Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇത്തരമൊരു ദുരനുഭവം ആദ്യം': സലിംകുമാർ

salim-kumar-home പ്രളയത്തെ അതിജീവിച്ച അനുഭവങ്ങൾ സലിം കുമാർ പങ്കുവയ്ക്കുന്നു.

അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ നടൻ സലിംകുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നു. മൂന്നുദിവസമാണ് പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള ലാഫിങ് വില്ല എന്ന വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിയത്.

ആ ദിവസത്തെ അനുഭവങ്ങൾ സലിം കുമാർ പങ്കുവയ്ക്കുന്നു.

ഇതിനു മുൻപ് കനത്ത മഴ പെയ്തപ്പോഴും നമ്മുടെ വീടിന്റെ ഭാഗത്തേക്കൊന്നും വെള്ളം കയറിയിരുന്നില്ല. ഇത്തവണത്തെ അപ്രതീക്ഷിതമായി സമീപപ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയപ്പോള്‍ വീട് പൂട്ടി ഇറങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ ആ സമയത്താണ് സമീപപ്രദേശത്തുള്ള വീട് നഷ്ടപ്പെട്ട നാല്‍പ്പത്തിയഞ്ചോളം പേര്‍ അഭയം തേടിയെത്തിയത്. തുടർന്ന് വീട്ടിൽത്തന്നെ തുടരാൻ തീരുമാനിച്ചു. എന്നാൽ ഒറ്റദിവസം കൊണ്ട് വീടിനു മുന്നിലെ റോഡ് പുഴ പോലെയായി. കനത്ത ഒഴുക്ക് കാരണം നീന്തിപ്പോകാൻ പോലും കഴിയാത്ത അവസ്ഥ. ഉച്ചയോടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. ഇതോടെ ടെറസിലേക്ക് കയറേണ്ടി വന്നു. ഇവിടെയും കൂടി വെള്ളമെത്തിയാൽ പിന്നെ ചെറിയ ടെറസിൽ കയറേണ്ടി വരും. കൂട്ടത്തിൽ പ്രായമായവർ ഉള്ളതിനാൽ ഇവരെ മുകളിൽ കയറ്റാൻ ബുദ്ധിമുട്ടാണ്. മരണത്തെ നേരിട്ട് കണ്ട മണിക്കൂറുകൾ.

മൂന്നുദിവസമായി വൈദ്യുതിയില്ലാതിരുന്നത്കൊണ്ട് ഫോൺ ചാർജില്ലാതെ ഓഫുമായി. വെള്ളം പിന്നെയും ഉയരുന്നതുകണ്ടതോടെ മുകൾനിലയിൽ കൂട്ടക്കരച്ചിലായി. അതുകേട്ടാണ് അതുവഴി പോയ സുനിലും സംഘവും ഇരുനില വീട് ശ്രദ്ധിച്ചത്. രണ്ടാം നിലയിൽ കയറി കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് എന്റെ വീടാണെന്ന് അവർക്ക് മനസ്സിലായത്. 

sunil-salim സുനിലിന്റെ വീട്ടിൽ എത്തി നടൻ സലിംകുമാർ അഭിനന്ദനം അറിയിക്കുന്നു. സുനിലിന്റെ ഭാര്യ സുലഭ സമീപം..

വീടിന് സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊടുക്കാന്‍ അരിയും സാധനങ്ങളും വാങ്ങിവച്ചിരുന്നു. ഇതാണ് വെള്ളത്തില്‍ കുടുങ്ങിയ ദിവസങ്ങളില്‍ ഉപകാരപ്പെട്ടത്. ഇത്രയും ആളുകള്‍ക്ക് മൂന്ന് ദിവസം മൂന്ന് നേരം കഴിക്കാനുള്ള ഭക്ഷണം വീട്ടിലുണ്ടായിരുന്നു. അതേസമയം കുടിവെള്ളത്തിന് ക്ഷാമമുണ്ടായിരുന്നു. മഴവെളളം ശേഖരിച്ച് കുടിക്കുകയായിരുന്നു.

എന്റെ ഏറ്റവും വലിയ സങ്കടം വീടിന്റെ പിന്നിലായി ചെയ്തിരുന്ന മത്സ്യകൃഷി നശിച്ചു പോയതാണ്. ഒൻപതു കൊല്ലമായി വളർത്തുന്ന മീനുകളായിരുന്നു. ഇതുവരെ വിപണത്തിന് കൊടുത്തിരുന്നില്ല. ഈ ഓണത്തിന് കൊടുക്കാനിരുന്നതായിരുന്നു. ഇരിങ്ങാലക്കുടയിലും പൊക്കാളിപ്പാടത്തും മൽസ്യകൃഷി ഉണ്ടായിരുന്നു. അതും നശിച്ചു.  

താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ഫർണിച്ചറുകളും പുസ്തകങ്ങളും അവാർഡുകളും അടക്കം എല്ലാം വെള്ളം കയറി നശിച്ചു. ലാൻഡ്സ്കേപ്പിങ് എല്ലാം ചെളി കയറി നശിച്ചു. കിണർ ചെളിവെള്ളം കയറി മലിനമായി. വാഹനങ്ങൾ വെള്ളം കയറി ഉപയോഗശൂന്യമായി. ഇപ്പോൾ ക്ളീനിങ് നടന്നു വരുന്നു.

salim-kumar-salimkumar

മറ്റുള്ളവരുടെ ദുരനുഭവം താരതമ്യം ചെയ്യുമ്പോൾ എന്റെ നഷ്ടങ്ങൾ ഒന്നുമല്ല എന്നെനിക്കറിയാം. ആദ്യദിനങ്ങളിൽ പറവൂരുള്ള പല ദുരിതാശ്വാസ ക്യാംപുകളിലെയും അവസ്ഥ ദയനീയമായിരുന്നു. തിരിച്ചു പോകാൻ വീട് പോലും ഇല്ലാത്തവരുണ്ട്. ഒരായുസ്സിന്റെ സമ്പാദ്യം മുഴുവനും നഷ്ടമായവരുണ്ട്. അവർക്കെല്ലാവർക്കും അർഹമായ സഹായം സർക്കാർ ചെയ്തു കൊടുക്കണമെന്നാണ് എന്റെ അഭ്യർഥന. നമുക്ക് ഒത്തൊരുമിച്ച് ഈ ദുരിതത്തിൽ നിന്നും കേരളത്തെ വീണ്ടെടുക്കാം.