പുതിയ വീട്ടിൽ ഒരുമാസം, പിന്നാലെ പ്രളയം; തട്ടീം മുട്ടീം സംവിധായകന്റെ ദുരനുഭവം

മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയുടെ സംവിധായകൻ ഗോപാലൻ മനോജും കുടുംബവും പ്രളയത്തിൽ കുടുങ്ങിപ്പോയിരുന്നു. മനോജ് പ്രളയാനുഭവങ്ങൾ വിവരിക്കുന്നു.

എറണാകുളം ജില്ലയിലെ കടുങ്ങലൂരാണ് എന്റെ വീട്. പുതിയ വീട് വച്ച് കേറി താമസിക്കാൻ തുടങ്ങിയിട്ട് ഒരു മാസം ആകുന്നതേ ഉള്ളൂ. ഭാര്യയും മകളും മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. 

കടുങ്ങല്ലൂർ തന്നെയാണ് വർഷങ്ങളായി ഞാൻ വാടകയ്ക്ക് താമസിച്ചിരുന്നത്. 2013 ൽ ഇടമലയാർ അണക്കെട്ട് തുറന്നപ്പോൾ പോലും പ്രളയം ഇവിടെ അധികം ബാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണത്തെ പ്രളയം എല്ലാ പ്രതീക്ഷകളും തെറ്റിച്ചു.

ഓഗസ്റ്റ് 15 ന് കനത്ത മഴയെ തുടർന്ന് വൈകിട്ട് റോഡിലൊക്കെ വെള്ളം കയറി തുടങ്ങി. അപ്പോഴും വീട്ടിലേക്ക് എത്തില്ല എന്ന പ്രതീക്ഷയായിരുന്നു. 16 രാവിലെ ആയപ്പോഴേക്കും സ്ഥിതി വഷളായി തുടങ്ങി. അപ്പോഴും വെള്ളം ഉടൻ ഇറങ്ങും, അതുവരെ മുകൾനിലയിൽ കൂടാം എന്ന ചിന്തയായിരുന്നു. പന്ത്രണ്ടു വയസുള്ള മകളാണ് വീട് വിട്ടു പോകാൻ നിർബന്ധിച്ചത്. അത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.

പെട്ടെന്ന് വെള്ളം കയറിയതുകൊണ്ട് താഴത്തെ നിലയിലുള്ള സാമഗ്രികൾ ഒന്നും മുകളിലേക്ക് മാറ്റാൻ കഴിഞ്ഞില്ല. വീടിനു മുന്നിലെ റോഡിലേക്കിറങ്ങിയപ്പോൾ അരയറ്റം വെള്ളം. കുറച്ചു നടന്നപ്പോൾ ആഴവും ഒഴുക്കും കൂടിവന്നു. നടുക്കടലിൽ അകപ്പെട്ട പ്രതീതി. നാലു വയസ്സുള്ള മകനെ തോളത്തിരുത്തി രണ്ടര കിലോമീറ്റർ കഴുത്തറ്റം വെള്ളത്തിലൂടെ നടന്നാണ് രക്ഷാപ്രവർത്തകരുടെ അടുത്തെത്തിയത്. അവിടെ നിന്നും ബോട്ടിൽ പ്രധാന റോഡിലെത്തി വലിയ ലോറിയിൽ കയറി അങ്കമാലിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തുകയായിരുന്നു.

നാലു ദിവസം കഴിഞ്ഞു വെള്ളം ഇറങ്ങിയപ്പോൾ തിരികെ വീട്ടിലേക്ക് പോയി. പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറും വെള്ളം കയറി നശിച്ചു. വാതിൽ തുറന്നകത്ത് കയറിയപ്പോൾ രണ്ടു പാളികളായി ചെളിയടിഞ്ഞിരിക്കുന്നു, ഒപ്പം രൂക്ഷമായ ദുർഗന്ധവും. ഫർണിച്ചർ മുഴുവൻ വെള്ളം കയറി നശിച്ചു. ലഭിച്ച കുറച്ച് അവാർഡുകളും നഷ്ടമായി. ഫ്രിഡ്ജ്, ടിവി അടക്കം ഉപയോഗശൂന്യമായി, കിണർ മലിനമായി... കഴിഞ്ഞ മൂന്നുദിവസമായി വൃത്തിയാക്കൽ നടക്കുകയായിരുന്നു. ഇന്നലെയാണ് തിരിച്ച് വീട്ടിലേക്ക് താമസം മാറിയത്. സമീപവീടുകളൊന്നും ഇപ്പോഴും താമസയോഗ്യമായിട്ടില്ല.

ഡാമുകൾ തുറന്നു വിട്ടപ്പോഴും ഞങ്ങളുടെ പ്രദേശങ്ങളിൽ ഒന്നും ഒരു മുന്നറിയിപ്പ് പോലും നൽകിയിരുന്നില്ല. ഒരു രാത്രി കൊണ്ടാണ് പലരുടെയും സ്വപ്നങ്ങൾ ഒലിച്ചുപോയത്. സർക്കാർ അർഹമായ നഷ്ടപരിഹാരം അവർക്ക് നൽകണം എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്.