്യിലെ ഫോട്ടോസ് എല്ലാം വയ്ക്കാനുള്ള ഭിത്തിയാണ് ആദ്യം തന്നെ മാറ്റിയിട്ടത്. പക്ഷേ, ഇതുവരെ അത് പൂർത്തിയായില്ല.

ചിത്രങ്ങൾ- ഹരികൃഷ്ണൻ