Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാഗതം ഗായത്രിയുടെ വീട്ടിലേക്ക്! വിഡിയോ

ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് മാടയ്ക്കലാണ് ഗായത്രിയുടെയും ഭർത്താവ് അരുണിന്റെയും കുടുംബത്തിന്റെയും വീട്. പ്രധാന റോഡിൽ നിന്നും ചെറിയ ഊടുവഴികൾ കടന്നാണ് വീട്ടിലേക്കെത്തുന്നത്. ഗെയ്റ്റ് തുറക്കുമ്പോൾ പച്ചപ്പിനു നടുവിൽ പരമ്പരാഗത ശൈലിയിലുള്ള ഒരു വീട്. 

gayathri-home

പറഞ്ഞതിലും നേരത്തെ വീട്ടിൽ എത്തിയതുകൊണ്ട് ഗായത്രി ഒരുങ്ങി വരുമ്പോഴേക്കും വീടും പറമ്പും ഷൂട്ട് ചെയ്യാനിറങ്ങി. ഒപ്പം ഗായത്രിയുടെ മകൾ കല്യാണിയും കൂടി.

80 സെന്റ് പ്ലോട്ടിൽ മരങ്ങൾ തണൽവിരിക്കുന്ന മുറ്റം കടന്നാണ് പൂമുഖത്തേക്കെത്തുന്നത്. സ്ലോപ്പ് റൂഫിന് മുകളിൽ മേച്ചിൽ ഓടുകൾ വിരിച്ചതോടെ വീടിനു ഒരു പരമ്പരാഗത ഭംഗി കൈവന്നിരിക്കുന്നു. വീടിനു വശത്തായി കാർ പോർച്ച് മാറ്റിനൽകി. ഇതും വീടിന്റെ അതേ ശൈലിയിലാണ് ഒരുക്കിയത്. പുറത്തെ പച്ചപ്പ് ആസ്വദിക്കാൻ പാകത്തിലാണ് പൂമുഖം ഒരുക്കിയത്. 

gayathri-house-well

വൈകാതെ തന്നെ ഗായത്രി സ്വീകരിക്കാൻ എത്തി. പിന്നെ ഓരോ ഇടങ്ങളും പരിചയപ്പെടുത്താൻ മുൻപിൽനിന്നു. ഗായത്രി, ഭർത്താവ് അരുൺ, മകൾ കല്യാണി, അരുണിന്റെ മാതാപിതാക്കൾ എന്നിവരാണ് ഇവിടെയുള്ളത്. 

gayathri-family

"കാലപ്പഴക്കത്തിന്റേതായ പരിമിതികൾ ഉണ്ടായപ്പോഴാണ് വീട് ഞങ്ങൾ പുതുക്കിപ്പണിതത്. ആദ്യം ഒന്നോ രണ്ടോ മുറികൾ മാത്രം പണിയാൻ ആയിരുന്നു പ്ലാൻ. പക്ഷേ പിന്നീട് പണിതുവന്നപ്പോൾ മൊത്തത്തിൽ ഒരു മിനുക്കുപണിയിലെത്തി. വീടിന്റെ പഴമയും പരമ്പരാഗത ഭംഗിയും നിലനിർത്തിക്കൊണ്ടുള്ള പുതുക്കിപ്പണിയാണ് ഞങ്ങൾ നടത്തിയത്. ആവിഷ്‌കാർ ആർക്കിടെക്ട്സാണ് വീട് നിർമിച്ചു നൽകിയത്".

പ്രധാന വാതിൽ തുറന്നു അകത്തേക്ക് കയറിയാൽ ആദ്യം കാഴ്ച പതിയുന്നത് ഷെൽഫിലേക്കാണ്. ഇത് ഒരു പാർടീഷന്റെ ധർമം കൂടി നിറവേറ്റുന്നുണ്ട്. ഗായത്രിക്ക് കിട്ടിയ അവാർഡുകൾ ഏറെ സ്നേഹത്തോടെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

gayathri-dining

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ലളിതമായ ഊണുമേശ. പ്രകാശത്തെ അകത്തേക്ക് ആനയിക്കാനായി സീലിങ്ങിൽ പർഗോള സ്‌കൈലൈറ്റ് നൽകിയിരിക്കുന്നു. ഹാളിന്റെ ഇരുവശത്തായി വാഷ് ഏരിയയും ക്രോക്കറി ഷെൽഫും സജ്ജീകരിച്ചു. തടിയും സ്റ്റീലും കൊണ്ടാണ് ഗോവണിയുടെ ഡിസൈൻ. ഗോവണിയുടെ താഴെ ഒരു റീഡിങ് സ്‌പേസ് ആക്കി മാറ്റി. ഇവിടെ കാവിനിറത്തിലുള്ള ടൈലുകൾ വിരിച്ചു. ഒരു ഇൻഡോർ പ്ലാന്റും കഥകളിയുടെ ചിത്രവും നൽകിയതോടെ ഇടം കൂടുതൽ മനോഹരമായി.

gayathri-home-stair

ഗോവണി കയറി ചെല്ലുന്നത് ഒരു മിനി ലിവിങ് ഏരിയയിലേക്കാണ്. റോളർ ബ്ലൈൻഡുകൾ വീടിനുള്ളിലെ ജാലകങ്ങൾക്ക് ഭംഗി നൽകുന്നു. മുകൾനിലയിൽ ഒരു കിടപ്പുമുറി ഒരുക്കി. ടെറസ് ഏരിയ ട്രസ് വർക്ക് ചെയ്ത് യൂട്ടിലിറ്റി സ്‌പേസ് ആക്കി മാറ്റി. ടെറസിൽ ചെറിയൊരു ഗാർഡനും നൽകിയിട്ടുണ്ട്. 

gayathri-in-terrace-garden

താഴെ മൂന്ന് കിടപ്പുമുറികളാണ്. മകൾ കല്യാണി വരച്ച ചിത്രങ്ങളാണ് വീടിന്റെ അകത്തളങ്ങളിലെ ഒരാകർഷണം. കിഡ്സ് റൂമിലും ഗോവണിയുടെ വശങ്ങളിലെ ഭിത്തികളിലും കല്യാണി വരച്ച ചിത്രങ്ങൾ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. കിഡ്സ് റൂമിന്റെ ഒരു ഭിത്തി റെഡ് തീമിൽ ഹൈലൈറ്റ് ചെയ്തു. സ്റ്റഡി ടേബിളും മുറിയിൽ ഒരുക്കി.

gayathri-kid

"സീരിയലിൽ അഭിനയിക്കുമ്പോഴും ഫങ്ഷനുകൾക്ക് പോകുമ്പോഴുമൊക്കെ ധാരാളം കോസ്റ്റ്യൂമുകൾ ഉപയോഗിക്കാറുണ്ട്. അതെല്ലാം സൂക്ഷിക്കാൻ ഒരു വാഡ്രോബ് വേണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് മുറിയിൽ സീലിങ് ടു ഫ്ലോർ വാഡ്രോബുകൾ ഒരുക്കിയത്". ഗായത്രി പറയുന്നു. 

gayathri-kalyani

അടുക്കളയും വർക് ഏരിയയും ഒറ്റ ഹാളായി ക്രമീകരിച്ചു. സ്‌റ്റോറേജിനായി ധാരാളം കബോർഡുകൾ നൽകിയിട്ടുണ്ട്.

"പാചകം താൽപര്യമുള്ള കൂട്ടത്തിലാണ് ഞാൻ. അതിനാൽ വീട്ടിലേക്ക് വാങ്ങുന്നത് കൂടുതലും ക്രോക്കറി സാധനങ്ങളാണ്. പൂമുഖത്തിനു മുൻപിൽ ചെറിയൊരു പച്ചത്തുരുത്തും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. ഞങ്ങളുടെ പറമ്പിൽ ഒരു ചെറിയ കുളമുണ്ട്. നഗരത്തിൽ താമസിക്കുന്ന സുഹൃത്തുക്കൾ ഇടയ്ക്ക് വീട്ടിൽ ഒത്തുകൂടാറുണ്ട്. അപ്പോൾ അവരുടെ ഫേവറിറ്റ് സ്ഥലം കുളമാണ്. ചൂണ്ടയിട്ട് മീനൊക്കെ പിടിച്ച് ലൈവായി പൊരിച്ച് കഴിക്കുന്നതൊക്കെ സന്തോഷമുള്ള കാര്യമാണ്".

gayathri-daughter

വീട്ടിൽ മൂന്ന് പശുക്കളുണ്ട്. മകളുടെ ഏറ്റവും അടുത്ത കൂട്ടുകാർ അവരാണ്. അല്പം പച്ചക്കറിക്കൃഷിയുമുണ്ട്. ശുദ്ധമായ പാലും പച്ചക്കറിയുമൊക്കെ വീട്ടിൽ നിന്നുതന്നെ ലഭിക്കും. അതുകൊണ്ടുതന്നെ ഷൂട്ടിന് പോകുന്ന ദിവസങ്ങളിൽ ഏറ്റവും മിസ് ചെയ്യുന്നതും വീടും അതിന്റെ സന്തോഷങ്ങളുമാണ്. ഗായത്രി പറഞ്ഞു നിർത്തി. 

ഒരു സെലിബ്രിറ്റി വീടിന്റെ താരജാഡകളുമില്ലാതെ ലളിതമായ വീട്. ഷൂട്ട് കഴിഞ്ഞു മടങ്ങുമ്പോഴും വീടിന്റെ കാഴ്ചകൾ മനസ്സിൽ മായാതെ നിൽപ്പുണ്ടായിരുന്നു.

Project Facts

Location- Cherthala, Alappuzha

Designers- Athira, Subi

Aavishkar Architects, Kadavanthra, Kochi

Mob- 9995045579  8129043076

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.