ഗായത്രിയുടെ വീട്ടുവിശേഷങ്ങൾ; വിഡിയോ

ഞാൻ ജനിച്ചു വളർന്നത് ചേർത്തലയാണ്. അറയും പുരയുമൊക്കെയുള്ള ഒരു തറവാട് വീടായിരുന്നു അച്ഛന്റേത്. അമ്മയുടെ തറവാടായ അറയ്ക്കലിനെക്കുറിച്ചാണ് കൂടുതൽ ഓർമകളും. കുട്ടിക്കാലം കൂടുതലും ചെലവഴിച്ചത് അവിടെയാണ്. 500 വർഷത്തിനുമേൽ പ്രായമുണ്ടായിരുന്നു ആ തറവാടിന്. 1865 ലാണ് ഓട് പാകിയത്. കപ്പൽമാർഗം കൊച്ചിയിൽ കൊണ്ടുവന്ന ഓട് വള്ളത്തിൽ കയറ്റിയാണ് ചേർത്തലയിൽ എത്തിച്ചതത്രെ. 

ഞങ്ങൾ വീട്ടിലെ നീളൻ വരാന്തയിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു. അത്രയും വിശാലമായിരുന്നു മുറ്റവും അകത്തളങ്ങളും. മഴ പെയ്യുമ്പോൾ നടുമുറ്റത്തിനു സമീപമിരുന്നു മഴ ആസ്വദിക്കുക, മഴ നനയുക, കളിവള്ളം ഉണ്ടാക്കി കളിക്കുക...ഇതൊക്കെ ഇപ്പോഴും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഓർമകളാണ്.

'കാട്ടുകുതിര' എന്ന സിനിമയിൽ വിനീതേട്ടന്റെ തറവാടായി കാണിക്കുന്നത് ഞങ്ങളുടെ വീടായിരുന്നു. കാലപ്പഴക്കം കാരണം വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചപ്പോൾ ആശാരിമാരെ വിളിച്ചുവരുത്തി. എന്നാൽ അവർക്കുപോലും തടിയുടെ കൂട്ട് കൃത്യമായി മനസ്സിലായില്ല. ആ വീട് പൊളിച്ചുകളയേണ്ടിവന്നത് ഇന്നും മനസ്സിനൊരു നൊമ്പരമായി നിൽക്കുന്നു.

ചങ്ങനാശേരി അസംപ്‌ഷൻ കോളജിലാണ് ഡിഗ്രിക്ക് പഠിച്ചത്. വീട്ടിൽനിന്നു ആദ്യമായി വിട്ടുനിൽക്കുന്ന ത്രില്ലിലാണ് ഹോസ്റ്റലിലേക്ക് ചേക്കേറിയത്. നമ്മുടെ വീട് തരുന്ന സുഖവും സന്തോഷവുമൊന്നും മറ്റൊരിടത്തുനിന്നും ലഭിക്കില്ലെന്ന് താമസിയാതെ മനസ്സിലായി.

ഭർത്താവിന്റെ വീടും ചേർത്തലയിലുള്ള മാടയ്ക്കലാണ്. മച്ചും അറപ്പുരയുമൊക്കെയുള്ള വീടായിരുന്നു. കാലപ്പഴക്കത്തിന്റേതായ പരിമിതികൾ ഉണ്ടായപ്പോഴാണ് വീട് ഞങ്ങൾ പുതുക്കിപ്പണിതത്. ആദ്യം ഒന്നോ രണ്ടോ മുറികൾ മാത്രം പണിയാൻ ആയിരുന്നു പ്ലാൻ. പക്ഷേ പിന്നീട് പണിതുവന്നപ്പോൾ മൊത്തത്തിൽ ഒരു മിനുക്കുപണിയിലെത്തി. വീടിന്റെ പഴമയും പരമ്പരാഗത ഭംഗിയും നിലനിർത്തിക്കൊണ്ടുള്ള പുതുക്കിപ്പണിയാണ് ഞങ്ങൾ നടത്തിയത്. ഭർത്താവ് അരുണിന് ടൈൽസിന്റെ ബിസിനസാണ്. അതുകൊണ്ടുതന്നെ ഇന്റീരിയറിലെ കാര്യത്തിൽ അത്യാവശ്യം ധാരണകൾ ഒക്കെയുണ്ടായിരുന്നു. 

എനിക്കും അരുണിനും വീട്ടിൽ നിറയെ പച്ചപ്പ് വേണം എന്നുണ്ടായിരുന്നു. മരങ്ങൾ ഒന്നും വെട്ടാതെയാണ് മുറ്റം ഒരുക്കിയത്. പൂമുഖത്തിനു മുൻപിൽ ചെറിയൊരു പച്ചത്തുരുത്തും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. ഞങ്ങളുടെ പറമ്പിൽ ഒരു ചെറിയ കുളമുണ്ട്. നഗരത്തിൽ താമസിക്കുന്ന സുഹൃത്തുക്കൾ ഇടയ്ക്ക് വീട്ടിൽ ഒത്തുകൂടാറുണ്ട്. അപ്പോൾ അവരുടെ ഫേവറിറ്റ് സ്ഥലം കുളമാണ്. ചൂണ്ടയിട്ട് മീനൊക്കെ പിടിച്ച് ലൈവായി പൊരിച്ച് കഴിക്കുന്നതൊക്കെ സന്തോഷമുള്ള കാര്യമാണ്.

മാസത്തിൽ പകുതി ദിവസവും ഷൂട്ടിങ്ങിനായി വീട്ടിൽനിന്നു മാറിനിൽക്കേണ്ടി വരാറുണ്ട്. മകൾ കല്യാണി സീരിയൽ കണ്ടിട്ട് ഇടയ്ക്ക് കമന്റൊക്കെ പാസ്സാക്കും. ഞാൻ കരയുന്ന സീനാണെങ്കിൽ അവൾക്കും സങ്കടമാകും. പാചകം താൽപര്യമുള്ള കൂട്ടത്തിലാണ് ഞാൻ. അതിനാൽ വീട്ടിലേക്ക് വാങ്ങുന്നത് കൂടുതലും ക്രോക്കറി സാധനങ്ങളാണ്. പാചകവും വീട്ടിലെ പണികളുമെല്ലാം തന്നെ ചെയ്യാനാണ് ഇഷ്ടം. പാചകത്തിനു പുറമെ അല്പം പച്ചക്കറിക്കൃഷിയുമുണ്ട്. വീട്ടിൽ മൂന്ന് പശുക്കളുണ്ട്. മകളുടെ ഏറ്റവും അടുത്ത കൂട്ടുകാർ അവരാണ്. ശുദ്ധമായ പാലും പച്ചക്കറിയുമൊക്കെ വീട്ടിൽ നിന്നുതന്നെ ലഭിക്കും. ലോകത്ത് എവിടെപ്പോയാലും നാട്ടിൽ ചെലവഴിക്കുന്നതിന്റെ സുഖവും സന്തോഷവും ലഭിക്കില്ല. എന്തുകൊണ്ടും സ്വർഗമാണ് നാടും വീടും.

ഗായത്രി അരുണിന്റെ വീടിന്റെ കൂടുതൽ കാഴ്ചകൾ സെപ്റ്റംബർ ലക്കം സ്വപ്നവീടിൽ കാണാം. കാത്തിരിക്കുക....